സെമിയിൽ ട്രിവാൻഡ്രം റോയൽസിന് കാലിടറി; കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കെസിഎൽ ഫൈനലിൽ
Mail This Article
തിരുവനന്തപുരം∙ ട്രിവാൻഡ്രം റോയൽസിനെ 18 റൺസിനു തോൽപിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ. 174 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന റോയൽസിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ. കാലിക്കറ്റിനു വേണ്ടി അഖിൽ സ്കറിയ നാലു വിക്കറ്റുകൾ വീഴ്ത്തി.
ട്രിവാൻഡ്രത്തിനായി റിയ ബഷീറും (40 പന്തിൽ 69), ഗോവിന്ദ് പൈയും (54 പന്തിൽ 68) അർധ സെഞ്ചറി നേടിയെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ സുബിനെ നഷ്ടമായ ട്രിവാൻഡ്രത്തിന് റിയ ബഷീറും ഗോവിന്ദ് പൈയുമായിരുന്നു കരുത്തായത്. ക്യാപ്റ്റൻ അബ്ദുൽ ബാസിത്ത് മൂന്നു പന്തിൽ ഒരു റൺ മാത്രമെടുത്തു പുറത്തായത് ട്രിവാൻഡ്രത്തിനു തിരിച്ചടിയായി. പിന്നാലെയെത്തിയ മധ്യനിര ബാറ്റർമാർക്കൊന്നും രണ്ടക്കം കടക്കാൻ സാധിച്ചില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. ക്യാപ്റ്റൻ രോഹൻ എസ്. കുന്നുമ്മലും അഖിൽ സ്കറിയയും കാലിക്കറ്റിനായി അർധ സെഞ്ചറി തികച്ചു. ആറു സിക്സുകൾ ഗാലറിയിലെത്തിച്ച രോഹൻ 34 പന്തിൽ അടിച്ചുകൂട്ടിയത് 64 റൺസ്. 43 പന്തുകൾ നേരിട്ട അഖിൽ സ്കറിയ 55 റൺസെടുത്തു.
അവസാന പന്തുകളിൽ തകർത്തടിച്ച സൽമാൻ നിസാറിന്റെ പ്രകടനവും നിര്‍ണായകമായി. 16 പന്തുകളിൽനിന്ന് താരം നേടിയത് 23 റൺസ്. ട്രിവാൻഡ്രത്തിനായി വിനിൽ ടി.എസ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി.