ADVERTISEMENT

മുംബൈ∙ മുൻ ഇന്ത്യൻ താരവും നിലവിൽ പരിശീലകനുമായ ഗൗതം ഗംഭീറിനൊപ്പം ചെറിയ പ്രായം മുതൽ ഒരേ ടീമിൽ കളിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം ഒരിക്കലും ഒരു സുഹൃത്തായിരുന്നില്ലെന്ന് വെളിപ്പെടുത്തി മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഡൽഹി ടീം മുതൽ ഒരുമിച്ചു കളിച്ചിട്ടുണ്ടെങ്കിലും, ഓപ്പണറെന്ന നിലയിൽ ടീമിൽ ഒരേ സ്ഥാനത്തിനായി മത്സരിച്ചിരുന്നവരെന്ന നിലയിൽ മത്സരബുദ്ധിയോടെയാണ് പരസ്പരം കണ്ടിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ധനിക പശ്ചാത്തലത്തിൽ നിന്നു വരുന്നതിനാൽ, ക്രിക്കറ്റിൽനിന്ന് വരുമാനം കണ്ടെത്തി ജീവിതം സുരക്ഷിതമാക്കേണ്ട സാഹചര്യം ഗംഭീറിനുണ്ടായിരുന്നില്ലെന്നും ആകാശ് ചോപ്ര വെളിപ്പെടുത്തി.

ഓപ്പണർമാരെന്ന നിലയിൽ തുടക്കകാലം മുതൽ ടീമിൽ ഇടം പിടിക്കാനായി മത്സരബുദ്ധിയോടെയാണ് ഗംഭീറുമായി ഇടപെട്ടിരുന്നതെന്നാണ് ചോപ്രയുടെ പ്രഖ്യാപനം. ഈ മത്സരബുദ്ധി രണ്ടു പേരുടെയും പ്രകടനം മെച്ചപ്പെടാൻ ഇടയാക്കിയിട്ടുണ്ടെന്നും ചോപ്ര പറഞ്ഞു. ഡൽഹി ടീമിൽ ഉൾപ്പെടെ ഓപ്പണിങ് സ്ഥാനത്തേക്ക് തന്റെ പ്രധാന എതിരാളി ഗംഭീറായിരുന്നു. വിരാട് കോലി, ശിഖർ ധവാൻ എന്നിവരിൽ ഒരാൾക്കു മാത്രം ഇടം ഉറപ്പിക്കാനാകും വിധം താരബാഹുല്യമുള്ള ടീമായിരുന്നു അന്നു ഡൽഹിയെന്നും ചോപ്ര പറഞ്ഞു.

‘‘ഞങ്ങൾ ഒരുമിച്ചുള്ള സമയത്തുപോലും പരസ്പരം മത്സരിക്കുന്നവരായിരുന്നു. കാരണം, ടീമിൽ ഒരേ സ്ഥാനത്താനായാണ് ഞങ്ങൾ പൊരുതിയിരുന്നത്. അത്രയ്ക്ക മികച്ച ടീമായിരുന്നു ഞങ്ങളുടേത്. ഞങ്ങൾ കളിച്ചിരുന്ന കാലത്ത് കോലി, ധവാൻ എന്നിവരിൽ ഒരാൾക്കു മാത്രമാണ് അവസരം ലഭിച്ചിരുന്നത്. അത്രയ്ക്ക് താരപ്പകിട്ടുള്ള ടീമായിരുന്നു

‘‘ഓപ്പണറായി ഇറങ്ങാൻ വീരേന്ദർ സേവാഗിനു പോലും ടീമിൽ ഇടമുണ്ടായിരുന്നില്ല. ശിഖർ ധവാൻ, കോലി എന്നിവരിൽ ഒരാളെ മൂന്നാം നമ്പറിൽ ഇറക്കുന്നതിനായി സേവാഗ് പോലും നാലാമനായിട്ടാണ് കളിച്ചിരുന്നത്’ – രാജ് ഷമാനിയുമായുള്ള പോഡ്കാസ്റ്റിൽ ചോപ്ര പറഞ്ഞു.

‘‘ഞാനും ഗംഭീറും തുടക്കും മുതൽ പരസ്പരം മത്സരിക്കുന്നവരായിരുന്നു. സത്യം പറഞ്ഞാൽ ഞങ്ങൾക്കിടയിൽ യാതൊരുവിധ സൗഹൃദവും ഉണ്ടായിരുന്നില്ല. പക്ഷേ, ഗംഭീർ ക്രിക്കറ്റിനെ ഏറ്റവും ആവേശത്തോടെ സമീപിച്ചിരുന്ന വ്യക്തിയാണ്. തന്റെ കളിയെക്കുറിച്ചും ശൈലിയെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനുമായിരുന്നു’ – ചോപ്ര പറഞ്ഞു.

‘‘സാമ്പത്തികമായി വലിയ നിലയിലുള്ള കുടുംബത്തിൽ നിന്നാണ് ഗംഭീറിന്റെ വരവ്. ക്രിക്കറ്റിൽ നിന്നുള്ള വരുമാനം കൊണ്ട് രക്ഷപ്പെടേണ്ട അവസ്ഥ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നിട്ടുപോലും ക്രിക്കറ്റിനോട് ഗംഭീർ കാട്ടിയിരുന്ന പ്രതിബദ്ധതയും ആത്മാർഥതയും വളരെ വലുതായിരുന്നു. ഒരു ദിവസം മുഴുവനും വേണമെങ്കിൽ പരിശീലനത്തിനായി ഗ്രൗണ്ടിൽ ചെലവഴിക്കും. വായിൽ സ്വർണക്കരണ്ടിയുമായാണ് അദ്ദേഹം ജനിച്ചത്. അല്ലാതെ വെള്ളിക്കരണ്ടി പോലുമല്ല. അദ്ദേഹത്തിന്റെ ജീവിതം തികച്ചും വ്യത്യസ്തമായിരുന്നു. ഒരുപക്ഷേ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയേപ്പോലെ. ഗംഭീർ ഹൃദയത്തിൽ നൻമയുള്ള വ്യക്തി കൂടിയായിരുന്നു’ – ചോപ്ര പറഞ്ഞു.

English Summary:

'Gautam Gambhir wasn't a friend. To begin with, we were competitors': Says former team mate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com