ദേശീയ ടീമിലെത്തുമെന്നു പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ നിരാശയില്ല: സച്ചിൻ ബേബി
Mail This Article
തിരുവനന്തപുരം∙ കഴിഞ്ഞ സീസൺ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ആദ്യ റൗണ്ടിൽ പുറത്തായിട്ടും ചാംപ്യൻഷിപ്പിലെ മികച്ച രണ്ടാമത്തെ റൺനേട്ടക്കാരനായിരുന്നു സച്ചിൻ ബേബി. ലീഗ് റൗണ്ടിലെ 7 കളികളിൽനിന്നു മാത്രം 4 സെഞ്ചറിയടക്കം 830 റൺസ്. അതിനു മുൻപത്തെ രഞ്ജി സീസണിലും 830 റൺസുമായി കേരളത്തിന്റെ ടോപ് സ്കോററായിരുന്നു സച്ചിൻ. സാങ്കേതിക മികവും ക്ഷമയും പരീക്ഷിക്കപ്പെടുന്നതാണ് ബഹുദിന ക്രിക്കറ്റിലെ ബാറ്റിങ് എങ്കിൽ ക്ഷമയ്ക്കു വലിയ സ്ഥാനമില്ലാത്ത ട്വന്റി20യിലും സച്ചിന്റെ സ്കോറിങ് അനായാസമാണ്.
പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊല്ലം സെയ്‌ലേഴ്സിനെ ചാംപ്യൻമാരാക്കിയ സച്ചിന്റെ ഒറ്റയാൻ പ്രകടനം ഏതു ഫോർമാറ്റിലും ഒരേ മികവോടെ കളിക്കാനുള്ള കഴിവ് വീണ്ടും സാക്ഷ്യപ്പെടുത്തി. സച്ചിൻ തെൻഡുൽക്കറിനോടുള്ള ആരാധനമൂലമാണ് ഇടുക്കിക്കാരായ മാതാപിതാക്കൾ സച്ചിന് ആ പേരിട്ടത്. 36–ാം വയസ്സിലും ആ പെരിന്റെ പെരുമ കാക്കുന്നു ‘കേരള സച്ചിൻ’.
കെസിഎൽ ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെതിരെ സെഞ്ചറിയുമായി കൊല്ലത്തെ ചാംപ്യൻമാരാക്കിയ സച്ചിൻ ‘മനോരമ’യോടു സംസാരിക്കുന്നു.
2 സെഞ്ചറിയും 3 അർധ സെഞ്ചറിയും ലീഗ് ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ്പും. പ്രതീക്ഷിച്ചതാണോ?
ഏതു ഫോർമാറ്റായാലും അതിനനുസരിച്ച് കളിക്കുക എന്നതാണ് പ്രധാനം. കെസിഎൽ പ്രഖ്യാപിച്ച ജൂൺ മുതൽ അതിനു വേണ്ടിയുള്ള പ്രത്യേക പരിശീലനം ആരംഭിച്ചിരുന്നു. ദിവസവും 3 മണിക്കൂറായിരുന്നു പരിശീലനം. ഫിറ്റ്നസ് പരിശീലനത്തിനും പ്രധാന്യം നൽകി. മാനേജ്മെന്റ് തന്ന പിന്തുണയും വലുതാണ്.
ഇന്ത്യൻ ടീമിലേക്കു പരിഗണിക്കാത്തതിൽ നിരാശയുണ്ടോ?
എല്ലാറ്റിനും ഒരു കാരണമുണ്ടെന്നാണു വിശ്വാസം. കഴിഞ്ഞ രഞ്ജി സീസൺ കഴിഞ്ഞപ്പോൾ ദേശീയ ടീമിലേക്കു പരിഗണിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ നിരാശയില്ല. എവിടെയായാലും നന്നായി കളിക്കുക എന്നതാണ് ചെയ്യാനാകുന്നത്. ഇനിയും അവസരങ്ങളുണ്ടല്ലോ.