ADVERTISEMENT

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഒത്തുകളിക്കാൻ 2 കളിക്കാർക്കു കോഴ വാഗ്ദാനം ചെയ്തെന്ന പരാതികളിൽ പൊലീസ് അന്വേഷണം കേരളത്തിനു പുറത്തേക്കു വ്യാപിപ്പിക്കുന്നു. കോഴ വാഗ്ദാനം ചെയ്ത് കളിക്കാരിലൊരാളുടെ ഫോണിൽ സന്ദേശമെത്തിയത് ഛത്തീസ്ഗഡിൽ നിന്നാണെന്നു തെളിഞ്ഞതോടെയാണിത്. വഞ്ചന, കേരള ഗെയ്മിങ്, ഐടി ചട്ടങ്ങൾ പ്രകാരം ഫോർട്ട്, കന്റോൺമെന്റ് സ്റ്റേഷനുകളിലാണു കേസെടുത്തിരിക്കുന്നത്.

ടൂർണമെന്റ് ചാംപ്യൻമാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്സ് ടീമംഗം അമൽ രമേശ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് അംഗം അഖിൽ സ്കറിയ എന്നിവരുടെ ഫോണുകളിലേക്കാണു കോഴ വാഗ്ദാനം ചെയ്ത് വാട്സാപ്, ഇൻസ്റ്റഗ്രാം സന്ദേശങ്ങളെത്തിയത്. വൈഡ്, നോബോൾ എന്നിവ എറിഞ്ഞാൽ ഓരോ പന്തിനും ഒരു ലക്ഷം രൂപയായിരുന്നു അമലിനുള്ള വാഗ്ദാനം. വാട്സാപ് സന്ദേശം ഛത്തീസ്ഗഡിൽ നിന്നാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാം വഴിയാണ് അഖിലിനു സന്ദേശമെത്തിയത്. സ്പോൺസർഷിപ് കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾക്കെന്ന പേരിൽ അഖിലിനെ ബന്ധപ്പെട്ടവർ പിന്നീട് കോഴ വാഗ്ദാനം ചെയ്തു. തങ്ങൾ ആവശ്യപ്പെടുന്ന രീതിയിൽ ഒരു ഓവർ എറിഞ്ഞാൽ 5 ലക്ഷം നൽകാമെന്നായിരുന്നു വാഗ്ദാനം. സന്ദേശത്തിന്റെ ഉറവിടം പൊലീസ് പരിശോധിക്കുകയാണ്.

കളിക്കാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ടീം അധികൃതർ ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തെ ബന്ധപ്പെട്ടു. ബിസിസിഐ നൽകിയ പരാതികളിലാണു പൊലീസ് കേസെടുത്തത്. സന്ദേശമയച്ചവരുടെ വിവരങ്ങൾക്കായി ഇൻസ്റ്റഗ്രാം, വാട്സാപ് എന്നിവയുടെ നോഡൽ ഓഫിസർമാരെ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

English Summary:

Match fixing offer in KCL investigation begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com