ADVERTISEMENT

അനന്തപുർ∙ ദുലീപ് ട്രോഫി ക്രിക്കറ്റിൽ മലയാളി താരം സഞ്ജു സാംസണിന്റെ കന്നി സെഞ്ചറി വെറുതെയായില്ല. ഒന്നാം ഇന്നിങ്സിൽ സഞ്ജുവും രണ്ടാം ഇന്നിങ്സിൽ റിക്കി ഭുയിയും സെഞ്ചറിയുമായി തിളങ്ങിയ മത്സരത്തിൽ ഇന്ത്യ ബിയ്‍ക്കെതിരെ ഇന്ത്യ ഡിയ്ക്ക് തകർപ്പൻ ജയം. 258 റൺസിനാണ് ഇന്ത്യ ഡി ജയിച്ചുകയറിയത്. 373 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റെടുത്ത ഇന്ത്യ ബി, 22.2 ഓവറിൽ 116 റൺസിന് എല്ലാവരും പുറത്തായി. ആറു വിക്കറ്റെടുത്ത അർഷ്ദീപ് സിങ്, നാലു വിക്കറ്റെടുത്ത ആദിത്യ താക്കറെ എന്നിവരാണ് ഇന്ത്യ ബിയെ തകർത്തത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഡിയ്ക്കായി ബോൾ ചെയ്തത് ഇവർ മാത്രം. ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിയുടെ ആദ്യ വിജയമാണിത്. ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ ഡി പരാജയപ്പെട്ടിരുന്നു.

സ്കോർ: ഇന്ത്യ ഡി – –349 & 305, ഇന്ത്യ ബി – 282, 115

373 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ ബിയ്ക്കായി, ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത് നിതീഷ് കുമാർ റെഡ്ഡിക്കു മാത്രം. 43 പന്തുകൾ നേരിട്ട റെഡ്ഡി ഏഴു ഫോറും ഒരു സിക്സും സഹിതം 40 റൺസുമായി പുറത്താകാതെ നിന്നു. റെഡ്ഡിക്കു പുറമേ ഇന്ത്യ ബി നിരയിൽ രണ്ടക്കത്തിലെത്തിയത് രണ്ടു പേർ മാത്രം. 10 പന്തിൽ രണ്ടു സിക്സ് സഹിതം 16 റൺസെടുത്ത ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റൻ കൂടിയായ സൂര്യകുമാർ യാദവും 32 പന്തിൽ മൂന്നു ഫോറുകളോടെ 19 റൺസെടുത്ത ക്യാപ്റ്റൻ അഭിമന്യു ഈശ്വരനും.

എൻ.ജഗദീശൻ (എട്ടു പന്തിൽ അഞ്ച്), സുയാഷ് പ്രഭുദേശായി (ഒൻപതു പന്തിൽ രണ്ട്), മുഷീർ ഖാൻ (0), വാഷിങ്ടൻ സുന്ദർ (ആറു പന്തിൽ അഞ്ച്), രാഹുൽ ചാഹർ (ഏഴു പന്തിൽ ആറ്), മോഹിത് അവാസ്തി (0), നവ്ദീപ് സെയ്നി (0), മുകേഷ് കുമാർ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. 11.2 ഓവറിൽ 40 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത അർഷ്ദീപ് സിങ്ങാണ് ഇന്ത്യ ബിയെ തകർത്തത്. ശേഷിക്കുന്ന നാലു വിക്കറ്റുകൾ ആദിത്യ താക്കറെ സ്വന്തമാക്കി. 11 ഓവറിൽ 59 റൺസ് വഴങ്ങിയാണ് താക്കറെ നാലു വിക്കറ്റ് വീഴ്ത്തിയത്.

നേരത്തേ, രണ്ടാം ഇന്നിങ്സിൽ 58.3 ഓവറിൽ ഇന്ത്യ ഡി 305 റൺസിന് പുറത്തായതോടെയാണ് ഇന്ത്യ ബിയ്ക്കു മുന്നിൽ 373 റൺസ് വിജയലക്ഷ്യം ഉയർന്നത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഡി 67 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ദുലീപ് ട്രോഫിയിലെ രണ്ടാം സെഞ്ചറി കുറിച്ച റിക്കി ഭുയിയാണ് ഇന്ത്യ ഡിയെ മികച്ച നിലയിൽ എത്തിച്ചത്. റിക്കി 124 പന്തിൽ 15 ഫോറും മൂന്നു സിക്സും സഹിതം 119 റൺസുമായി പുറത്താകാതെ നിന്നു. റിക്കിക്കു പുറമേ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (40 പന്തിൽ 50), സഞ്ജു സാംസൺ (53 പന്തിൽ 45), ആകാശ് സെൻഗുപ്ത (72 പന്തിൽ 29), അർഷ്ദീപ് സിങ് (29 പന്തിൽ 13) എന്നിവരും ഇന്ത്യ ഡിയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

English Summary:

India B vs India D, Duleep Trophy 5th Match, Day 4 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com