ADVERTISEMENT

തിരുവനന്തപുരം∙ ‘കെസിഎലിൽ തകർപ്പൻ പ്രകടനവുമായി കളം നിറയുകയാണ്. ഐപിഎൽ മെഗാ താരലേലം നടക്കാനിരിക്കെ പ്രതീക്ഷകൾ വാനോളമുണ്ടോ?’ – ചോദ്യം കേരള ക്രിക്കറ്റ് താരം സച്ചിൻ ബേബിയോടായിരുന്നു. കഴിഞ്ഞ ദിവസം ആലപ്പി റിപ്പിൾസിനെതിരെ അർധസെഞ്ചറിയുമായി ടീമിന്റെ വിജയശിൽപിയായതിനു പിന്നാലെയാണ് ടീം താമസിക്കുന്ന ഹോട്ടലിൽ സച്ചിൻ ബേബിയെ കണ്ടത്. അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ ആലപ്പി റിപ്പിൾസിനെ തോൽപ്പിച്ചതിന്റെ ആവേശക്കൊടുമുടിയിൽ നിൽക്കെ, കോൺഫറൻസ് ഹാളിൽ ടീം മെന്റർ എസ്.ശ്രീശാന്ത് കൂടി പങ്കെടുത്ത ടീം മീറ്റിങ്ങിനു ശേഷം കൂടിക്കാഴ്ചയ്‌ക്കെത്തിയ സച്ചിന്റെ മറുപടി വളരെ ശാന്തമായിരുന്നു:

‘അങ്ങനെയെങ്കിൽ ഈ വർഷം ദുലീപ് ട്രോഫി കളിക്കേണ്ടയാളല്ലേ ഞാൻ? ടീമിൽ ഇടം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ആഭ്യന്തര സീസണിൽ രഞ്ജി ട്രോഫിയിൽ കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ്. എന്നിട്ടും ടീമിൽ ഇടം ലഭിച്ചില്ല. നമ്മുടെ നിയന്ത്രണത്തിൽ നിൽക്കുന്ന കാര്യങ്ങളിൽ മാത്രം തല പുകച്ചാൽ മതിയെന്ന ചിന്താഗതിക്കാരനാണ് ഞാൻ. ബാക്കിയെല്ലാം സ്വാഭാവികമായി സംഭവിക്കും. ഈ പറഞ്ഞ കാര്യങ്ങളൊന്നും നമ്മുടെ നിയന്ത്രണത്തിൽ നിൽക്കുന്നതല്ല. റൺസ് നേടുന്നത് തുടരുക എന്നതാണ് എന്റെ മന്ത്രം. എനിക്കുള്ളതെല്ലാം അവിടെത്തന്നെ ഉണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.’

കെസിഎലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറിയുമായി ടീമിനെ മുന്നിൽനിന്ന് നയിച്ച് വിജയത്തിലെത്തിച്ചതിന്റെ വിയർപ്പു പോലും പൂർണമായും മാറും മുൻപായിരുന്നു സച്ചിന്റെ പ്രതികരണം. കെസിഎൽ പ്രഥമ സീസണിൽ നായകനെന്ന നിലയിലും അസാധ്യ പ്രകടനമാണ് സച്ചിന്റേത്. ലീഗിൽ ഇതുവരെ കളിച്ച ഏഴു മത്സരങ്ങളിൽ ആറിലും ജയിച്ച ടീമാണ് സച്ചിൻ നയിക്കുന്ന കൊല്ലം സെയ്‌ലേഴ്സ്. ലീഗിൽ സെമിയുറപ്പിച്ച് മുന്നേറുന്ന ടീം. പ്രിയതാരം സഞ്ജു സാംസണിനായി ശബ്ദമുയർത്തുന്നതിനൊപ്പം, കുറഞ്ഞപക്ഷം കേരളത്തിലെ ക്രിക്കറ്റ് ആരാധകരെങ്കിലും കാണാതെ പോകാൻ പാടില്ലാത്തതാണ് സച്ചിനേപ്പോലുള്ള താരങ്ങളുടെ അധ്വാനമെന്ന വാദത്തിന് കണക്കുകളാണ് ബലം.

