പ്രധാന താരങ്ങൾ പുറത്ത്, എന്നിട്ടും അനായാസം ജയിച്ചു കയറി; കാലിക്കറ്റിന് ഏഴാം വിജയം
Mail This Article
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് ഏഴാം വിജയം. പ്രധാനതാരങ്ങൾ ഇല്ലാതെ ഇറങ്ങിയിട്ടും, ആലപ്പി റിപ്പിൾസിനെ ആറു വിക്കറ്റുകൾക്കു തകർത്താണ് കാലിക്കറ്റിന്റെ കുതിപ്പ്. ആദ്യം ബാറ്റു ചെയ്ത ആലപ്പി റിപ്പിൾസ് ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കാലിക്കറ്റ് 15.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.
ക്യാപ്റ്റൻ രോഹൻ എസ്. കുന്നുമ്മലിന് പകരം അഖിൽ സ്കറിയക്കു കീഴിലാണ് ആലപ്പിക്കെതിരെ കാലിക്കറ്റ് കളിക്കാനിറങ്ങിയത്. മറുപടി ബാറ്റിങ്ങിൽ സഞ്ജയ് രാജ് കാലിക്കറ്റിനായി അർധ സെഞ്ചറി നേടി. 48 പന്തുകൾ നേരിട്ട താരം 75 റൺസെടുത്തു പുറത്താകാതെനിന്നു. ആദ്യ പന്തിൽ തന്നെ ഓപ്പണർ ഒമർ അബൂബക്കറെ നഷ്ടമായെങ്കിലും മുൻനിര ബാറ്റർമാർ കാലിക്കറ്റിനെ രക്ഷിച്ചെടുക്കുകയായിരുന്നു.
21 പന്തുകൾ നേരിട്ട ലിസ്റ്റൻ അഗസ്റ്റിൻ 38 റൺസെടുത്തു പുറത്തായി. ആറു പന്തിൽ 12 റൺസെടുത്ത സൽമാൻ നിസാർ പുറത്താകാതെനിന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ആലപ്പി എട്ടു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. മധ്യനിര ബാറ്റർ അക്ഷയ് ടി.കെ അർധ സെഞ്ചറി (45 പന്തിൽ 57) തികച്ചു. ആസിഫ് അലിയും (27 പന്തിൽ 27) ബാറ്റിങ്ങിൽ തിളങ്ങി. കാലിക്കറ്റിനായി അഖിൽ സ്കറിയ മൂന്നും പി. അൻതാഫ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. കാലിക്കറ്റിനു പുറമേ കൊല്ലം സെയ്‍ലേഴ്സ്, ട്രിവാൻഡ്രം റോയൽസ് ടീമുകളും സെമി ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്.