രണ്ടാം ഇന്നിങ്സിൽ കോലി ശരിക്കും ഔട്ടല്ല; ഡിആർഎസ് എടുക്കാത്തതിൽ കുപിതനായി ക്യാപ്റ്റൻ രോഹിത്– വിഡിയോ
Mail This Article
ചെന്നൈ∙ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ വിരാട് കോലി ശരിക്കും ഔട്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ! 37 പന്തിൽ രണ്ടു ഫോറുകൾ സഹിതം 17 റൺസെടുത്ത കോലിയെ മെഹ്ദി ഹസൻ മിറാസ് എൽബിയിൽ കുരുക്കിയതായി അംപയർ വിധിച്ചെങ്കിലും, താരം പുറത്തായിരുന്നില്ലെന്ന് റീപ്ലേയിൽ വ്യക്തമായി. അംപയർ എൽബി വിധിച്ച പന്ത് കോലിയുടെ ബാറ്റിൽ സ്പർശിച്ചിരുന്നതായി റീപ്ലേയിൽ തെളിഞ്ഞു. ഇതോടെ, കോലി ഡിആർഎസ് ഉപയോഗിക്കാത്തതിൽ അനിഷ്ടം പ്രകടിപ്പിക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിലെ 20–ാം ഓവറിലാണ് കോലി പുറത്തായതായി അംപയർ റിച്ചാർഡ് കെറ്റിൽബറോ വിധിച്ചത്. ഈ ഓവർ ബോൾ ചെയ്ത മെഹ്ദി ഹസൻ മിറാസിന്റെ അപ്പീൽ സ്വീകരിച്ചായിരുന്നു അംപയറുടെ വിധി. കോലിക്ക് ഡിആർഎസ് ആവശ്യപ്പെടാൻ അവസരമുണ്ടായിരുന്നെങ്കിലും, നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ശുഭ്മൻ ഗില്ലുമായി സംസാരിച്ച ശേഷം റിവ്യൂ വേണ്ടെന്നു വച്ച് മടങ്ങുകയായിരുന്നു. ഈ സമയം 37 പന്തിൽ രണ്ടു ഫോറുകൾ സഹിതം കോലിയുടെ സമ്പാദ്യം 17 റൺസ്.
എന്നാൽ, പിന്നീട് ഈ പന്തിന്റെ റീപ്ലേ പരിശോധനകളിൽ കോലി യഥാർഥത്തിൽ ഔട്ടായിരുന്നില്ലെന്ന് വ്യക്തമായി. മെഹ്ദി ഹസൻ മിറാസിന്റെ പന്ത് മുന്നോട്ടാഞ്ഞ് ഓൺ സൈഡിലേക്ക് കളിക്കാനായിരുന്നു കോലിയുടെ ശ്രമമെങ്കിലും, താരത്തെ ബീറ്റ് ചെയ്ത പന്ത് താഴ്ന്നുവന്ന് പാഡിൽ തട്ടുകയായിരുന്നു. മെഹ്ദി ഹസന്റെയും ബംഗ്ലാ താരങ്ങളുടെയും അപ്പീൽ സ്വീകരിച്ച അംപയർ ഔട്ട് വിധിച്ചു.
പിന്നീട് റീപ്ലേകളിലാണ് പന്ത് ബാറ്റിൽ സ്പർശിച്ചതായി വ്യക്തമായത്. അൾട്രാ എഡ്ജിലാണ്, പന്ത് ബാറ്റിൽ സ്പർശിച്ചതായി തെളിഞ്ഞത്. ഇതിനു പിന്നാലെ, കോലി ഡിആർഎസ് ഉപയോഗിക്കാത്തതിൽ ക്യാപ്റ്റൻ രോഹിത് ശർമ അതൃപ്തി പ്രകടമാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. റീപ്ലേ കണ്ട് പുഞ്ചിരിക്കുന്ന അംപയർ റിച്ചാർഡ് കെറ്റിൽബറോ, നിരാശനായി നിൽക്കുന്ന ശുഭ്മൻ ഗിൽ എന്നിവരെയും ദൃശ്യങ്ങളിൽ കാണാം.