ADVERTISEMENT

ചെന്നൈ∙ ഇന്ത്യ – ബംഗ്ലദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ വെളിച്ചക്കുറവ് പ്രശ്നമായതോടെ മത്സരം നിർത്തിവച്ച അംപയർമാരോട്, വേണമെങ്കിൽ താൻ സ്പിൻ എറിയാമെന്ന് ഇന്ത്യൻ താരം മുഹമ്മദ് സിറാജിന്റെ ‘ഓഫർ’. അപകടം മനസ്സിലാക്കി ഉടൻ തന്നെ പ്രശ്നത്തിൽ ഇടപെട്ട ഇന്ത്യൻ നായകൻ രോഹിത് ശർമ, സിറാജിന് സ്പിൻ എറിയാനറിയില്ലെന്ന് വ്യക്തമാക്കിയത് കളത്തിലെ രസകരമായ നിമിഷമായി. വെളിച്ചക്കുറവ് മത്സരത്തെ ബാധിക്കുമെന്ന് വ്യക്തമായതോടെ, അംപയർമാർ മൂന്നാം ദിവസത്തെ മത്സരം നേരത്തേ അവസാനിപ്പിക്കുകയും ചെയ്തു.

മത്സരത്തിന്റെ മൂന്നാം ദിനം അവസാന സെഷനിലാണ്, വെളിച്ചം കുറവാണെന്ന് വ്യക്തമായതോടെ അംപയർമാർ മത്സരം നിർത്തിവച്ച് പരിശോധിക്കാൻ തീരുമാനിച്ചത്. 515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലദേശ് ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു ഇത്. ബോളിങ് ടീമിന്റെ ക്യാപ്റ്റനായ രോഹിത് ശർമയെ ഉൾപ്പെടെ വിളിച്ചുവരുത്തി അംപയർമാർ ഇക്കാര്യം സംസാരിക്കുകയും ചെയ്തു.

ബംഗ്ലദേശ് ഇന്നിങ്സിലെ 38–ാം ഓവറിലാണ് അംപയർ റോഡ് ടക്കർ ഇടപെട്ട് മത്സരം നിർത്തിച്ചത്. ഈ സമയത്ത് ബോൾ ചെയ്യാൻ നിയോഗിക്കപ്പെട്ടത് മുഹമ്മദ് സിറാജായിരുന്നു. വെളിച്ചക്കുറവാണ് പ്രശ്നമെങ്കിൽ താൻ സ്പിൻ എറിയാനും തയാറാണെന്ന് സിറാജ് അംപയർമാരെയും രോഹിത് ശർമയെയും അറിയിക്കുകയായിരുന്നു. സ്പിന്നർമാരേപ്പോലെ പന്ത് കയ്യിലിട്ട് ചുഴറ്റിക്കൊണ്ടായിരുന്നു സിറാജിന്റെ വരവ്.

സ്പിൻ ബോളർമാരെ അനുസ്മരിപ്പിക്കുന്ന ആക്ഷനുമായുള്ള സിറാജിന്റെ വരവ് കമന്ററി ബോക്സിലും കൗതുകം സൃഷ്ടിച്ചെന്ന് അവരുടെ പ്രതികരണങ്ങൾ തെളിയിച്ചു. സിറാജിനെക്കൊണ്ട് സ്പിൻ എറിയിക്കാൻ രോഹിത് ധൈര്യപ്പെടുമോ എന്ന ചോദ്യവും ഉയർന്നു. 

സ്പിൻ എറിയാമെന്ന സിറാജിന്റെ നിർദ്ദേശം അംപയർമാർ രോഹിത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, രോഹിത് പുഞ്ചിരിയോടെ അത് തള്ളിക്കളഞ്ഞു. ‘സിറാജിന് സ്പിൻ എറിയാൻ അറിയില്ല’ എന്നായിരുന്നു രോഹിത്തിന്റെ പ്രതികരണം. ഇത് കളത്തിൽ ഇരു ടീമുകളുടെയും താരങ്ങൾക്കിടയിൽ ചിരി സൃഷ്ടിക്കുകയും ചെയ്തു.

ഏതാനും ദിവസങ്ങൾക്കു മുൻപ്, ഇംഗ്ലിഷ് പേസ് ബോളറായ ക്രിസ് വോക്സ് ശ്രീലങ്കയ്‍ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ സ്പിൻ എറിഞ്ഞത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അന്നും വെളിച്ചക്കുറവിന്റെ പശ്ചാത്തലത്തിലാണ് ക്രിസ് വോക്സ് സ്പിൻ എറിയാനിടയായത്. ഈ സംഭവവും സിറാജിന്റെ നിർദ്ദേശത്തെ സ്വാാധീനിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു.

English Summary:

Rohit Sharma's response to Mohammed Siraj's spin offer leaves teammates in splits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com