ഒരേ ഇടത്ത് രണ്ട് ഫീൽഡർമാർ എന്തിന്? ബംഗ്ലദേശിനെ ഫീൽഡിങ്ങിൽ സഹായിച്ചതിന് പന്തിന്റെ ന്യായീകരണം
Mail This Article
ചെന്നൈ∙ ഇന്ത്യ– ബംഗ്ലദേശ് ഒന്നാം ടെസ്റ്റിനിടെ ബംഗ്ലദേശ് ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ൻ ഷന്റോയെ ഫീൽഡ് സെറ്റ് ചെയ്യാൻ സഹായിച്ചത് എന്തിനെന്നു വെളിപ്പെടുത്തി ഇന്ത്യൻ താരം ഋഷഭ് പന്ത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്തും ശുഭ്മൻ ഗില്ലും ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു എല്ലാവരെയും ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മിഡ് വിക്കറ്റിലേക്കു ചൂണ്ടിക്കാട്ടി ‘ഒരു ഫീൽഡർ ഇവിടെ’ എന്ന് പന്ത് നിര്‍ദേശിക്കുകയായിരുന്നു. ഇത് അനുസരിച്ച ഷന്റോ ഇന്ത്യൻ താരം പറഞ്ഞ സ്ഥാനത്തുതന്നെ ഒരു ഫീൽഡറെ നിർത്തുകയും ചെയ്തു.
മത്സരത്തിനു ശേഷം ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ സാബാ കരീം ഋഷഭ് പന്തിനോട് ഇക്കാര്യം ചോദിച്ചു. ‘‘രണ്ടാം ഇന്നിങ്സിൽ ടസ്കിൻ അഹമ്മദ് പന്തെറിയാൻ എത്തിയപ്പോൾ എന്തിനാണു നിങ്ങൾ ഫീൽഡ് സെറ്റ് ചെയ്യുന്നത്? ആരാണ് ബംഗ്ലദേശ് ക്യാപ്റ്റൻ ഷന്റോയോ അതോ പന്തോ?’’– സാബാ കരീമിന്റെ ചോദ്യത്തിന് രസകരമായ മറുപടിയായിരുന്നു പന്ത് നൽകിയത്. ഒരേ സ്ഥലത്തു രണ്ട് ബംഗ്ലദേശ് ഫീൽഡർമാര്‍ ഉണ്ടായിരുന്നതിനാലാണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവച്ചതെന്ന് പന്ത് പ്രതികരിച്ചു.
‘‘ഞാനും മുൻ ക്രിക്കറ്റ് താരം അജയ് ഭായും (അജയ് ജഡേജ) ക്രിക്കറ്റ് എങ്ങനെ മികച്ചതാക്കാം എന്നതിനെക്കുറിച്ച് നിരന്തരം സംസാരിക്കാറുണ്ട്. അതു നമ്മുടെ ടീമായാലും എതിര്‍ ടീമായാലും മികച്ചതായിരിക്കണം. ഞാൻ നോക്കുമ്പോൾ അവിടെ ഫീൽഡറില്ല. മറ്റൊരിടത്ത് രണ്ടു ഫീൽഡർമാരുണ്ട്. അതുകൊണ്ടാണ് ഒരു ഫീൽഡറെ മാറ്റിനിര്‍ത്താൻ ഞാൻ നിർദേശിച്ചത്.’’– ഋഷഭ് പന്ത് പ്രതികരിച്ചു. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്ത് സെഞ്ചറി നേടിയിരുന്നു. 280 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ മത്സരത്തിൽ സ്വന്തമാക്കിയത്.