ദുലീപ് ട്രോഫിയോടെ സൂര്യയ്ക്കും അയ്യർക്കും ‘ക്ഷീണം’; ഓസീസ് പര്യടനത്തിനു മുൻപേ സിലക്ടർമാരെ ‘പരീക്ഷിച്ച്’ സഞ്ജു
Mail This Article
മുംബൈ∙ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം മോഹിക്കുന്ന താരങ്ങൾക്കുള്ള വാതിലായിരുന്നു ഇന്നലെ സമാപിച്ച ദുലീപ് ട്രോഫിയെങ്കിൽ, ഏറ്റവും നിരാശപ്പെടുന്ന രണ്ട് സീനിയർ താരങ്ങൾ ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവും മുംബൈ താരം ശ്രേയസ് അയ്യരുമായിരിക്കും. ടെസ്റ്റ് ടീമിലേക്ക് ഒരു തിരിച്ചുവരവ് മോഹിക്കുന്ന അയ്യർക്ക് ഇന്ത്യ ഡിയുടെ ക്യാപ്റ്റനെന്ന നിലയിൽ ആകെ നേടാനായത് മൂന്ന് കളികളിൽനിന്ന് 154 റൺസ്. പരുക്കു മൂലം ഒരു മത്സരം മാത്രം കളിച്ച സൂര്യകുമാർ യാദവ് ആകട്ടെ, മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ട ഇന്ത്യ ഡിയ്‌ക്കെതിരെ നേടിയത് യഥാക്രമം 5, 16 റൺസ് വീതം.
ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിന് ആദ്യ ടെസ്റ്റിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയെങ്കിലും, ഈ വർഷം അവസാനം നടക്കുന്ന ഓസ്ട്രേലിയയ്‌ക്കെതിരായ ബോർഡർ – ഗാവസ്കർ ട്രോഫിക്കുള്ള ടീമിൽ ഇടം നേടാനുള്ള അവസരമായിരുന്നു ദുലീപ് ട്രോഫിയിലെ പ്രകടനം. ടീമിൽ ഇടം പ്രതീക്ഷിക്കുന്ന പ്രമുഖ താരങ്ങളായ ഇരുവരും പൂർണമായും നിരാശപ്പെടുത്തിയെന്നു പറയാം. രണ്ട് അർധസെഞ്ചറികൾ കുറിച്ചെങ്കിലും ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ് സമീപനത്തിന്റെ പേരിൽ ദുലീപ് ട്രോഫിക്കിടെ അയ്യർ വിമർശിക്കപ്പെടുകയും ചെയ്തു.
അതേസമയം, പരമ്പരയിൽ രണ്ടു സെഞ്ചറികൾ വീതം നേടി ടീമിൽ ഇടത്തിനായി അവകാശവാദമുന്നയിച്ച രണ്ടു പേരുണ്ട്. ഒന്ന് ഇന്ത്യ ഡി താരം റിക്കി ഭുയി. രണ്ടാമൻ, ഇന്ത്യ ബി ടീം നായകനായ അഭിമന്യു ഈശ്വരൻ. മൂന്നു കളികളിൽനിന്ന് 71.80 ശരാശരിയിൽ 359 റൺസ് അടിച്ചുകൂട്ടിയ റിക്കി ഭുയിയാണ് ദുലീപ് ട്രോഫിയിലെ റൺവേട്ടക്കാരിൽ ഒന്നാമൻ. ഇത്രയും കളികളിൽനിന്ന് 77.25 ശരാശരിയിൽ 309 റൺസുമായി അഭിമന്യൂ ഈശ്വരൻ രണ്ടാമതെത്തി.
ദുലീപ് ട്രോഫിയിലെ തകർപ്പൻ പ്രകടനത്തിലൂടെ ടീമിൽ ഇടത്തിനായി അവകാശ വാദം ഉന്നയിച്ച താരങ്ങൾ വേറെയുമുണ്ട്. ആദ്യ മത്സരത്തിൽത്തന്നെ തകർപ്പൻ സെഞ്ചറിയുമായി വരവറിയിച്ച പത്തൊൻപതുകാരൻ മുഷീർ ഖാൻ അതിലൊരാളാണ്. പിന്നീട് പക്ഷേ നിറംമങ്ങിയത് മുഷീറിന് തിരിച്ചടിയാണ്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും തിളങ്ങിയ ഋതുരാജ് ഗെയ്‌ക്‌വാദ്, മൂന്ന് അർധസെഞ്ചറികളുമായി കരുത്തുകാട്ടിയ ദേവ്ദത്ത് പടിക്കൽ, ആഭ്യന്തര സീസണിൽ സ്ഥിരതയോടെ മിന്നുന്ന യുവതാരം ശാശ്വത് റാവത്ത് തുടങ്ങിയവർ ഉദാഹരണം.
