അന്ന് സച്ചിനോട് ചെയ്തത് ഓർമയില്ലേ? ഇത് കെ.എൽ.രാഹുലാണ്, ഈ ചെയ്തത് ഒട്ടും ശരിയായില്ല: രോഹിത്തിനും ഗംഭീറിനും രൂക്ഷ വിമർശനം
Mail This Article
ചെന്നൈ∙ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കെ.എൽ. രാഹുലിന്റെ കാര്യത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറും കുറച്ചുകൂടി ശ്രദ്ധ കാട്ടേണ്ടതായിരുന്നുവെന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്. കരിയറിൽ ഫോം കണ്ടെത്താനാകാതെ ഉഴറുന്ന രാഹുൽ അതിന്റെ പേരിൽ വിവിധ കോണുകളിൽനിന്ന് കടുത്ത വിമർശനങ്ങളേറ്റു വാങ്ങുന്ന സാഹചര്യത്തിൽ, അദ്ദേഹത്തിന് കുറച്ചുകൂടി നേരം ക്രീസിൽ നിൽക്കാനും റൺസ് സ്കോർ ചെയ്യാനും സമയം അനുവദിക്കേണ്ടിയിരുന്നുവെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. രണ്ടാം ഇന്നിങ്സിൽ രാഹുൽ 19 പന്തിൽ നാലു ഫോറുകൾ സഹിതം 22 റൺസെടുത്ത് നിൽക്കെയാണ് രോഹിത് ശർമ ഇന്ത്യൻ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.
ഒന്നാം ഇന്നിങ്സിൽ 52 പന്തിൽ 16 റൺസെടുത്ത് പുറത്തായ രാഹുൽ, രണ്ടാം ഇന്നിങ്സിൽ മികച്ച രീതിയിൽ ബാറ്റു ചെയ്യുമ്പോഴാണ് ഇന്ത്യ പെട്ടെന്ന് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വച്ചു നോക്കുമ്പോൾ, കുറച്ചുനേരം കൂടി ആ ഒഴുക്കിൽ കളി തുടരാൻ അനുവദിക്കണമായിരുന്നുവെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. അങ്ങനെ ചെയ്താലും മത്സരഫലത്തിൽ എന്തെങ്കിലും വ്യത്യാസം വരാനും ഏതെങ്കിലും താരത്തിന്റെ ജോലിഭാരം കൂടാനോ സാധ്യതയില്ലായിരുന്നുവെന്നും ചോപ്ര പറഞ്ഞു. പാക്കിസ്ഥാന്റെ മുൻ താരം ബാസിത് അലിയും സമാനമായ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.
‘‘ഒന്നര ദിവസത്തിലധികം കളി ബാക്കിനിൽക്കുമ്പോഴാണ് ഇന്ത്യ 280 റൺസിന് ജയിച്ചത്. ബംഗ്ലദേശിനെ ഫോളോ ഓൺ ചെയ്യിക്കാൻ അവസരമുണ്ടായിരുന്നെങ്കിലും നമ്മൾ അതു ചെയ്തില്ല. സമയത്തിന്റെ പ്രശ്നം ഈ മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യൻ ടീം അഭിമുഖീകരിച്ചിട്ടില്ല. മഴയുടെയോ മറ്റ് കാലാവസ്ഥാ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് കുറച്ചുനേരം കൂടി ക്രീസിൽ നിൽക്കാനും 60–70 റൺസ് നേടാനും രാഹുലിനെ അനുവദിക്കാമായിരുന്നു’ – ചോപ്ര ചൂണ്ടിക്കാട്ടി.