∙ പൊള്ളയല്ല, സച്ചിന്റെ വാക്കുകൾ

ദുലീപ് ട്രോഫി ടീമിൽ ഇടം പ്രതീക്ഷിച്ചിരുന്നുവെന്ന മുപ്പത്തഞ്ചുകാരനായ സച്ചിന്റെ വാക്കുകൾ വെറും വാക്കല്ലെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ദുലീപ് ട്രോഫിയിലൂടെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം എന്ന ഏതൊരു താരത്തിന്റെയും സ്വപ്നത്തിലേക്കുള്ള ചവിട്ടുപടിയാണ് ആഭ്യന്തര ക്രിക്കറ്റിലെ പ്രധാന ടൂർണമെന്റായ രഞ്ജി ട്രോഫിയെങ്കിൽ, ഈ സീസണിൽ ദുലീപ് ട്രോഫി ടീമിൽ ഉൾപ്പെടേണ്ട പ്രധാനിയായിരുന്നു സച്ചിൻ ബേബി. വെറുതെ പറയുന്നതല്ല, കണക്കുകളാണ് സാക്ഷി.

sachin-babi-info

കഴിഞ്ഞ രഞ്ജി സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ രണ്ടാമനായിരുന്നു സച്ചിൻ. ഏഴു മത്സരങ്ങളിൽനിന്ന് 83.00 റൺസ് ശരാശരിയിൽ 830 റൺസാണ് സച്ചൻ നേടിയത്. ഇതിൽ നാലു സെഞ്ചറികളും നാല് അർധസഞ്ചറികളും ഉൾപ്പെടുന്നു. എട്ടു മത്സരങ്ങളിൽനിന്ന് 75.16 ശരാശരിയിൽ 902 റൺസ് നേടിയ ആന്ധ്രയുടെ റിക്കി ഭുയിയാണ് ഒന്നാമൻ.

sachin-baby-kollam-sailors-1
ഏരീസ് ഗ്രൂപ്പ് ചെയർമാനും ടീം ഉടമയുമായ സോഹൻ റോയി, ടീം സിഇഒ പ്രഭിരാജ്, മെന്റർ എസ്.ശ്രീശാന്ത്, പരിശീലകൻ വി.എ. ജഗദീഷ് തുടങ്ങിയവർക്കൊപ്പം സച്ചിൻ ബേബി

റൺവേട്ടയിൽ രണ്ടാമനെങ്കിലും കുറഞ്ഞത് അഞ്ച് മത്സരങ്ങളെങ്കിലും കളിച്ച താരങ്ങളിൽ ഏറ്റവും മികച്ച ശരാശരി സച്ചിനാണ് (83.00). നാലു സെഞ്ചറി നേടിയ താരങ്ങൾ വേറെ രണ്ടു പേർ കൂടിയുണ്ടെങ്കിലും അവർക്കാർക്കും സച്ചിനേപ്പോലെ നാല് അർധസെഞ്ചറികൾ കൂടി നേടാനായില്ല. ഒരു മത്സരം കൂടുതൽ കളിച്ച സാക്ഷാൽ ചേതേശ്വർ പൂജാര പോലും റൺവേട്ടയിൽ സച്ചിനു പിന്നിലാണ്. എട്ടു മത്സരങ്ങളിൽനിന്ന് 829 റൺസുമായി പട്ടികയിൽ മൂന്നാമനാണ് പൂജാര.

∙ ‘കളിച്ചു, സൂപ്പർതാരങ്ങൾക്കൊപ്പം’

സഞ്ജു സാംസൺ കഴിഞ്ഞാൽ ഐപിഎലിൽ കേരളത്തിൽനിന്ന് കൂടുതൽ അവസരങ്ങൾ ലഭിച്ച താരങ്ങളിലൊരാണ് സച്ചിൻ ബേബി. രാജസ്ഥാൻ റോയൽസ്, ആർസിബി ടീമുകൾക്കായി നാലു സീസണുകളിൽ കളത്തിലിറങ്ങിയ താരം ആകെ കളിച്ചത് 19 മത്സരങ്ങൾ. ഇതിൽ രാജസ്ഥാനു വേണ്ടി കളിച്ചത് നാലു മത്സരങ്ങൾ. അതും 2013 സീസണിൽ. പിന്നീട് 2016, 2017, 2021 സീസണുകളിൽ ആർസിബിക്കായി കളിച്ചു.

sachin-baby-va-jagadeesh
പരിശീലകൻ വി.എ. ജഗദീഷ്, സിഇഒ പ്രിഭ്വിരാജ് എന്നിവർക്കൊപ്പം സച്ചിൻ ബേബി

‘‘ഐപിഎലിൽ ഞാൻ കളിച്ച ടീമുകളിലെല്ലാം വൻ താരനിരയുണ്ടായിരുന്നു. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കാര്യമെടുത്താൽ അവിടെ വിരാട് കോലി, എ.ബി. ഡിവില്ലിയേഴ്സ്, ക്രിസ് ഗെയ്ൽ.. ഇവരുടെയെല്ലാം കൂടെ കളിക്കാൻ അവസരം ലഭിച്ചു. രാജസ്ഥാൻ റോയൽസിൽ രാഹുൽ സാർ (രാഹുൽ ദ്രാവിഡ്) ഉണ്ടായിരുന്നു. അജിൻക്യ രഹാനെയുണ്ടായിരുന്നു.

