‘ഓ ഇറ്റ്സ് യു, സോറി മാൻ’: ഒരോവറിൽ 37 റൺസടിച്ച സീസണിനു ശേഷം ആർസിബിയിൽ ഒന്നിച്ചപ്പോൾ പ്രശാന്തിനോട് ഗെയ്‍ൽ– വിഡിയോ
Mail This Article
തിരുവനന്തപുരം∙ പ്രശാന്ത് പരമേശ്വരൻ – കേരളത്തിൽനിന്ന് ഇന്ത്യൻ പ്രിമിയർ ലീഗിന്റെ താരപ്പകിട്ടിലേക്ക് എത്തിയ ആദ്യകാല താരങ്ങളിൽ ഒരാൾ. ഐപിഎൽ അരങ്ങേറ്റത്തിൽ ഡൽഹി ഡെയർഡെവിൾസിനെതിരെ (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) സാക്ഷാൽ വീരേന്ദർ സേവാഗ്, വേണുഗോപാൽ റാവു എന്നിവരുടെ വിക്കറ്റുകളുമായി മാൻ ഓഫ് ദ് മാച്ച്. മത്സരത്തിലാകെ നാല് ഓവറിൽ 29 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത പ്രകടനമാണ് പ്രശാന്തിന് മാൻ ഓഫ് ദ മാച്ച് പുരസ്കാരം സമ്മാനിച്ചത്.
ഐപിഎലിൽ കേരളത്തിന്റെ സ്വന്തം ടീമായിരുന്ന കൊച്ചി ടസ്കേഴ്സ് കേരള ഉൾപ്പെടെ മൂന്നു ടീമുകളുടെ ഭാഗമാകാനും അതിൽ രണ്ടു ടീമുകൾക്കായി കളത്തിലിറങ്ങാനും പ്രശാന്തിന് ഭാഗ്യം സിദ്ധിച്ചു. ഐപിഎലിൽ കേരള ടസ്കേഴ്സിനായി അഞ്ച് മത്സരങ്ങളും ആർസിബിക്കായി മൂന്നു മത്സരങ്ങളുമാണ് പ്രശാന്തിന്റെ ക്രെഡിറ്റിലുള്ളത്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നെങ്കിലും അവർക്കായി കളിച്ചിട്ടില്ല.
നിലവിൽ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ മുഖ്യ പരിശീലകനാണ് മുപ്പത്തൊൻപതുകാരനായ പ്രശാന്ത്. കഴിഞ്ഞ ദിവസം കെസിഎലിന്റെ കടുപ്പമേറിയ ഷെഡ്യൂളിനിടെ വീണുകിട്ടിയ ഇടവേളയിൽ തന്റെ കരിയറിനെക്കുറിച്ചും കെസിഎലിനെക്കുറിച്ചും ഐപിഎലിനെക്കുറിച്ചുമെല്ലാം പ്രശാന്ത് പരമേശ്വരൻ മനോരമ ഓൺലൈനുമായി സംസാരിച്ചു. ഇതിനിടെ, ക്രിസ് ഗെയ്‍ൽ ഒരു ഓവറിൽ 37 റൺസടിച്ച ആ കുപ്രസിദ്ധമായ ഓവറിനെക്കുറിച്ചും പ്രശാന്ത് മനസ്സു തുറന്നു. റിങ്കു സിങ് ഒരു ഓവറിൽ അഞ്ച് സിക്സടിച്ച സംഭവത്തോടെ തകർന്നടിഞ്ഞുപോയ യഷ് ദയാലിന്റെ സാഹചര്യം തനിക്കുണ്ടായിട്ടില്ലെന്നും പ്രശാന്ത് പറയുന്നു.
∙ ‘അന്ന് ഞാൻ നെർവസ് ആയിരുന്നു’
‘‘ആ മത്സരത്തിൽ കളിക്കാൻ എന്റെ പേര് ആദ്യം ഉണ്ടായിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഞാൻ അന്ന് ടീമിലെത്തിയത്. ഇതോടെ ഞാൻ വളരെ നെർവസ് ആയിരുന്നു. എന്നെ സംബന്ധിച്ച് അത്തരമൊരു വലിയ പ്ലാറ്റ്ഫോമിൽ കളിക്കുന്നത് പുതിയ അനുഭവമാണല്ലോ. ക്രിസ് ഗെയ്‍ലിനേപ്പോലുള്ളവരെ അങ്ങനെ വലിയൊരു സംഭവമായിട്ടൊന്നും അന്ന് അറിയില്ല. അവരേക്കുറിച്ചെല്ലാം അന്ന് എനിക്ക് അത്രയ്ക്ക് അറിവേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം. ആ മത്സരത്തിൽ അപ്രതീക്ഷിതമായി ടീമിലെത്തി. കളിക്കിടെ അങ്ങനെയൊരു സംഭവമുണ്ടായി.
