ADVERTISEMENT

ചെന്നൈ ∙ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്ത്യ ഉയർത്തിയ 515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലദേശ് മൂന്നാം ദിനം വെളിച്ചക്കുറവു മൂലം നേരത്തേ കളി നിർത്തുമ്പോൾ 37.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എന്ന നിലയിലാണ്. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ (51), ഷാക്കിബ് അൽ ഹസൻ (5) എന്നിവർ ക്രീസിൽ. രണ്ടു ദിവസത്തെ കളിയും ആറു വിക്കറ്റും ബാക്കിനിൽക്കെ ബംഗ്ലദേശിന് വിജയത്തിലേക്ക് 357 റൺസ് കൂടി വേണം.

ഓപ്പണർമാരായ സാക്കിർ ഹസൻ (47 പന്തിൽ 33), ഷദ്മൻ ഇസ്‍ലാം (68 പന്തിൽ 35), മോമിനുൽ ഹഖ് (24 പന്തിൽ 13), മുഷ്ഫിഖുർ റഹിം (11 പന്തിൽ 13) എന്നിവരാണ് ബംഗ്ലദേശ് നിരയിൽ പുറത്തായത്. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ 15 ഓവറിൽ 63 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്ര ഏഴ് ഓവറിൽ 18 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.

കൂറ്റൻ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ബംഗ്ലദേശിന് ഓപ്പണർമാരായ സാക്കിർ ഹസനും ഷദ്മൻ ഇസ്‍ലാമും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇന്ത്യയ്‌ക്കെതിരെ 28 ഇന്നിങ്സുകളിൽ ബംഗ്ലദേശ് ഓപ്പണിങ് കൂട്ടുകെട്ടിന്റെ മൂന്നാമത്തെ മാത്രം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത ഇരുവരും 62 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. സാക്കിർ ഹസനെ പുറത്താക്കി ബുമ്രയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ മൂന്നു വിക്കറ്റെടുത്ത് അശ്വിൻ വിശ്വരൂപം കാട്ടിയതോടെ ബംഗ്ലദേശ് തളർന്നു. അർധസെഞ്ചറിയുമായി പടനയിക്കുന്ന ക്യാപ്റ്റൻ ഷാന്റോയിലാണ് ബംഗ്ലദേശിന്റെ ഇനിയുള്ള പ്രതീക്ഷ.

∙ സെഞ്ചറിത്തിളക്കത്തിൽ പന്ത്, ഗിൽ

നേരത്തേ, മുൻനിര ബാറ്റർമാർ കൈവിട്ടിട്ടും ഉത്തരവാദിത്തം ഏറ്റെടുത്ത് പടനയിച്ച ശുഭ്മൻ ഗിൽ – ഋഷഭ് പന്ത് സഖ്യത്തിന്റെ മികവിലാണ് ഇന്ത്യ ബംഗ്ലദേശിനു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തിയത്. രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്ത് ഡിക്ലയർ ചെയ്ത ഇന്ത്യ, ബംഗ്ലദേശിനു മുന്നിൽ ഉയർത്തിയത്  515 റൺസ് വിജയലക്ഷ്യം. 64 ഓവറിലാണ് ഇന്ത്യ 287 റൺസെടുത്തത്. കരിയറിലെ അഞ്ചാം സെഞ്ചറി കുറിച്ച ശുഭ്മൻ ഗിൽ 119 റൺസോടെയും കെ.എൽ. രാഹുൽ 22 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 51 പന്തിൽ അടിച്ചുകൂട്ടിയത് 53 റൺസ്

161 പന്തിൽ ഒൻപതു ഫോറും മൂന്നു സിക്സും സഹിതമാണ് ഗിൽ സെഞ്ചറി കുറിച്ചത്. ഇന്നിങ്സിലാകെ 176 പന്തുകൾ നേരിട്ട ഗിൽ, 10 ഫോറും നാലു സിക്സും സഹിതം 119 റൺസുമായി പുറത്താകാതെ നിന്നു. 124 പന്തിൽ 11 ഫോറും നാലു സിക്സും സഹിതമാണ് പന്ത് സെഞ്ചറിയിലെത്തിയത്. നാലാം വിക്കറ്റിൽ പന്ത് – ഗിൽ സഖ്യം 167 റൺസ് കൂട്ടിച്ചേർത്തു. സെഞ്ചറി പൂർത്തിയാക്കി അധികം വൈകാതെ ഋഷഭ് പന്ത് പുറത്തായി. 128 പന്തിൽ 13 ഫോറും നാലു സിക്സും സഹിതം 109 റൺസെടുത്ത പന്തിനെ മെഹ്ദി ഹസൻ മിറാസ് സ്വന്തം ബോളിങ്ങിൽ ക്യാച്ചെടുത്ത് പുറത്താക്കി. രാഹുൽ 19 പന്തിൽ നാലു ഫോറുകൾ സഹിതം 22 റൺസുമായി പുറത്താകാതെ നിന്നു.

