പന്തിന്റെ ‘ഉപദേശം’ സ്വീകരിച്ച് ഡിആര്‍എസ് എടുക്കാതെ രോഹിത്, റീപ്ലേയിൽ ഔട്ട്; സിറാജിന് അതൃപ്തി– വിഡിയോ
Mail This Article
ചെന്നൈ∙ ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിനിടെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ ഉപദേശം കേട്ട് ലഭിച്ച വിക്കറ്റ് നഷ്ടമാക്കി ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശർമ. രണ്ടാം ദിനം ബംഗ്ലദേശ് ബാറ്റിങ്ങിനിടെ ഓപ്പണർ സാക്കിർ ഹസനെ പുറത്താക്കാനുള്ള അവസരമാണ് ഇന്ത്യ അശ്രദ്ധ മൂലം നഷ്‍ടമാക്കിയത്. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിലായിരുന്നു സംഭവം. സാക്കിർ ഹസനെതിരെ സിറാജ് എറിഞ്ഞ ഇൻസ്വിങ്ങർ ബാറ്ററുടെ പാഡിലാണു തട്ടിയത്. വിക്കറ്റിനായി അപ്പീൽ ചെയ്ത സിറാജ് തൊട്ടുപിന്നാലെ വിക്കറ്റ് നേട്ടം ആഘോഷിക്കാൻ തുടങ്ങിയിരുന്നു.
എന്നാൽ അംപയർ റോഡ് ടക്കർ ഔട്ട് നൽകാൻ തയാറായില്ല. ഇതോടെ ഡിആർഎസ് വിളിക്കാൻ സിറാജ് രോഹിത് ശർമയെ നിർബന്ധിച്ചു. വിക്കറ്റ് കീപ്പർ ഋഷഭ് പന്തുമായാണ് രോഹിത് ഇക്കാര്യം ചർച്ച ചെയ്തത്. ഔട്ടാണോയെന്ന് ഉറപ്പില്ലെന്നു പന്തു പറഞ്ഞതോടെ രോഹിത് റിവ്യൂ എടുക്കാൻ തയാറായില്ല. പിന്നീട് റീപ്ലേകളിൽ ബംഗ്ലദേശ് താരം ഔട്ടാണെന്നു വ്യക്തമായി.
വിക്കറ്റ് ‘കൈവിട്ടത്’ തിരിച്ചറിഞ്ഞപ്പോൾ ചിരിയായിരുന്നു രോഹിതിന്റെ പ്രതികരണം. എന്നാല്‍ സിറാജ് അതൃപ്തി പരസ്യമാക്കിയതോടെ, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് താരത്തെ ആശ്വസിപ്പിക്കാനെത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഒട്ടേറെ പേരാണ് ഇതു പങ്കുവച്ചത്. എന്നാൽ, ഈ വിക്കറ്റിന് ഇന്ത്യയ്ക്ക് അധികം വില നൽകേണ്ടി വന്നില്ലെന്ന ആശ്വാസം കൂടിയുണ്ട്. ഇന്നിങ്സിലാകെ 22 പന്തുകൾ നേരിട്ട സാക്കിർ ഹസൻ മൂന്നു റൺസ് മാത്രമെടുത്താണു പുറത്തായത്. ആകാശ് ദീപിന്റെ പന്തില്‍ താരം ബോൾഡാകുകയായിരുന്നു.