ത്രോ പാഡിൽ തട്ടിയപ്പോൾ 1 റൺ എടുത്തു; പന്തിനോട് തട്ടിക്കയറി ബംഗ്ലദേശ് താരം, തർക്കം- വിഡിയോ
Mail This Article
ചെന്നൈ∙ ആദ്യ ടെസ്റ്റിനിടെ ബംഗ്ലദേശ് വിക്കറ്റ് കീപ്പർ ലിറ്റന്‍ ദാസിനോടു തർക്കിച്ച് ഇന്ത്യൻ താരം ഋഷഭ് പന്ത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ്ങിനിടെ 15–ാം ഓവറിലാണു സംഭവം. ത്രോയ്ക്കിടെ ഋഷഭ് പന്തിന്റെ പാഡിൽ തട്ടി ബോൾ പോയപ്പോൾ, ഒരു റൺ ഓടിയെടുത്തതാണ് പ്രശ്നങ്ങൾക്കു കാരണമായത്. ടസ്കിൻ അഹമ്മദിന്റെ ഗുഡ് ലെങ്ത് ബോൾ ജയ്സ്വാൾ നേരിട്ടപ്പോൾ ഋഷഭ് പന്തിന് ഒരു റൺ എടുക്കണമെന്നുണ്ടായിരുന്നു. പന്ത് മുന്നോട്ടു കുതിച്ചെങ്കിലും ജയ്സ്വാൾ ഓടാൻ തയാറായില്ല.
ഋഷഭ് പന്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്കു തിരിച്ച് ഓടുന്നതിനിടെയാണ് ഫീൽഡറുടെ ത്രോ ഇന്ത്യൻ താരത്തിന്റെ പാഡിൽ തട്ടുന്നത്. തുടർന്ന് ബോൾ മിഡ് ഓണ്‍ ഭാഗത്തേക്കു ഗതി മാറിപ്പോയി. ഈ അവസരം മുതലാക്കി ഇന്ത്യൻ ബാറ്റർമാർ ഒരു റൺ ഓടിയെടുക്കുകയും ചെയ്തു. ഇതു രസിക്കാതിരുന്ന ബംഗ്ലദേശ് കീപ്പർ ലിറ്റൻ ദാസ് ഋഷഭ് പന്തിനു നേരെ തിരിയുകയായിരുന്നു.
ലിറ്റന്‍ ദാസിന് മറുപടി നൽകിയ ശേഷമാണ് ഋഷഭ് പന്ത് ബാറ്റിങ് തുടർന്നത്. ആദ്യ ഇന്നിങ്സിൽ ഹസൻ മഹ്മൂദിന്റെ പന്തിൽ ലിറ്റന്‍ ദാസ് ക്യാച്ചെടുത്താണ് ഋഷഭ് പന്തിനെ പുറത്താക്കുന്നത്. 52 ബോളുകൾ നേരിട്ട ഋഷഭ് പന്ത് 39 റൺസെടുത്തു. 632 ദിവസങ്ങൾക്കു ശേഷമാണ് താരം ഇന്ത്യൻ ജഴ്സിയിൽ ടെസ്റ്റ് കളിക്കാൻ ഇറങ്ങുന്നത്.
2022 ഡിസംബർ 30നുണ്ടായ കാറപകടത്തിനു ശേഷം ആദ്യമായാണ് പന്ത് ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത്. അവസാനമായി ടെസ്റ്റ് കളിച്ചത് അതേ വർഷം ബംഗ്ലദേശിനെതിരെ തന്നെ. എതിർ ബോളർമാരെ കടന്നാക്രമിച്ച് നിർവീര്യരാക്കുന്ന പന്ത് ശൈലി പരമ്പരയിൽ ടീമിനു മുൻതൂക്കം നൽകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
കഴിഞ്ഞ ഐപിഎൽ ക്രിക്കറ്റിലൂടെ മത്സരക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ പന്ത് പിന്നീട് ട്വന്റി20 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിലും അംഗമായി. ദുലീപ് ട്രോഫിയിലൂടെ റെഡ് ബോൾ ക്രിക്കറ്റിലും മാറ്റുരച്ചതിനു ശേഷമാണ് ഇരുപത്തിയാറുകാരൻ പന്ത് ടെസ്റ്റിനിറങ്ങുന്നത്.