കരിയറിലെ ആറാം സെഞ്ചറി കുറിച്ച പന്ത്, മുഴുവൻ സമയ വിക്കറ്റ് കീപ്പർമാരിൽ ഇന്ത്യയ്ക്കായി കൂടുതൽ ടെസ്റ്റ് സെഞ്ചറി നേടിയവരിൽ മഹേന്ദ്രസിങ് ധോണിക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി. മൂന്നു സെഞ്ചറിയുമായി വൃദ്ധിമാൻ സാഹയാണ് രണ്ടാമത്. ബംഗ്ലദേശ് നായകൻ നജ്മുൽ ഹുസൈൻ ഷാന്റോ സ്പിന്നർമാരെയും പേസർമാരെയും മാറിമാറി പരീക്ഷിച്ചെങ്കിലും മൂന്നാം ദിനം ആദ്യ സെഷനിൽ ഗിൽ – പന്ത് കൂട്ടുകെട്ട് പൊളിക്കാനായില്ല. ഒടുവിൽ സെഞ്ചറി പൂർത്തിയാക്കിയാണ് പന്ത് കീഴടങ്ങിയത്.

നേരത്തെ, ബംഗ്ലദേശ് സ്പിന്നർ മെഹ്ദി ഹസൻ മിറാസിനെതിരെ ഒരു പന്തിന്റെ ഇടവേളയിൽ നേടിയ ഇരട്ട സിക്സറുകളുമായാണ് ശുഭ്മൻ ഗിൽ അർധസെഞ്ചറി പിന്നിട്ടത്. ഓപ്പണർ യശസ്വി ജയ്സ്വാൾ (17 പന്തിൽ 10), ക്യാപ്റ്റൻ രോഹിത് ശർമ (ഏഴു പന്തിൽ അഞ്ച്), വിരാട് കോലി (37 പന്തിൽ 17) എന്നിവരാണ് ഇന്ത്യൻ നിരയിൽ ഇതുവരെ പുറത്തായത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ത്യയ്ക്ക് നഷ്ടമായ മൂന്നു വിക്കറ്റുകൾ ടസ്കിൻ അഹമ്മദ്, നഹിദ് റാണ, മെഹ്ദി ഹസൻ മിറാസ് എന്നിവർ പങ്കിട്ടു. പന്തിന്റെ വിക്കറ്റ് കൂടിയ നേടിയ മെഹ്ദി ഹസന് രണ്ടാം ഇന്നിങ്സിൽ ആകെ ലഭിച്ചത് 2 വിക്കറ്റ്.

∙ ഇന്ത്യയുടെ ‘ബുമ്രായുധം’

നേരത്തെ, ജസ്പ്രീത് ബുമ്രയെന്ന ബ്രഹ്മാസ്ത്രവും ഒപ്പം മുഹമ്മദ് സിറാജും ആകാശ് ദീപും ചേർന്നതോടെ അതിവേഗ പന്തുകൾക്കു പറുദീസയായി മാറിയ ചെപ്പോക്കിലെ പിച്ചിൽ ഇന്ത്യൻ പേസർമാർ ബംഗ്ലദേശ് ബാറ്റിങ് നിരയെ പൊളിച്ചടുക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ 376 റൺസ് നേടി ഇന്ത്യൻ ബാറ്റർമാർ വേരുപിടിച്ച മണ്ണിൽ മറുപടി ബാറ്റിങ്ങിൽ ബംഗ്ലദേശ് 149 റൺസിൽ തകർന്നടിഞ്ഞു. 227 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ മത്സരം വരുതിയിലാക്കുകയും ചെയ്തു. ആകെ 17 വിക്കറ്റുകൾ വീണ രണ്ടാം ദിനത്തിലെ സൂപ്പർസ്റ്റാർ 4 വിക്കറ്റ് വീഴ്ത്തിയ ബുമ്രയായിരുന്നു. മുഹമ്മദ് സിറാജും ആകാശ് ദീപും രവീന്ദ്ര ജഡേജയും 2 വിക്കറ്റ് വീതം നേടി. രാജ്യാന്തര ക്രിക്കറ്റിൽ 400 വിക്കറ്റുകളെന്ന നാഴികക്കല്ലും ബുമ്ര ഇന്നലെ സ്വന്തമാക്കി.

