ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിയ്ക്കായി സഞ്ജുവും കളത്തിൽ; ഇന്ത്യ എ ആദ്യ ദിനം എട്ടിന് 288 റൺസ്
Mail This Article
ബെംഗളൂരു∙ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യ ഡിയ്ക്കായി ദുലീപ് ട്രോഫിയിൽ ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തിൽ, ഇന്ത്യ എയ്ക്ക് ബാറ്റിങ് തകർച്ച. മത്സരത്തിന്റെ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ 82 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് എന്ന നിലയിലാണ് ഇന്ത്യ എ. കൂട്ടത്തകർച്ചയിൽനിന്ന് ഇന്ത്യ എ കരകയറ്റിയ ഓൾറൗണ്ടർ ഷംസ് മുളാനി 88 റൺസോടെയും ഖലീൽ അഹമ്മദ് 15 റൺസോടെയും ക്രീസിൽ. ഇന്ത്യ എയ്‌ക്കായി തനുഷ് കൊട്ടിയനും അർധസെഞ്ചറി നേടി.
ഇതുവരെ 174 പന്തുകൾ നേരിട്ട ഷംസ് മുളാനി, എട്ടു ഫോറും മൂന്നു സിക്സും സഹിതമാണ് 88 റൺസെടുത്തത്. തനുഷ് 80 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 53 റൺസുമെടുത്തു. റിയാൻ പരാഗ് (29 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 37), കുമാർ കുശാഗ്ര (66 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ക്യാപ്റ്റനും ഓപ്പണറുമായ മയാങ്ക് അഗർവാൾ (14 പന്തിൽ ഏഴ്), പ്രതാം സിങ് (33 പന്തിൽ ഏഴ്), തിലക് വർമ (33 പന്തിൽ 10), ശാശ്വത് റാവത്ത് (19 പന്തിൽ 15) പ്രസിദ്ധ് (34 പന്തിൽ എട്ട്) എന്നിവർ നിരാശപ്പെടുത്തി.
ഇന്ത്യ ഡിയ്ക്കായി ഹർഷിത് റാണ, വിദ്വത് കവേരപ്പ, അർഷ്ദീപ് സിങ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. സാരാൻഷ് ജെയിൻ, സൗരഭ് കുമാർ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.