ഡൽഹി ക്യാപിറ്റൽസ് വിട്ട റിക്കി പോണ്ടിങ് ഐപിഎല്ലിൽ തുടരും, പുതിയ ക്ലബ്ബുമായി നാലു വർഷത്തെ കരാർ
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ ദൗത്യം ഏറ്റെടുത്ത് ഓസ്ട്രേലിയൻ ഇതിഹാസ താരം റിക്കി പോണ്ടിങ്. അടുത്ത സീസണിൽ പഞ്ചാബ് കിങ്സ് ടീമിന്റെ പരിശീലകനായി റിക്കി പോണ്ടിങ് പ്രവർത്തിക്കും. ഏഴു വർഷത്തോളം ഡൽഹി ക്യാപിറ്റൽസിനൊപ്പം പ്രവർത്തിച്ച ശേഷമാണ് പോണ്ടിങ് ടീം വിടുന്നത്. നാലു വർഷത്തെ കരാറാണ് പഞ്ചാബ് കിങ്സുമായി പോണ്ടിങ് ഒപ്പിട്ടിരിക്കുന്നത്. പഞ്ചാബ് ഫ്രാഞ്ചൈസിക്കായി പുതിയ ടീമിനെ വാർത്തെടുക്കുകയെന്നതാണു പോണ്ടിങ്ങിന്റെ ആദ്യത്തെ ചുമതല.
പഞ്ചാബിന്റെ മറ്റ് സപ്പോർട്ട് സ്റ്റാഫുകൾ ആരൊക്കെയെന്ന് പോണ്ടിങ് തീരുമാനിക്കും. നിലവിലെ ക്യാപ്റ്റൻ ശിഖർ ധവാൻ അടക്കം ടീം വിടാനുള്ള സാധ്യതയുണ്ട്. 2020 ൽ ഐപിഎല്ലിന്റെ ഫൈനലിലെത്തിയതാണ് ഡല്‍ഹി ക്യാപിറ്റൽസിന്റെ മികച്ച പ്രകടനം. പഞ്ചാബ് കിങ്സിനും ഇതുവരെ ഐപിഎൽ കിരീടം വിജയിക്കാൻ സാധിച്ചിട്ടില്ല. മുംബൈ ഇന്ത്യൻസിന്റെ മുൻ പരിശീലകൻ കൂടിയായ പോണ്ടിങ്ങിലൂടെ ഇതു സാധ്യമാകുമെന്നാണ് പഞ്ചാബ് ഫ്രാഞ്ചൈസി ഉടമകൾ സ്വപ്നം കാണുന്നത്.
2014 ൽ ഐപിഎല്‍ ഫൈനലിലെത്താൻ പഞ്ചാബിനു സാധിച്ചിരുന്നു. എന്നാൽ കലാശപ്പോരിൽ കാലിടറി. സീസണിനു മുന്നോടിയായി ടീം പൊളിച്ചു പണിയുന്നതു ശീലമാണെങ്കിലും അതിന് അനുസരിച്ചുള്ള ഫലമുണ്ടാക്കാന്‍ പഞ്ചാബിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ഏഴ് ഐപിഎൽ എഡിഷനുകളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്താൻ പോലും പഞ്ചാബിനായില്ല. അർഷ്ദീപ് സിങ്, ജിതേഷ് ശർമ, കഗിസോ റബാദ, ലിയാം ലിവിങ്സ്റ്റൻ, സാം കറൻ, ജോണി ബെയർസ്റ്റോ തുടങ്ങിയ കരുത്തരായ താരങ്ങളുണ്ടായിട്ടും കഴിഞ്ഞ സീസണിൽ പഞ്ചാബ് ഒൻപതാം സ്ഥാനത്തായിരുന്നു.