ദ്രാവിഡിനെപ്പോലെയല്ല, ഗംഭീറിന്റേത് മറ്റൊരു ശൈലി; ഇരുവരും വ്യത്യസ്തർ: രോഹിത് ശർമ
Mail This Article
ചെന്നൈ ∙ മുൻ കോച്ച് രാഹുൽ ദ്രാവിഡിൽനിന്ന് വ്യത്യസ്തമായ സമീപനവും ശൈലിയുമാണ് പുതിയ കോച്ച് ഗൗതം ഗംഭീറിനെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. എന്നാൽ കഴിഞ്ഞ ശ്രീലങ്കൻ പര്യടനത്തിലൂടെ തന്നെ ഗംഭീറിന്റെ നേതൃത്വത്തിലുള്ള പുതിയ കോച്ചിങ് സ്റ്റാഫുമായി ടീം ഒത്തിണങ്ങിയെന്ന് രോഹിത് പറഞ്ഞു. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു രോഹിത്.
നാളെ ചെന്നൈ ചെപ്പോക്ക് എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ-ബംഗ്ലദേശ് ആദ്യ ടെസ്റ്റ്.‘രാഹുൽ ഭായ്, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്, ബോളിങ് കോച്ച് പരസ് മാംബ്രെ എന്നിവരുൾപ്പെടുന്ന കോച്ചിങ് സ്റ്റാഫ് ടീമിന്റെ സമീപനം തന്നെ മാറ്റിയവരാണ്. ഗംഭീർ, അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ, ബോളിങ് കോച്ച് മോണി മോർക്കൽ എന്നിവരുടേത് മറ്റൊരു ശൈലിയാണ്. അതും ടീമിനു ഉചിതമായതു തന്നെ’- രോഹിത് പറഞ്ഞു.
ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ സ്ഥാനമൊഴിഞ്ഞ രാഹുൽ ദ്രാവിഡിനും സംഘത്തിനും പിൻഗാമികളായി കഴിഞ്ഞ ശ്രീലങ്കൻ പര്യടനത്തിലൂടെയാണ് ഗൗതം ഗംഭീറും കോച്ചിങ് സംഘവും ചുമതലയേറ്റെടുത്തത്. ഗംഭീറിനു കീഴിൽ ട്വന്റി20 പരമ്പര 3-0നു ജയിച്ചെങ്കിലും ഏകദിന പരമ്പര ഇന്ത്യ 2-0ന് തോറ്റു. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ തനിക്കൊപ്പം പ്രവർത്തിച്ചവരെന്ന നിലയിലാണ് അഭിഷേക് നായർ, മോണി മോർക്കൽ, റയാൻ ടെൻ ദൊഷാട്ടെ എന്നിവരെ ഗംഭീർ കോച്ചിങ് സംഘത്തിൽ ഉൾപ്പെടുത്തിയത്. പുതിയ കോച്ചിങ് സംഘത്തിന്റെ ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണ് ബംഗ്ലദേശിനെതിരെയുള്ളത്.