virat-kohli-sachin-baby
വിരാട് കോലിക്കൊപ്പം സച്ചിൻ ബേബി (ഫയൽ ചിത്രം)

‘‘ഇത്തരത്തിലുള്ള കുറച്ചധികം പ്രതിഭാധനരായ കളിക്കാർക്കൊപ്പം കളിക്കാൻ സാധിച്ചു. അവരുടെ തയാറെടുപ്പുകളും രീതികളുമെല്ലാം വളരെ അടുത്തുനിന്ന് കാണാൻ സാധിച്ചു. സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിനൊപ്പം കളിക്കാനുള്ള ഭാഗ്യം ലഭിച്ചു. ഇതെല്ലാം കരിയറിലെ വലിയ നേട്ടങ്ങളായാണ് ഞാൻ കാണുന്നത്.’ – സച്ചിൻ പറയുന്നു.

∙ കെസിഎലിൽ മിന്നും ഫോമിൽ

കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ സീസണിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെ നായകനും ഐക്കൺ താരവുമായ സച്ചിൻ മിന്നുന്ന ഫോമിലാണ്. ‘റണ്‍സ് നേടുന്നത് തുടരുകയാണ് പ്രധാന ലക്ഷ്യമെന്നും ബാക്കി പിന്നാലെ വന്നുകൊള്ളുമെന്നും’ പറഞ്ഞതിന്റെ പിറ്റേന്നാണ് സച്ചിൻ തകർപ്പൻ സെഞ്ചറിയുമായി കെസിഎലിൽ ചരിത്രമെഴുതിയത്. ലീഗിന്റെ ചരിത്രത്തിലെ ആദ്യ സെഞ്ചറി കൂടിയായി ഇത്. കേരളത്തിൽ നിന്നുള്ള മറ്റൊരു ഐപിഎൽ താരമായ ബേസിൽ തമ്പി നയിച്ച കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ 50 പന്തുകൾ നേരിട്ട സച്ചിൻ, അഞ്ച് ഫോറും എട്ട് പടുകൂറ്റൻ സിക്സറുകളും സഹിതം 105 റൺസുമായി പുറത്താകാതെ നിന്നു.

sachin-baby-aries-kollam-sailors-management
സച്ചിൻ ബേബിക്ക് ഏരീസ് ഗ്രൂപ്പ് ചെയർമാനും ടീം ഉടമയുമായ സോഹൻ റോയിയുടെ അഭിനന്ദനം. ടീം സിഇഒ പ്രഭിരാജ്, മെന്റർ എസ്.ശ്രീശാന്ത്, പരിശീലകൻ വി.എ. ജഗദീഷ് എന്നിവർസമീപം

സീസണിൽ ഉജ്വല ഫോമിലുള്ള സച്ചിൻ, തുടർച്ചയായ മൂന്നാം മത്സരത്തിലാണ് 50 കടക്കുന്നത്. എട്ടാം തീയതി ട്രിവാൻഡ്രം റോയൽസിനെതിരെ 30 പന്തിൽ 51 റൺസെടുത്ത സച്ചിൻ, രണ്ടു ദിവസത്തിനു ശേഷം ആലപ്പി റിപ്പിൾസിനെതിരെ 33 പന്തിൽ 56 റൺസെടുത്ത് ഒരിക്കൽക്കൂടി അർധസെഞ്ചറി നേടി. ഇതിനു തൊട്ടുപിന്നാലെയാണ് 50 പന്തിൽ 105 റൺസെടുത്ത് സച്ചിന്റെ റെക്കോർഡ് പ്രകടനം. കേരള ക്രിക്കറ്റ് ലീഗിൽ ആകെ ഏഴു മത്സരങ്ങളിൽനിന്ന് 55.60 ശരാശരിയിൽ 278 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ സച്ചിനാണ് ഒന്നാമൻ. 156.17 സ്ട്രൈക്ക് റേറ്റിലാണ് സച്ചിന്റെ മുന്നേറ്റം. ഇതിൽ കെസിഎലിൽ ഇതുവരെ പിറന്ന ഏക സെഞ്ചറിയും രണ്ട് അർധസെഞ്ചറികളും ഉൾപ്പെടുന്നു.

English Summary:

Everything That's Meant to Be Will Happen": Sachin Baby on His Cricket Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com