മത്സരത്തിന്റെ മൂന്നാം ദിവസം ഡിക്ലയർ ചെയ്യുന്നതിനു മുൻപ് കുറച്ചുനേരം കൂടി ബാറ്റിങ് തുടർന്നാലും അത് മത്സരഫലത്തിലോ ഏതെങ്കിലും താരത്തിന്റെ ജോലിഭാരത്തിലോ കാര്യമായ വ്യത്യാസം വരുത്തുമായിരുന്നില്ലെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
‘‘അങ്ങനെയൊരു സാധ്യത നമുക്കു മുന്നിലുണ്ടായിരുന്ന സാഹചര്യത്തിൽ അത് ഉപയോഗപ്പെടുത്താമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. അത് മത്സരഫലത്തെ ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കുമായിരുന്നുവെന്ന് എനിക്കു തോന്നുന്നില്ല. അതാണ് എനിക്കു പറയാനുള്ള ഒരു കാര്യം. കുറച്ചുനേരം കൂടി ബാറ്റു ചെയ്യുന്നതുകൊണ്ട് ഏതെങ്കിലും താരത്തിന്റെ ജോലിഭാരം കൂടുമെന്നും കരുതാൻ വയ്യ. ഇത്തത്തിൽ ഒന്നിനെയും ബാധിക്കാത്ത സാഹചര്യത്തിൽ, 19 പന്തിൽ 22 റൺസുമായി ബാറ്റു ചെയ്യുകയായിരുന്ന താരത്തിന് കുറച്ചുനേരം കൂടി ക്രീസിൽ തുടരാനും റൺസ് സ്കോർ ചെയ്യാനും അവസരം നൽകുന്നതായിരുന്നു നല്ലത്.’ – ചോപ്ര പറഞ്ഞു.
2004ൽ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ മുൾട്ടാനിൽ പാക്കിസ്ഥാനെതിരെ 194 റൺസിൽ നിൽക്കെ ക്യാപ്റ്റനായിരുന്ന രാഹുൽ ദ്രാവിഡ് ഇന്ത്യൻ ഇന്നിങ്സ് ഡിക്ലയർ ചെയ്ത കുപ്രസിദ്ധ സംഭവവും ആകാശ് ചോപ്ര ഓർമിപ്പിച്ചു. സച്ചിനെയും രാഹുലിനെയും തമ്മിൽ താരതമ്യം ചെയ്യാനല്ല തന്റെ ശ്രമമെന്ന് ചോപ്ര വിശദീകരിച്ചു. ഏറ്റവും മികച്ച ബാറ്ററായിട്ടും ആറാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങേണ്ടിവന്ന രാഹുലിന് കുറച്ചുനേരം കൂടി തുടരാൻ അവസരം നൽകുകയായിരുന്നു വേണ്ടതെന്ന് ചോപ്ര പറഞ്ഞു.
‘‘പിന്നിലേക്കു നോക്കിയാൽ പഴയൊരു സംഭവം നമുക്കു കാണാം. അന്ന് സച്ചിൻ തെൻഡുൽക്കർ 194 റൺസുമായി നിൽക്കെ രാഹുൽ മുൾട്ടാൻ ടെസ്റ്റിൽ ഇന്ത്യൻ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. അന്നും മത്സരം നാലാം ദിവസം തന്നെ അവസാനിച്ചു. ഇതിനു പിന്നാലെ ഡിക്ലറേഷനെക്കുറിച്ച് ചോദിച്ചപ്പോൾ രാഹുൽ ദ്രാവിഡ് പറഞ്ഞത്, സച്ചിൻ 194ൽ നിൽക്കുന്ന കാര്യം അറിഞ്ഞിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ലെന്നാണ്.
‘‘ഇവിടെ കെ.എൽ. രാഹുൽ 195 റൺസുമായി നിൽക്കുകയായിരുന്നെന്നൊന്നുമല്ല ഞാൻ പറയുന്നത്. മാത്രമല്ല, രാഹുൽ സച്ചിൻ തെൻഡുൽക്കറുമല്ല. പക്ഷേ നല്ലൊരു ബാറ്ററായ രാഹുലിനെ ടീം ആറാം നമ്പറിലാണ് അവിടെ കളിക്കാനിറക്കിയത്. പൊതുവെ രാഹുലിനേപ്പോലുള്ള താരങ്ങൾ ആറാം നമ്പറിൽ ബാറ്റു ചെയ്യാറില്ല. അതുകൊണ്ട് രാഹുലിന്റെ കാര്യത്തിൽ കുറച്ചുകൂടി പരിഗണന നൽകാമായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. അങ്ങനെ ചെയ്യുന്നതുകൊണ്ട് മത്സരഫലം മാറില്ലെന്നതിനാൽ, രാഹുലിന്റെ കാര്യത്തിൽ ഒന്നുകൂടി ശ്രദ്ധിക്കാമായിരുന്നു’ – ചോപ്ര പറഞ്ഞു.