ബംഗ്ലദേശ് താരത്തിന്റെ ബൗണ്‍സർ അശ്വിന്റെ ഹെൽമറ്റിൽ ഇടിച്ചു, ക്ഷമ ചോദിച്ച് ടസ്കിൻ- വിഡിയോ
Mail This Article
ചെന്നൈ∙ ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിനിടെ പേസര്‍ ടസ്കിൻ അഹമ്മദ് എറിഞ്ഞ ബൗണ്‍സർ ഇന്ത്യൻ ബാറ്റർ ആർ. അശ്വിന്റെ ഹെൽമറ്റിൽ ഇടിച്ചു. വ്യാഴാഴ്ച മത്സരത്തിന്റെ മൂന്നാം സെഷനിലായിരുന്നു സംഭവം. ഓവറിലെ അഞ്ചാം പന്ത് നേരിടാതെ അശ്വിൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും പന്ത് അശ്വിന്റെ ഹെൽമറ്റിന്റെ മുൻ ഭാഗത്ത് ഉരസിയ ശേഷമാണ് സ്ലിപ്പിലേക്കു പോയത്.
പന്ത് അശ്വിന്റെ ഹെൽമറ്റിൽ തട്ടിയെന്നു തിരിച്ചറിഞ്ഞതോടെ ടസ്കിൻ അഹമ്മദ് കൈ ഉയർത്തി ക്ഷമ ചോദിച്ചു. നോൺസ്ട്രൈക്കറായിരുന്ന രവീന്ദ്ര ജഡേജ ഹെൽമറ്റ് പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അശ്വിനു പരുക്കേറ്റെന്നു കരുതി ഇന്ത്യൻ ടീം ഫിസിയോ ഗ്രൗണ്ടിലെത്താൻ തയാറായെങ്കിലും, താരം ബാറ്റിങ് തുടർന്നു. ആദ്യ ദിവസം സെഞ്ചറി നേടിയാണ് അശ്വിൻ ബാറ്റിങ് അവസാനിപ്പിച്ചത്.
108 പന്തുകളിൽനിന്നാണ് അശ്വിൻ രാജ്യാന്തര ക്രിക്കറ്റിലെ ആറാം ടെസ്റ്റ് സെഞ്ചറി സ്വന്തമാക്കിയത്. ആദ്യ ദിനം കളി നിർത്തുമ്പോൾ ആറിന് 339 റൺസെന്ന നിലയിലാണ് ഇന്ത്യ. അർധ സെഞ്ചറി നേടിയ രവീന്ദ്ര ജഡേജയും (117 പന്തിൽ 86) അശ്വിനൊപ്പം (102) പുറത്താകാതെ നിൽക്കുന്നു. അർധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളും ആദ്യ ദിനം ഇന്ത്യയ്ക്കു കരുത്തായി. ഋഷഭ് പന്ത് (52 പന്തിൽ 39), കെ.എൽ. രാഹുൽ (52 പന്തിൽ 16), രോഹിത് ശർമ (ആറ്), വിരാട് കോലി (ആറ്), ശുഭ്മൻ ഗില്‍ (പൂജ്യം) എന്നിവരാണ് വ്യാഴാഴ്ച പുറത്തായ മറ്റു ബാറ്റർമാർ.
യശസ്വി ജയ്സ്വാളും ഋഷഭ് പന്തും കൈകോർത്തതോടെയാണ് ഇന്ത്യൻ സ്കോർ ഉയർന്നത്. ഋഷഭ് പന്തിനെ ലിറ്റൻ ദാസിന്റെ കൈകളിലെത്തിച്ച് ഹസൻ മഹ്മൂദ് വിക്കറ്റു നേട്ടം നാലാക്കി ഉയർത്തി. 118 പന്തുകൾ നേരിട്ട ജയ്സ്വാൾ 56 റൺസെടുത്തു പുറത്തായി. നഹീദ് റാണയുടെ പന്തിൽ ഷദ്മൻ ഇസ്‍ലാം ക്യാച്ചെടുത്താണ് ജയ്സ്വാളിനെ പുറത്താക്കിയത്. സ്കോർ 144 ൽ നിൽക്കെ മെഹ്ദി ഹസൻ മിറാസ് രാഹുലിനെ പുറത്താക്കി. അതിനു ശേഷമായിരുന്നു ജഡേജ– അശ്വിൻ സഖ്യത്തിന്റെ വരവ്. ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 300 കടത്തി.