ADVERTISEMENT

ഇസ്‍ലാമബാദ്∙ ട്വന്റി20 ലോകകപ്പ് ഫൈനലിലെ സൂര്യകുമാർ യാദവ് സ്റ്റൈലിൽ ഒരു ക്യാച്ചെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം സയിം അയൂബ്. പാക്കിസ്ഥാനിലെ ചാംപ്യൻസ് വൺ ഡേ കപ്പ് മത്സരത്തിനിടെയാണ് സൂര്യകുമാർ യാദവിനെപ്പോലെ ബൗണ്ടറി ലൈനിൽനിന്ന് ക്യാച്ചെടുക്കാൻ സയിം അയൂബ് ശ്രമിച്ചത്. പക്ഷേ താരം ദയനീയമായി പരാജയപ്പെട്ടു. ഒരു ഘട്ടത്തിൽ സയിം അയൂബ് പന്ത് പിടിച്ചെടുത്തെന്നു തോന്നിയെങ്കിലും, നില തെറ്റിയതോടെ പന്ത് ബൗണ്ടറി ലൈനിന് അപ്പുറത്തേക്കു വീഴുകയായിരുന്നു. 

സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ താരത്തിനെതിരെ ശക്തമായ പരിഹാസമാണ് ഉയരുന്നത്. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സൂര്യകുമാർ യാദവ് ബൗണ്ടറി ലൈനിൽവച്ച് തകർപ്പൻ ക്യാച്ചെടുത്തത്. മത്സരത്തിൽ ഏഴു റൺസ് വിജയമാണ് ഇന്ത്യ നേടിയത്. സൂര്യയുടെ ഫീൽഡിങ് പ്രകടനം രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. 

അതിനു ശേഷം പല ക്രിക്കറ്റ് ടൂർണമെന്റുകളിലും സൂര്യയുടേതു പോലുള്ള ബൗണ്ടറി ലൈൻ സേവുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ചാംപ്യൻസ് വൺഡേ കപ്പിൽ പാന്തേർ‌സ് പാക്കിസ്ഥാൻ ടീമിന്റെ താരമാണ് സയിം അയൂബ്. 18–ാം ഓവറിൽ ഡോൾഫിൻസ് പാക്കിസ്ഥാൻ താരം മുഹമ്മദ് അഖ്‌‍ലാഖിന്റെ ഷോട്ട് പിടിച്ചെടുക്കുന്നതിൽ സയിം അയൂബ് പരാജയപ്പെട്ടു. ഉസാമ മിറിന്റെ പന്തിലായിരുന്നു ബൗണ്ടറി ലൈന്‍ സേവിനുള്ള ശ്രമം. സയിം അയൂബിന്റെ നീക്കം പാളിയതുകണ്ട് തലയിൽ കൈവയ്ക്കുന്ന ഉസാമ മിറിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. 

ലോങ് ഓഫിൽനിന്ന് വിജയകരമായി പന്ത് കൈപ്പിടിയിലാക്കിയ ശേഷമായിരുന്നു അയൂബിനു പിഴവു സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട താരത്തിന്റെ കയ്യിൽനിന്ന് പന്തു വീഴുകയായിരുന്നു. ഇതോടെ സിക്സും വഴങ്ങേണ്ടിവന്നു. ലീഗിൽ നോ ലുക്ക് ഷോട്ട് കളിക്കാനുള്ള ശ്രമം നടത്തി വിക്കറ്റ് വലിച്ചെറിഞ്ഞതും താരത്തിനെതിരായ പരിഹാസം കൂടാൻ കാരണമായി.

English Summary:

Failed Suryakumar Yadav imitation, Pakistan cricketer's catching blunder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com