‘നീണ്ടുനീണ്ടു’ പോയ കാത്തിരിപ്പിനു വിട; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സഞ്ജുവിന്റെ സെഞ്ചറി 1740 ദിവസങ്ങൾക്കു ശേഷം– വിഡിയോ
Mail This Article
അനന്തപുർ∙ ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിയ്ക്കായി ഇന്ത്യ ബിയ്‌ക്കെതിരെ സെഞ്ചറി കുറിച്ചതോടെ മലയാളി താരം സഞ്ജു സാംസൺ വിരാമമിട്ടത് സുദീർഘമായ ഒരു കാത്തിരിപ്പിനു കൂടി! ഇന്ത്യൻ ക്രിക്കറ്റിലെ അറിയപ്പെടുന്ന താരമാണെങ്കിലും, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സഞ്ജു മൂന്നക്കത്തിലെത്തുന്നത് അഞ്ച് വർഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷമാണെന്നതാണ് കൗതുകം.
ഇതിനു മുൻപ് സഞ്ജു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചറി നേടിയത് 2019 ഡിസംബറിൽ ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ്. അതിനു ശേഷം അടുത്ത ഫസ്റ്റ് ക്ലാസ് സെഞ്ചറിക്കായുള്ള കാത്തിരിപ്പു നീണ്ടത് 1740 ദിവസം!
ദുലീപ് ട്രോഫിയിൽ ഇന്ത്യ ബിയ്ക്കെതിരെ ഏകദിന ശൈലിയിൽ തകർത്തടിച്ച സഞ്ജു ഒന്നാം ഇന്നിങ്സിൽ നേടിയത് 106 റൺസാണ്. 101 പന്തിൽ 12 ഫോറും മൂന്നു സിക്സും സഹിതമായിരുന്നു സഞ്ജുവിന്റെ പ്രകടനം. സഞ്ജുവിന്റെ സെഞ്ചറിക്കരുത്തിൽ ഇന്ത്യ ഡി, ഇന്ത്യ ബിയ്‌ക്കെതിരെ ഒന്നാം ഇന്നിങ്സിൽ നേടി
ഫസ്റ്റ് ക്ലാസ് കരിയറിൽ 64–ാം മത്സരങ്ങൾ കളിക്കുന്ന സഞ്ജുവിന്റെ 11–ാം സെഞ്ചറിയാണ് അനന്തപുരിലെ റൂറൽ ഡെവലപ്മെന്റ് ട്രസ്റ്റ് സ്റ്റേഡിയത്തിൽ പിറന്നത്. കേരള ടീമിനു വേണ്ടിയല്ലാതെ സഞ്ജു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു സെഞ്ചറി നേടുന്നതും ഇതാദ്യം.
ഇതിനു പുറമേ, ദുലീപ് ട്രോഫിയിലെ സെഞ്ചറിയിലൂടെ സഞ്ജു മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി. കേരളത്തിൽനിന്ന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ സെഞ്ചറി നേടിയിട്ടുള്ള താരങ്ങളുടെ പട്ടികയിൽ സഞ്ജു മൂന്നാം സ്ഥാനതെത്തി. മുന്നിലുള്ളത് സച്ചിൻ ബേബി (18), രോഹൻ പ്രേം (13) എന്നിവർ മാത്രം.