ബുമ്രയുടെ പന്ത് പുറത്തേക്കു പോകുമെന്നു കരുതി ബാറ്റുയർ‌ത്തി നിൽക്കെ, സ്റ്റംപ് തെറിക്കുന്നതു കണ്ട് ഞെട്ടിയ ഓപ്പണർ ഷദ്മാൻ ഇസ്‍ലാമിന്റെ നിസ്സഹായതയായിരുന്നു ഇന്നലെ ബംഗ്ലദേശ് ബാറ്റർമാരുടെയെല്ലാം മുഖത്ത്. സ്വിങ് ചെയ്ത് ഗതിമാറിയെത്തിയ പന്തുകൾക്കു മുന്നിൽ പ്രതിരോധം പാളിയ പലരും വിക്കറ്റ് പോയതു പോലുമറിഞ്ഞില്ല! ഇന്നിങ്സിന്റെ ആദ്യ ഓവറിലെ അവസാന പന്തിലാണ് ബുമ്രയുടെ ഇൻസ്വിങർ ഷദ്മാന്റെ വിക്കറ്റ് തെറിപ്പിച്ചത് (2). കുൽദീപ് യാദവിനെ പുറത്തിരുത്തി മൂന്നാം പേസറായി തന്നെ ഉൾപ്പെടുത്തിയ ടീം മാനേജ്മെന്റിന്റെ തീരുമാനം ശരിവയ്ക്കാൻ ബംഗാൾ പേസർ ആകാശ് ദീപിന് വേണ്ടിവന്നത് വെറും 2 പന്തുകൾ. തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ സാക്കിർ ഹസനെയും (3) അടുത്ത പന്തിൽ മോമിനുൽ ഹഖിനെയും (0) ബോൾഡാക്കിയായിരുന്നു ആകാശിന്റെ പ്രഹരം.

ക്യാപ്റ്റൻ നജ്മുൽ ഷാന്റോയെയും (20) മുഷ്ഫിഖുർ റഹിമിനെയും (8) അടുത്തടുത്ത ഓവറുകളിൽ സിറാജും ബുമ്രയും പുറത്താക്കിയതോടെ 5ന് 40 എന്ന നിലയിൽ ബംഗ്ലദേശ് തകർന്നു. ഒരു മാസം മുൻപ് റാവൽപിണ്ടിയിൽ പാക്കിസ്ഥാനെതിരായ ടെസ്റ്റിൽ 26 റൺസിനിടെ 6 വിക്കറ്റുകൾ നഷ്ടമായശേഷം അതിശയകരമായി തിരിച്ചടിച്ച ബംഗ്ലദേശ് ഇന്നലെയും ഒരു തിരിച്ചുവരവ് സ്വപ്നം കണ്ടു. അന്ന് സെഞ്ചറി നേടി ടീമിനെ രക്ഷിച്ച ലിറ്റൻ ദാസ്, ഷാക്കിബുൽ ഹസനൊപ്പം ചേർന്ന് ചെറുത്തുനിൽപിനു ശ്രമിച്ചു നോക്കി.

പേസർമാരെ അനായാസം നേരിട്ട ഇവരുടെ കൂട്ടുകെട്ട് പൊളിക്കാൻ രോഹിത് ശർമ രംഗത്തിറക്കിയത് രവീന്ദ്ര ജഡേജയെയാണ്. ആറാം വിക്കറ്റിൽ 51 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരെയും 2 ഓവറുകളുടെ വ്യത്യാസത്തി‍ൽ ജഡേജ പുറത്താക്കിയതോടെ ബംഗ്ലദേശിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. മെഹ്ദി ഹസൻ (27 നോട്ടൗട്ട്) അവസാനം വരെ പിടിച്ചുനിന്നെങ്കിലും പിന്തുണയ്ക്ക് ആളുണ്ടായില്ല. ‌ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇതാദ്യമായാണ് ടെസ്റ്റിൽ ഒരു ദിവസത്തിനിടെ 17 വിക്കറ്റുകൾ വീഴുന്നത്.

English Summary:

India vs Bangladesh, 1st Test, Day 3 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com