ടെസ്റ്റ് ടീമിലേക്ക് ഇതുവരെ കാര്യമായി പരിഗണിക്കപ്പെടാത്ത മലയാളി താരം സഞ്ജു സാംസണും മികച്ച ഇന്നിങ്സുകളുമായി ശ്രദ്ധ കവർന്നു. ഏകദിന ശൈലിയിൽ നേടിയ ഒരു സെഞ്ചറി ഉൾപ്പെടെ രണ്ടു മത്സരങ്ങളിൽനിന്ന് 196 റൺസുമായി റൺവേട്ടക്കാരിൽ എട്ടാമനാണ് സഞ്ജു. മറ്റു താരങ്ങളേക്കാൾ ഒരു മത്സരം കുറച്ചു കളിച്ചാണ് ഈ നേട്ടം. ടൂർണമെന്റിൽ കൂടുതൽ സിക്സ് നേടിയ താരങ്ങളിൽ ഒന്നാമനാണ് സഞ്ജു. റിക്കി ഭുയിക്കും സഞ്ജുവിനും എട്ട് സിക്സറുകൾ വീതമാണുള്ളത്.
അതേസമയം, ടീമിൽ ഇടത്തിനായി മത്സരിക്കേണ്ട ഇഷാൻ കിഷനും ഒരു മത്സരത്തിൽ സെഞ്ചറി നേടിയിരുന്നു. ഇത്തവണ രഞ്ജി ട്രോഫിയിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയാൽ സഞ്ജുവിനും സാധ്യതയുണ്ടെന്ന് നിരീക്ഷണങ്ങളുണ്ട്. പ്രത്യേകിച്ചും ഓസീസ് പിച്ചുകൾക്ക് അനുയോജ്യമാണ് സഞ്ജുവിന്റെ ശൈലിയെന്ന് വിലയിരുത്തലുള്ള സാഹചര്യത്തിൽ.
ബോളർമാരിൽ ശ്രദ്ധ നേടിയ പ്രധാനതാരം ഇടംകയ്യൻ പേസർ അർഷ്ദീപ് സിങ് തന്നെ. മൂന്നു മത്സരങ്ങളിൽനിന്ന് 13 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. അവസാന മത്സരത്തിൽ ടീമിന് വിജയം സമ്മാനിച്ച ആറു വിക്കറ്റ് നേട്ടവും ഇക്കൂട്ടത്തിലുണ്ട്. ബോർഡർ – ഗാവസ്കർ ട്രോഫിയിൽ ഇന്ത്യൻ പേസ് നിരയിൽ ഒരു ഇടംകൈ ബോളറുടെ സാന്നിധ്യം എപ്രകാരം ഗുണകരമാകുമെന്ന് മുൻ ഓസീസ് നായകൻ ഇയാൻ ചാപ്പൽ ചൂണ്ടിക്കാട്ടിയത് കഴിഞ്ഞ ദിവസമാണ്. ഖലീൽ അഹമ്മദിനൊപ്പം ഇടംകൈ പേസർ സ്ഥാനത്തേക്ക് അർഷ്ദീപും അവകാശവാദം ഉന്നയിച്ചുകഴിഞ്ഞിരിക്കുന്നു.
ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവു മോഹിക്കുന്ന മുകേഷ് കുമാർ വിക്കറ്റ് വേട്ടക്കാരിൽ 15 വിക്കറ്റോടെ രണ്ടാമതും നവ്ദീപ് സെയ്നി 14 വിക്കറ്റോടെ മൂന്നാമതുമുണ്ട്. ദേശീയ ടീമിലേക്ക് ഇതുവരെ പരിഗണിക്കപ്പെടാത്ത ഇരുപത്തിമൂന്നുകാരൻ അൻഷുൽ കംബോജാണ് 16 വിക്കറ്റുമായി പട്ടികയിൽ ഒന്നാമത്. രണ്ടു കളികളിൽനിന്ന് 141 റൺസും ഏഴു വിക്കറ്റും നേടിയ ഷംസ് മുളാനിയാണ് ശ്രദ്ധ നേടിയ മറ്റൊരാൾ.