കോലിക്കും രോഹിത്തിനും ശേഷം ആര്?: ബിസിസിഐ സഞ്ജുവിനെ പിന്തുണയ്ക്കണമെന്ന് തുറന്നടിച്ച് സ്റ്റുവാർട്ട് ബിന്നി
Mail This Article
ബെംഗളൂരു∙ രാജ്യാന്തര ട്വന്റി20യിൽനിന്ന് സൂപ്പർതാരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും വിരമിച്ച സാഹചര്യത്തിൽ ഏറ്റവും അനുയോജ്യനായ പകരക്കാരൻ മലയാളി താരം സഞ്ജു സാംസണാണെന്ന് മുൻ ഇന്ത്യൻ താരവും ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയുടെ മകനുമായ സ്റ്റുവാർട്ട് ബിന്നി. ഇതുമായി ബന്ധപ്പെട്ട് ഒരു കായിക മാധ്യമത്തോടു സംസാരിക്കുമ്പോഴായിരുന്നു ബിന്നിയുടെ പ്രതികരണം. ദേശീയ ടീം ജഴ്സിയിൽ ലഭിച്ച ചെറിയ അവസരങ്ങളിൽ പോലും മികവു കാട്ടിയ താരമാണ് സഞ്ജുവെന്ന് ബിന്നി ചൂണ്ടിക്കാട്ടി.
രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരാട് കോലി, രോഹിത് ശർമ എന്നിവർ വിരമിച്ചതോടെ ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് ഏറ്റവും അനുയോജ്യരാവർ ആരാണെന്നാണ് താങ്കൾ കരുതുന്നത് എന്നായിരുന്നു ചോദ്യം.
‘‘കോലിയും രോഹിത്തും പോകുന്നതോടെ സഞ്ജു സാംസണിന് കുറച്ചുകൂടി പിന്തുണയും അവസരവും ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. ലഭിക്കുന്ന ചെറിയ അവസരങ്ങൾ പോലും സഞ്ജു പരമാവധി മുതലെടുക്കുന്നുണ്ട്. മുന്നോട്ടു പോകുമ്പോൾ സഞ്ജുവിന് സ്ഥിരമായി അവസരങ്ങൾ ലഭിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം.’ – സ്റ്റുവാർട്ട് ബിന്നി പറഞ്ഞു.
ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പ്രകടനം മോശമാെയന്നു കരുതി വിരാട് കോലിയെ എഴുതിത്തള്ളാനാകില്ലെന്നും ഒരു ചോദ്യത്തിനു മറുപടിയായി ബിന്നി പറഞ്ഞു. കോലി ആരാണെന്നതിന് അദ്ദേഹത്തിന്റെ പ്രകടനങ്ങളും റെക്കോർഡുകളുമാണ് സാക്ഷ്യമെന്നും ബിന്നി ചൂണ്ടിക്കാട്ടി. ബംഗ്ലദേശ് പരമ്പരയ്ക്കു മുന്നോടി ആവശ്യത്തിന് ഒരുക്കമില്ലാതെ പോയതാണോ കോലിയുടെ മോശം പ്രകടനത്തിനു കാരണമെന്നായിരുന്നു ചോദ്യം.
‘‘എല്ലാ കളികളിലും ഒരാൾ സ്കോർ ചെയ്യുമെന്ന് കരുതാനാകില്ല. വിരാട് കോലി ആരാണ്, എന്താണ് എന്നതിനെക്കുറിച്ച് അദ്ദേഹം നേടിയിട്ടുള്ള റെക്കോർഡുകളും അദ്ദേഹത്തിന്റെ പ്രകടനങ്ങളുമാണ് സാക്ഷി. ഒന്നോ രണ്ടോ മത്സരങ്ങളിൽ പ്രകടനം മോശമാകുന്നത് സ്വാഭാവികമല്ലേ. അതിനെക്കുറിച്ച് നാം അധികം തല പുകയ്ക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം ക്രിക്കറ്റിലെ ഇതിഹാസമാണ്. ശക്തമായിത്തന്നെ തിരിച്ചുവരുമെന്ന് തീർച്ചയല്ലേ.’– ബിന്നി പറഞ്ഞു. വിരാട് കോലിയും രോഹിത് ശർമയും ദുലീപ് ട്രോഫി കളിക്കേണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിന്, അതിന് ഉത്തരം പറയേണ്ടത് താനല്ലെന്നും ബിന്നി മറുപടി നൽകി.