സഞ്ജുവിന്റെ ദുലീപ് ട്രോഫി ഇന്നിങ്സ് ട്വന്റി20 പരമ്പരയ്ക്കുള്ള ‘ഓഡിഷനെ’ന്ന് ഫാൻസ്; ബംഗ്ലദേശിനെതിരെ കളിക്കുമോ?– വിഡിയോ
Mail This Article
അനന്തപുർ∙ ദുലീപ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ ഡിയ്ക്കായി, ഇന്ത്യ എയ്‌ക്കെതിരെ 45 പന്തിൽ 40 റൺസെടുത്ത സഞ്ജു സാംസണിന്റെ ഇന്നിങ്സ് ട്വന്റി20 പരമ്പരയുടെ ‘ഒഡിഷൻ’ എന്ന് ആരാധകർ. 45 പന്തിൽ മൂന്നു ഫോറും മൂന്ന് പടുകൂറ്റൻ സിക്സറുകളും സഹിതമാണ് മത്സരത്തിൽ സഞ്ജു 40 റൺസെടുത്തത്. ടീം തോൽവിയുടെ വക്കിൽ നിൽക്കെ സമനിലയ്ക്കായി കളിക്കുന്നതിനു പകരം ആക്രമിച്ചു കളിച്ച സഞ്ജുവിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. മത്സരം ഇന്ത്യ ഡി 186 റൺസിനു തോൽക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ്, ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ‘ഓഡിഷനാ’ണ് സഞ്ജുവിന്റെ ഇന്നിങ്സ് എന്ന തരത്തിൽ സമൂഹമാധ്യമ പേജുകളിലെ പ്രചാരണം. പ്രതാം സിങ്, തിലക് വർമ എന്നിവരുടെ സെഞ്ചറിക്കരുത്തിൽ ഇന്ത്യ ഡിയ്ക്കു മുന്നിൽ 488 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ എ ഉയർത്തിയത്. റിക്കി ഭുയി സെഞ്ചറിയുമായി തിളങ്ങിയെങ്കിലും മത്സരം ഇന്ത്യ ഡി 186 റൺസിനു തോൽക്കുകയായിരുന്നു.
സ്റ്റേഡിയത്തിനു വെളിയിൽ പോയ സിക്സറുകൾ സഹിതം സഞ്ജുവിന്റെ ആക്രണാമത്മക ബാറ്റിങ് ശ്രദ്ധ നേടിയിരുന്നു. ഒന്നാം ഇന്നിങ്സിൽ അഞ്ച് റൺസിനു പുറത്തായി കടുത്ത വിമർശനം ഏറ്റുവാങ്ങിയ സഞ്ജു, രണ്ടാം ഇന്നിങ്സിൽ ആക്രമിച്ചാണ് കളിച്ചത്. ഇന്ത്യ എയുടെ പ്രധാന ബോളർമാരായ ഷംസ് മുളാനി, തനുഷ് കൊട്ടിയൻ എന്നിവർക്കെതിരെയെല്ലാം സിക്സർ കണ്ടെത്തുകയും ചെയ്തു.
ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽനിന്ന് ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയ പന്തിന്റെ ജോലിഭാരം ക്രമീകരിക്കുകയെന്ന ലക്ഷ്യം സിലക്ടർമാർക്കുണ്ട്. ഈ സാഹചര്യത്തിൽ ട്വന്റി20 ടീമിന്റെ വിക്കറ്റ് കീപ്പറായി സഞ്ജു എത്തിയേക്കുമെന്നാണ് വിവരം. ദുലീപ് ട്രോഫിയിൽ സെഞ്ചറിയുമായി തിളങ്ങിയ ഇഷാൻ കിഷനാണ് ഇക്കാര്യത്തിൽ സഞ്ജുവിന്റെ എതിരാളി.
ശ്രീലങ്കയ്‌ക്കെതിരെ ഇക്കഴിഞ്ഞ ജൂലൈയിൽ നടന്ന ട്വന്റി20 പരമ്പരയിൽ പന്തിനൊപ്പം സഞ്ജുവും ഇടംപിടിച്ചിരുന്നു. രണ്ടു മത്സരങ്ങളിൽ കളത്തിലിറങ്ങാൻ അവസരം ലഭിച്ചെങ്കിലും നിർഭാഗ്യവശാൽ തിളങ്ങാനായില്ല.