ADVERTISEMENT

മുംബൈ∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തക്ക് സഞ്ജു സാംസണ് വെല്ലുവിളിയായി യുവതാരം ഇഷാൻ കിഷനെത്തും. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം നടക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ന്യൂസീലൻഡിനെതിരെയും ഓസ്ട്രേലിയയ്ക്കുമെതിരായ ടെസ്റ്റ് പരമ്പര നടക്കാനുള്ളതിനാൽ ഋഷഭ് പന്ത് ബംഗ്ലദേശിനെതിരായ ട്വന്റി20 കളിക്കില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് സഞ്ജുവിന് പ്ലേയിങ് ഇലവനിലേക്കുള്ള സാധ്യത തെളിഞ്ഞത്.

അതേസമയം മുംബൈ ഇന്ത്യൻസ് താരമായ ഇഷാൻ കിഷന്റെ വരവ് പ്ലേയിങ് ഇലവനിൽ സഞ്ജുവിന്റെ അവസരങ്ങള്‍ക്കു വെല്ലുവിളിയാകും. അതേസമയം ഏതു പൊസിഷനിലും ബാറ്റു ചെയ്യാന്‍ മികവുള്ള സഞ്ജുവിന് സ്പെഷലിസ്റ്റ് ബാറ്റർ മാത്രമായും പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചേക്കും. യുവതാരം ശുഭ്മൻ ഗില്ലിനും ട്വന്റി20 പരമ്പരയിൽ വിശ്രമം അനുവദിക്കാനാണു സാധ്യത. പ്ലേയിങ് ഇലവനിലെത്തിയാൽ യശസ്വി ജയ്സ്വാളിനൊപ്പം ഇഷാൻ കിഷനെ ഓപ്പണിങ് ബാറ്ററായി ഉപയോഗിക്കാൻ സാധിക്കും.

ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തതിന്റെ പേരില്‍ ബിസിസിഐയുടെ നടപടി നേരിടേണ്ടിവന്ന ഇഷാൻ കിഷന്‍ തിരിച്ചുവരവിന്റെ പാതയിലാണ്. ജാർഖണ്ഡിന്റെ താരമായ ഇഷാൻ കഴിഞ്ഞ രഞ്ജി സീസണിൽ കളിക്കാൻ തയാറാകാതിരുന്നതു വൻ വിവാദമായിരുന്നു. ബിസിസിഐയുടെ നിര്‍ദേശം അവഗണിച്ച യുവതാരം സ്വന്തം നിലയിൽ ഐപിഎല്ലിനായുള്ള പരിശീലനം തുടങ്ങുകയായിരുന്നു. പിന്നീട് ബിസിസിഐയുടെ വാർഷിക കരാറിൽനിന്നും താരം പുറത്തായി.

കഴിഞ്ഞ വർഷം അവസാനം ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് ഇഷാൻ കിഷൻ ഒടുവിൽ കളിച്ചത്. ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തുന്നതിന്റെ ഭാഗമായി താരം ദുലീപ് ട്രോഫിയിൽ കളിച്ചിരുന്നു. മികച്ച പ്രകടനം നടത്തിയെങ്കിലും പരുക്കേറ്റതിനെ തുടർന്ന് ടീമിൽനിന്നു പുറത്തായി. ഇഷാന് പകരമാണ് സഞ്ജു സാംസൺ ദുലീപ് ട്രോഫി കളിക്കാനെത്തിയത്.

English Summary:

Sanju Samson's chances to play Twenty20 series against Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com