ADVERTISEMENT

അനന്തപുര്‍∙ ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഡി ടീമിനു വേണ്ടി മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിങ് പ്രകടനം. ആറാമനായി ബാറ്റിങ്ങിനിറങ്ങിയ സഞ്ജു ആദ്യ ദിനം കളി നിർത്തുമ്പോൾ 83 പന്തിൽ 89 റൺസെടുത്തു പുറത്താകാതെനിൽക്കുന്നു. മത്സരത്തിന്റെ രണ്ടാം ദിനം സഞ്ജു സെഞ്ചറിയിലേക്കെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കരിയറിലെ രണ്ടാം ദുലീപ് ട്രോഫി മത്സരം കളിക്കുന്ന സഞ്ജു തുടക്കം മുതൽ ഇന്ത്യ ഡിക്കു വേണ്ടി ഏകദിന ശൈലിയിലാണു ബാറ്റു വീശിയത്. 10 ഫോറുകളും മൂന്നു സിക്സറുകളും താരം ബൗണ്ടറി കടത്തി. ആദ്യ ദിനം ഇന്ത്യ ഡി ടീമിനു വേണ്ടി സിക്സടിച്ച ഏക താരം കൂടിയാണ് സഞ്ജു. ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ഡി 77 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെന്ന നിലയിലാണ്.

റിക്കി ഭുയി (87 പന്തിൽ 56), കെ.എസ്. ഭരത് (105 പന്തിൽ 52), ദേവ്ദത്ത് പടിക്കൽ (95 പന്തിൽ 50) എന്നിവരും അർധ സെഞ്ചറി നേടി. അതേസമയം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു തിരിച്ചുവരവ് സ്വപ്നം കാണുന്ന ശ്രേയസ് അയ്യർ പൂജ്യത്തിനു പുറത്തായി. 56 പന്തിൽ 26 റൺസെടുത്ത സരൻഷ് ജെയിനാണ് സഞ്ജുവിനൊപ്പം പുറത്താകാതെനിൽക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബി, ഇന്ത്യ ഡിയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഇന്ത്യ ബിക്കു വേണ്ടി രാഹുൽ ചാഹർ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മുകേഷ് കുമാറും നവ്ദീപ് സെയ്നിയും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

ഇന്ത്യ എയ്ക്കെതിരായ ആദ്യ മത്സരത്തിൽ സഞ്ജുവിന് ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്സിൽ അഞ്ച് റൺസ് മാത്രമെടുത്ത മലയാളി താരം, രണ്ടാം ഇന്നിങ്സിൽ 45 പന്തിൽ 40 റൺസെടുത്തിരുന്നു. ഈ കളിയിൽ ഇന്ത്യ എ 186 റൺസ് വിജയം നേടിയിരുന്നു.

English Summary:

Duleep Trophy, India B vs India D Match Day One Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com