കേരളത്തിന്റെ ‘സൂപ്പർമാൻ സച്ചിൻ’; ബൗണ്ടറിക്കരികെ പറന്നുയർന്ന് 35കാരന്റെ അസാമാന്യ ഫീൽഡിങ് – വിഡിയോ
Mail This Article
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ചരിത്രത്തിലെ ആദ്യ സെഞ്ചറി നേട്ടവുമായി ചരിത്രമെഴുതിയതിനു പിന്നാലെ, ബൗണ്ടറിക്കരികെ 35–ാം വയസ്സിലും അസാമാന്യ ഫീൽഡിങ് പ്രകടനവുമായി സച്ചിൻ ബേബി. കഴിഞ്ഞ ദിവസം നടന്ന കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരായ മത്സരത്തിലാണ്, ബൗണ്ടറിക്കരികെ അസാമാന്യ മെയ്‌വഴക്കത്തോടെ പറന്നുയർന്ന് ഏരീസ് കൊല്ലം സെയ്‌ലേഴ്സ് നയകൻ കൂടിയായ സച്ചിൻ ബേബി അസാമാന്യ പ്രകടനം കാഴ്ചവച്ചത്. കാലിക്കറ്റ് താരം എം. നിഖിലിന്റെ സിക്സ് എന്ന് ഉറപ്പിച്ച ഷോട്ടാണ് സച്ചിൻ ബേബി രക്ഷപ്പെടുത്തിയത്. മത്സരം സച്ചിന്റെ ടീം മൂന്നു വിക്കറ്റിനു വിജയിച്ചു.
മത്സരത്തിൽ ടോസ് നേടിയ കാലിക്കറ്റ് ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെ അർധസെഞ്ചറിയും ഓപ്പണർ ഒമർ അബൂബക്കർ, സൽമാൻ നിസാർ എന്നിവരുടെ ഇന്നിങ്സുകളും കരുത്തായതോടെ അവർ നേടിയത് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 173 റൺസ്. മറുപടി ബാറ്റിങ്ങിൽ അരുൺ പൗലോസ് (24 പന്തിൽ 44), സച്ചിൻ ബേബി (31 പന്തിൽ 34), അനന്തു സുനിൽ (20 പന്തിൽ 24), ഷറഫുദ്ദീൻ (10 പന്തിൽ 20), അമൽ (ഏഴു പന്തിൽ പുറത്താകാതെ 17) എന്നിവർ തിളങ്ങിയതോടെ കൊല്ലം ഒരു പന്തു ബാക്കിനിൽക്കെ വിജയത്തിലെത്തി.
മത്സരത്തിൽ കൊല്ലത്തിന്റെ ഇടംകയ്യൻ പേസ് ബോളർ പവൻരാജ് എറിഞ്ഞ 19–ാം ഓവറിലാണ് അസാധ്യ ഫീൽഡിങ് പ്രകടനവുമായി സച്ചിൻ ബേബി കയ്യടി നേടിയത്. ഈ ഓവറിലെ അഞ്ചാം പന്തിൽ നിഖിലിന്റെ ഷോട്ട് ലോങ് ഓഫിനു മുകളിലൂടെ ബൗണ്ടറി കടക്കുമെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു സച്ചിന്റെ ‘ഇടപെടൽ’. ബൗണ്ടറിക്കു സമീപത്തേക്ക് ഓടിയെത്തി ഉയർന്നുചാടിയ സച്ചിൻ ബേബി, പന്ത് കയ്യിലൊതുക്കിയെങ്കിലും ബൗണ്ടറിക്ക് അപ്പുറത്തേക്ക് വീഴുമെന്ന് ഉറപ്പിച്ചതോടെ അസാധ്യ മെയ്‌വഴക്കത്തോടെ അത് ഗ്രൗണ്ടിലേക്ക് എറിഞ്ഞു. പിന്നീട് വീണിടത്തുനിന്ന് ചാടിയെഴുന്നേറ്റ് പന്തെടുത്ത് വിക്കറ്റ് കീപ്പറിന് എറിഞ്ഞുനൽകി.
സച്ചിൻ രക്ഷപ്പെടുത്തിയ അഞ്ച് റൺസ് നിർണായകമായെന്ന് മത്സരഫലം തെളിയിക്കുന്നു. കാലിക്കറ്റ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം, ഒരേയൊരു പന്ത് ബാക്കിനിൽക്കെയാണ് കൊല്ലം മറികടന്നത്. സച്ചിന്റെ സേവ് അതിനിർണായകമായെന്ന് അതിൽത്തന്നെ വ്യക്തം.