‘എല്ലാവരും ഉറക്കമാണോ?’: ഫീൽഡിലെ നിർദ്ദേശം ശ്രദ്ധിക്കാത്തതിന് രോഹിത്തിന്റെ ‘ആത്മഗതം’– വിഡിയോ
Mail This Article
ചെന്നൈ∙ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഫീൽഡ് ചെയ്യുന്നതിനിടെ നിർദ്ദേശങ്ങൾ നൽകുമ്പോൾ ശ്രദ്ധിക്കാതിരുന്ന താരം ‘ഉറങ്ങുകയാണോ’ എന്ന് ക്യാപ്റ്റൻ രോഹിത് ശർമയുടെ ആത്മഗതം. മത്സരത്തിന്റെ രണ്ടാം ദിനം ബംഗ്ലദേശ് താരങ്ങൾ ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
മത്സരത്തിൽ ഇന്ത്യ 376 റൺസെടുത്ത് ഒന്നാം ഇന്നിങ്സിൽ ഓൾഔട്ടായിരുന്നു. പിന്നീട് ബംഗ്ലദേശ് താരങ്ങൾ മറുപടി ബാറ്റിങ് ആരംഭിച്ചതിനു പിന്നാലെയായിരുന്നു സംഭവം. ഫീൽഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി രോഹിത് നിർദ്ദേശം നൽകാൻ ശ്രമിച്ചെങ്കിലും, ക്യാപ്റ്റൻ ഉദ്ദേശിച്ച താരം (ആരാണെന്ന് വ്യക്തമല്ല) ഇത് ശ്രദ്ധിച്ചില്ല.
ഇതോടെയാണ്, അൽപം ഉറക്കെ ‘എല്ലാവരും ഉറക്കമാണോ’ എന്ന തരത്തിൽ രോഹിത് പ്രതികരിച്ചത്. രോഹിത്തിന്റെ ശബ്ദം മൈക്കിൽ പതിഞ്ഞതോടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.