‘‘അതിലൊരു പന്ത് ബൗണ്ടറി പോയത് ഗെയ്‍ലിന്റെ ബാറ്റിൽത്തട്ടിയിട്ടല്ല എന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. അത് ബൈ ആയിരുന്നു. ആ ഓവറിൽ 33 റൺസാണ് വഴങ്ങിയതെന്നായിരുന്നു എന്റെ മനസ്സിൽ. 36–37 റൺസൊന്നും പോയിട്ടില്ലെന്ന് വിശ്വസിച്ചാണ് ഞാൻ ഓവർ തീർത്ത് മടങ്ങിയത്. പിന്നീട് ഫീൽഡ് ചെയ്യുന്ന സമയത്ത് സ്ലൈഡ് ചെയ്ത് ഫീൽഡ് ചെയ്തതെല്ലാം ഇന്നും എന്റെ മനസ്സിലുണ്ട്. മത്സരമെല്ലാം കഴിഞ്ഞ് ഡ്രസിങ് റൂമിലെത്തിയപ്പോൾ അവിടുത്തെ ടിവിയിൽ സ്ക്രോൾ പോകുമ്പോഴാണ് 37 റൺസാണ് വഴങ്ങിയത് എന്നു കാണുന്നത്. ആദ്യം കണ്ടപ്പോൾ എനിക്കത് വലിയൊരു സർപ്രൈസ് ആയിരുന്നു.
∙ ‘അടുത്ത 2 വർഷം ഗെയ്‍ലിന്റെ ടീമിൽ’
‘‘ഇതെല്ലാം കളിയുടെ ഭാഗമാണ് എന്നു ചിന്തിക്കാനാണ് എനിക്കിഷ്ടം. നോക്കൂ, ആ വർഷം ക്രിസ് ഗെയ്‍ൽ എനിക്കെതിരെ 37 റൺസ് അടിച്ചു. അടുത്ത രണ്ടു വർഷം ഞാൻ ക്രിസ് ഗെയ്‍ലിന്റെ ടീമിലാണ് കളിച്ചത്. എന്റെ ബോളിങ്ങിൽ എന്തോ പ്രത്യേകത കണ്ടിട്ടായിരിക്കുമല്ലോ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ആ മത്സരത്തിനു ശേഷവും എന്നെ ടീമിലെടുത്തത്. ആൻഡ്രൂ റസലിന്റെ വിക്കറ്റെടുത്ത സംഭവമെല്ലാം ഇതിനു ശേഷം നടന്നതാണ്. പിന്നെ, ഇപ്പോഴും ആ സംഭവത്തിന്റെ പേരിൽ ഇടയ്ക്കിടെ എന്റെ പേര് ഉയർന്നുവരുന്നത് കാണാറുണ്ട്. ആരെങ്കിലും ഒരു ഓവറിൽ 36, 37 റൺസ് അടിക്കുമ്പോഴെല്ലാം എന്റെ പേരും വരും. അതെല്ലാം രസകരമായിട്ടാണ് ഞാൻ കാണുന്നത്.
‘‘ആ ഓവറിനെക്കുറിച്ച് ആളുകൾ സംസാരിക്കാറുണ്ട്. ക്രിസ് ഗെയ്‍ൽ അടിച്ച ആ ഓവറിനെക്കുറിച്ചും അപ്പോൾ എന്താണ് മനസ്സിൽ വന്നതെന്നുമൊക്കെ ചോദിക്കും. എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നാണ് മറുപടി. അയാൾ അടിച്ചു, എനിക്കതിന് എന്തു ചെയ്യാൻ പറ്റും? ആ സംഭവത്തിൽ എനിക്കുള്ള മറുപടിയാണ്, പിന്നീടുള്ള രണ്ടു വർഷം ഗെയ്‍ലിന്റെ അതേ ടീമിൽ കളിച്ചത്.
∙ ‘എനിക്ക് യഷ് ദയാലിന്റെ അവസ്ഥയുണ്ടായില്ല’
‘എന്നെ സംബന്ധിച്ചിടത്തോളം അന്നൊന്നും സോഷ്യൽ മീഡിയ ഇത്ര സജീവമല്ല. ആൾക്കാർക്ക് എന്നെയൊക്കെ ഓർമിക്കാൻ ഇതുമൊരു നിമിത്തമാണ് എന്നത് വാസ്തവമാണ്. എനിക്കെതിരെ 37 റൺസ് അടിച്ച മത്സരത്തിലെ ആ ഓവർ മത്സരഫലം നിർണയിച്ച ഓവറൊന്നുമല്ല. നമ്മൾ വളരെ ചെറിയ സ്കോറിനു പുറത്തായ ശേഷം രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ സംഭവിച്ച ഓവറാണത്. ആ ഓവറിനു മത്സരഫലത്തിൽ കാര്യമായ സ്വാധീനമൊന്നുമുണ്ടായിരുന്നില്ല.
‘‘അടുത്ത വർഷം ആർസിബിയിൽ എത്തിയപ്പോൾ, ഗെയ്‍ലിനെക്കണ്ട് എന്നെ ഓർമയുണ്ടോ എന്നു ചോദിച്ചു. നിങ്ങൾ കഴിഞ്ഞ സീസണിൽ ഒരു ഓവറിൽ 37 റൺസ് അടിച്ചത് എന്റെ ഓവറിലാണ് എന്ന് പറഞ്ഞു. ‘ഓ മാൻ, അത് നിങ്ങളായിരുന്നോ. സോറി മാൻ’ എന്നായിരുന്നു ഗെയ്‍ലിന്റെ പ്രതികരണം. അതിനു ശേഷം രണ്ടു വർഷവും ഗെയ്‍ലുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. ആ ടീമിനൊപ്പമുണ്ടായിരുന്ന രണ്ടു വർഷം ഒട്ടേറെ താരങ്ങളുമായി നല്ല സൗഹൃദം സമ്മാനിച്ചു.’’