പന്തെറിയാൻ ബുമ്ര ഉപദേശം തേടി, നേരിടാൻ രോഹിത് ബുദ്ധിമുട്ടി: യുഎഇ താരത്തിന്റെ ‘അവകാശവാദം’
Mail This Article
ദുബായ്∙ സ്ലോ ബോൾ എറിയുന്നതിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര തന്നോട് ഉപദേശം ചോദിച്ചിരുന്നതായി യുഎഇയുടെ പാക്ക് വംശജനായ ക്രിക്കറ്റ് താരം സഹൂർ ഖാൻ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ തന്റെ പന്തുകൾ നേരിടാൻ ബുദ്ധിമുട്ടിയതോടെയാണ് ഉപദേശം തേടാനായി ബുമ്ര എത്തിയതെന്നും യുഎഇയുടെ താരം വെളിപ്പെടുത്തി. ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബോളറായിരുന്നു യുഎഇ താരം.
‘‘ഞാൻ മുംബൈ ഇന്ത്യൻസിനൊപ്പം മൂന്നു മാസത്തോളം ഉണ്ടായിരുന്നു. രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ എങ്ങനെയാണ് സ്ലോ ബോൾ എറിയുന്നതെന്നാണ് ബുമ്രയ്ക്ക് അറിയേണ്ടത്. അദ്ദേഹം ഒന്നാം നമ്പർ ബോളാണ്. എന്നിട്ടും എന്നോട് ഉപദേശം ചോദിച്ചു. അതെനിക്ക് വലിയ അംഗീകാരമാണ്. ടി10 ടൂര്‍ണമെന്റിൽ ഞാൻ മെയ്ഡൻ ഓവർ എറിഞ്ഞതിന്റെ വിഡിയോ ബുമ്ര കാണുന്നുണ്ടായിരുന്നു.’’
‘‘ന്യൂ ബോളിൽ യോര്‍ക്കറുകൾ എറിയുന്നത് എങ്ങനെയെന്നു ഞാൻ ബുമ്രയോടു ചോദിച്ചിരുന്നു. കാരണം ലോകത്തിൽ രണ്ടു പേർക്കു മാത്രമാണ് അതു ചെയ്യാൻ സാധിക്കുന്നത്.’’– സഹൂർ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു. ‘‘ഞാൻ രോഹിത് ശർമയ്ക്കെതിരെ പന്തെറിഞ്ഞിട്ടുണ്ട്. സ്ലോ ബോളുകൾ നേരിടുന്നതിൽ അദ്ദേഹം ബുദ്ധിമുട്ടി. എങ്ങനെയാണ് ഇത്രയും സ്ലോ ആയി എറിയുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. എന്റെ പന്തുകൾ നേരിട്ടാലും സിക്സ് അടിക്കാൻ പറ്റില്ലെന്നായിരുന്നു രോഹിതിന്റെ പ്രതികരണം.’’– യുഎഇ താരം വ്യക്തമാക്കി. മുംബൈ ഇന്ത്യൻസിനായി കളിച്ചിട്ടില്ലെങ്കിലും യുഎഇയിലെ ട്വന്റി20 ലീഗിൽ എംഐ എമിറേറ്റ്സിന്റെ താരമായിരുന്നു സഹൂർ.