ബാബർ 40 ഓവർ ബാറ്റു ചെയ്താലും കുഴപ്പമില്ല: സ്ലെഡ്ജ് ചെയ്ത് സർഫറാസ്; സെഞ്ചറി അടിച്ച് മറുപടി
Mail This Article
ഇസ്‍ലാമബാദ്∙ പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ ദേശീയ ടീം ക്യാപ്റ്റൻ ബാബർ അസമിനെ സ്ലെഡ്ജ് ചെയ്ത് മുൻ പാക്ക് ക്യാപ്റ്റൻ സർഫറാസ് അഹമ്മദ്. ചാംപ്യൻസ് കപ്പിൽ സ്റ്റാലിയൻസും ഡോൾഫിൻസും തമ്മിലുള്ള മത്സരത്തിനിടെയാണ് ബാബറിനെ പരിഹസിച്ച് വിക്കറ്റ് കീപ്പറായ സർഫറാസ് രംഗത്തെത്തിയത്. ഡോൾഫിൻസ് ടീമിന്റെ മെന്റർ കൂടിയാണ് 37 വയസ്സുകാരനായ സർഫറാസ്. ബാബർ അസം ബാറ്റു ചെയ്യാൻ ക്രീസിലെത്തിയപ്പോൾ ആരാധകർ പാക്കിസ്ഥാൻ സൂപ്പർ താരത്തിന്റെ പേര് ചാന്റ് ചെയ്യുന്നുണ്ടായിരുന്നു.
ബാബർ 40 ഓവർ വരെ ബാറ്റു ചെയ്താലും ഒരു കുഴപ്പവുമില്ലെന്നായിരുന്നു സർഫറാസിന്റെ കമന്റ്. സഹതാരങ്ങളോടുള്ള സർഫറാസിന്റെ വാക്കുകൾ സ്റ്റംപ് മൈക്കിൽ കൃത്യമായി പതിഞ്ഞു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. ‘‘ഒരു തിരക്കും വേണ്ട, അവര്‍ ബാബർ, ബാബർ എന്നു പറയട്ടെ. ബാബർ 40 ഓവർ വരെ ബാറ്റു ചെയ്യട്ടെ, നമുക്ക് മറ്റുള്ളവരെയെല്ലാം പുറത്താക്കാം.’’– സർഫറാസ് അഹമ്മദ് പ്രതികരിച്ചു.
സർഫറാസിന്റെ വാക്കുകൾക്കു ബാറ്റു കൊണ്ടായിരുന്നു ബാബർ മറുപടി നൽകിയത്. മത്സരത്തിൽ 100 പന്തുകൾ നേരിട്ട ബാബർ അടിച്ചുകൂട്ടിയത് 104 റൺസ്. ലിസ്റ്റ് എയിൽ ബാബറിന്റെ 30–ാം സെഞ്ചറിയാണിത്. 2019ൽ സർഫറാസ് അഹമ്മദിനെ നീക്കിയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ബാബർ അസമിനെ ക്യാപ്റ്റനായി നിയമിച്ചത്. അടുത്തിടെ ഷഹീൻ അഫ്രീദി ക്യാപ്റ്റനായെങ്കിലും, ഏതാനും മത്സരങ്ങൾക്കു ശേഷം ബാബർ തന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് തിരികെയെത്തി.