ADVERTISEMENT

മുംബൈ∙ പേസർ ജസ്പ്രീത് ബുമ്ര ടീമിലുണ്ടായിട്ടും ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആരെന്നു പറയാതെ ബിസിസിഐ. കഴിഞ്ഞ ദിവസം ആദ്യ ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ രോഹിത് ശർമയുടെ പേരിനു നേരെ ക്യാപ്റ്റന്‍ എന്നു രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാൽ വൈസ് ക്യാപ്റ്റൻ ആരെന്നു ബിസിസിഐ വ്യക്തമാക്കിയിരുന്നില്ല. രണ്ടു മത്സരങ്ങളുള്ള പരമ്പരയിൽ ബുമ്ര കളിച്ചേക്കില്ലെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ട്. എന്നാല്‍ ‘വിശ്രമം’ അനുവദിക്കാതിരുന്നതോടെ മുംബൈ പേസർ ടീമില്‍ മടങ്ങിയെത്തി.

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ബുമ്രയായിരുന്നു ടീമിന്റെ വൈസ് ക്യാപ്റ്റൻ. അടുത്ത പരമ്പരയിലും ബുമ്ര ടീമിനൊപ്പം ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് വൈസ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കുമൊപ്പം ടെസ്റ്റ് ടീമിലുള്ള സീനിയർ താരമാണ് ബുമ്ര. എന്നിട്ടും താരത്തെ വൈസ് ക്യാപ്റ്റനായി പരിഗണിച്ചില്ല. വിക്കറ്റ് കീപ്പർ‍ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവരെയും ആവശ്യമെങ്കിൽ വൈസ് ക്യാപ്റ്റന്റെ ചുമതല ഏൽപിക്കാമായിരുന്നു.

ബംഗ്ലദേശിനെതിരായ 16 അംഗ ടീമില്‍ എന്തുകൊണ്ട് വൈസ് ക്യാപ്റ്റനില്ല എന്ന് ബിസിസിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരിശീലകൻ ഗൗതം ഗംഭീർ ഇതു സംബന്ധിച്ച് പ്രതികരിക്കുമെന്നാണു കരുതുന്നത്. ബുമ്രയുടെ പരുക്കായിരിക്കാം ക്യാപ്റ്റൻ സ്ഥാനം നൽകാതിരിക്കാൻ കാരണമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ബുമ്രയെ ഭാവി ക്യാപ്റ്റനായി വളർത്തിക്കൊണ്ടുവരാൻ ടീം മാനേജ്മെന്റിനു താല്‍‍പര്യമില്ലെന്നാണു വിവരം. ബുമ്രയുടെ ജോലി ഭാരം കുറയ്ക്കുന്നതിനും ഇത് ഉപകരിക്കും. ഗൗതം ഗംഭീർ പരിശീലകനായതിനു പിന്നാലെ ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റൻസിയിൽ വൻമാറ്റമാണു നടപ്പാക്കിയത്.

ട്വന്റി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ കൊണ്ടുവന്നതും, വൈറ്റ് ബോൾ ക്രിക്കറ്റിൽ വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിനെ നിയോഗിച്ചതും ഗൗതം ഗംഭീറിന്റെ തീരുമാനമായിരുന്നു. ഇതേ പാത ടെസ്റ്റ് ക്രിക്കറ്റിലും ബിസിസിഐയും ഗംഭീറും പിന്തുടരുമോയെന്നാണ് ഇനി അറിയേണ്ടത്. സെപ്റ്റംബര്‍ 19ന് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ– ബംഗ്ലദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. 27ന് കാൻപുരിലെ ഗ്രീൻപാർക് സ്റ്റേഡിയത്തിലാണു രണ്ടാം മത്സരം.

English Summary:

Why Jasprit Bumrah is no longer team India's test vice captain?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com