ഇവിടെ 2 ലോകകപ്പ് ജയിച്ച വേറെയാരുണ്ട്? ഐപിഎലിൽ മെന്ററാകാൻ ആഗ്രഹമില്ല: ബയോപിക് പ്രഖ്യാപനം ഉടനെന്നും ശ്രീ– വിഡിയോ
Mail This Article
തിരുവനന്തപുരം∙ ഐപിഎലിൽ ഒരു ടീമിന്റെയും മെന്ററാകാൻ ആഗ്രഹിക്കുന്നില്ലെന്ന് നിലവിൽ കെസിഎലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെ മെന്ററായ മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. കെസിഎൽ ടീമിന്റെ മെന്ററാണെങ്കിലും ഇതിനെ ഒരു വലിയ യാത്രയുടെ തുടക്കമായി കാണുന്നില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കി. ലെജൻഡ്സ് ലീഗിൽ ഉൾപ്പെടെ ഇപ്പോഴും കളിക്കുന്നുണ്ട്. ഐപിഎൽ, ലോകകപ്പ് സമയങ്ങളിലെല്ലാം സ്റ്റാർ സ്പോർട്സ്, ഹോട്സ്റ്റാർ തുടങ്ങിയവരുമായി കരാറുണ്ട്. തന്റെ ബയോപിക്കുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുകയാണെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.
∙ ‘കെസിഎല്ലുമായി സഹകരണമോ?
കെഎസിഎലുമായി പ്രത്യേകം സഹകരിക്കേണ്ട കാര്യമില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. കേരള ക്രിക്കറ്റിൽത്തന്നെ രണ്ടു ലോകകപ്പുകൾ ജയിച്ച വേറെ ആരുണ്ട്? ഇന്ത്യയിൽത്തന്നെ അങ്ങനെ ഒറ്റ ബോളറേ ഉള്ളൂവെന്നു തോന്നുന്നു. അതുകൊണ്ട് സഹകരിക്കേണ്ട കാര്യമില്ല. സ്വാഭാവികമായി അതിന്റെ ഭാഗമാകാൻ കഴിഞ്ഞു. അതിന് ഏരീസ് കൊല്ലം സെയ്‌ലേഴ്സിനു നന്ദി. ഇതൊരു വലിയ അവസരവും അതേസമയം ഉത്തരവാദിത്തവുമാണ്. യുവതാരങ്ങൾക്ക് കേരള ക്രിക്കറ്റ് ലീഗ് വലിയൊരു അവസരമാണ് തുറക്കുന്നത്.
∙ ‘സിലക്ടർമാർ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്’
സിലക്ടർമാരും വിവിധ ഐപിഎൽ ടീമുകളുടെ സ്കൗട്ടർമാരും കെസിഎൽ കാണാനെത്തുന്നുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു. വിവിധ ഐപിഎൽ ടീമുകളുടെ ആളുകൾ മത്സരങ്ങൾ കാണാനും പുതിയ താരങ്ങളെ കണ്ടെത്താനും വരുന്നുണ്ട്. ഇന്ത്യൻ ടീമിന്റെ സിലക്ടർമാരും ഈ ടൂർണമെന്റ് ശ്രദ്ധിക്കുന്നുണ്ട്. മത്സരത്തിന്റെ സംപ്രേഷണം ഫാൻകോഡിലും സ്റ്റാർ സ്പോർട്സിലും ലൈവാണ്. നിങ്ങളേപ്പോലുള്ള കുറേ നല്ല മനുഷ്യർ ഞങ്ങളെ ഇങ്ങനെ പിന്തുണയ്ക്കുമ്പോൾ യുവതാരങ്ങൾക്കും അതു നല്ലതാണ്.
∙ ‘ഐപിഎൽ ടീമുകളുടെ മെന്ററാകാനില്ല’
ഐപിഎൽ ടീമിന്റെ മെന്ററാകാനൊന്നും ആഗ്രഹിക്കുന്നില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. കെസിഎലിൽ ലഭിച്ചിരിക്കുന്നത് ഒരു അവസരം തന്നെയാണ്. ഞാൻ കേരള ക്രിക്കറ്റിനൊപ്പം തീർച്ചയായും ഉണ്ടാകും. ഇന്ത്യൻ ക്രിക്കറ്റിനൊപ്പവും ഉണ്ടാകും. ദൈവാനുഗ്രഹം കൊണ്ട് ലെജൻഡ്സ് ലീഗിലും മറ്റും ഞാൻ ഇപ്പോഴും കളിക്കുന്നുണ്ട്. ഐപിഎലിന്റെ സമയത്തും ലോകകപ്പിന്റെ സമയത്തും സ്റ്റാർ സ്പോർട്സുമായോ ഹോട്സ്റ്റാറുമായോ കരാറുണ്ട്. ഐപിഎൽ ടീമിന്റെ മെന്ററാകാൻ ഒരു ആഗ്രഹവുമില്ല.
കേരള ക്രിക്കറ്റ് ലീഗ് വൻ വിജയമായി മാറണമെന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം. ഏരീസ് കൊല്ലം സെയ‌്‌ലേഴ്സിൽ നിന്നു മാത്രമല്ല, എല്ലാ ടീമുകളിൽനിന്നും മലയാളി കുട്ടികൾ ഇന്ത്യയ്ക്ക് കളിക്കുക, ഐപിഎലിൽ കളിക്കുക, ലോകകപ്പ് ജയിക്കുക എന്നതൊക്കെയാണ് ആഗ്രഹം. ഒന്നും രണ്ടും മൂന്നും ലോകകപ്പുകൾ ജയിക്കാൻ അവർക്ക് സാധിക്കട്ടെ. ഇതൊരു വലിയ യാത്രയുടെ തുടക്കമായിട്ടൊന്നും ഞാൻ കൂട്ടുന്നില്ല. ഇതു തന്നെ എന്നെ സംബന്ധിച്ച് വലിയൊരു യാത്രയാണ്.
∙ ബയോപിക്, പുസ്തകം
ഒരു ബയോപിക്കുമായി ബന്ധപ്പെട്ട പ്രി–പ്രൊഡക്ഷൻ ജോലിയും ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള പുസ്തക രചനയും പുരോഗമിക്കുകയാണെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. ഒരു പുസ്തകം എഴുതുന്ന കാര്യം പറഞ്ഞിരുന്നു. അതിന്റെ ജോലികൾ നടക്കുന്നുണ്ട്. പിന്നെ എന്റെയൊരു ബയോപിക് വരുന്നുണ്ട്. അതിന്റെ പ്രീ–പ്രൊഡക്ഷൻ ജോലികൾ നടന്നുവരുന്നു. ഉടൻതന്നെ അതിന്റെ അനൗൺസ്മെന്റ് ഉണ്ടാകും. ഒരു ഇംഗ്ലിഷ് സീരീസും വരുന്നുണ്ട്.