ഫൈനൽ കോളിങ്: ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം വിടാതെ ഇന്ത്യ
Mail This Article
ചെന്നൈ ∙ ബംഗ്ലദേശിനെതിരായ ടെസ്റ്റ് വിജയത്തോടെ, ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം ഇന്ത്യ അരക്കിട്ടുറപ്പിച്ചു. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 7 ജയമുള്ള ഇന്ത്യയുടെ പോയിന്റ് ശതമാനം 71.67 ആണ്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് 12 മത്സരങ്ങളിൽ നിന്ന് 8 ജയമടക്കം 62.5 ശതമാനം പോയിന്റുണ്ട്. മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയുടെ പോയിന്റ് ശതമാനം 50 ആണ്. ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിനു പിന്നാലെ ന്യൂസീലൻഡിനെതിരെ 3 മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. നിലവിലെ ഫോമിൽ ന്യൂസീലൻഡ് ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധ്യതയില്ല.
നവംബറിൽ ആരംഭിക്കുന്ന ഇന്ത്യ– ഓസ്ട്രേലിയ ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയാകും ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതിൽ നിർണായകമാവുക. പോയിന്റ് ശതമാനത്തിൽ മുന്നിലുള്ള ആദ്യ രണ്ടു ടീമുകളാണ് ചാംപ്യൻഷിപ് ഫൈനലിന് യോഗ്യത നേടുക എന്നതിനാൽ, ഓസ്ട്രേലിയൻ പരമ്പരയിൽ നിറംമങ്ങിയാലും ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചേക്കും. 2025 ജൂൺ 11ന് ലോഡ്സിലാണ് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ.
179 ജയം, 178 തോൽവി; ടെസ്റ്റിൽ തോൽവിയെക്കാൾ കൂടുതൽ ജയങ്ങളുമായി ടീം ഇന്ത്യ
ടെസ്റ്റ് മത്സരങ്ങളിൽ തോൽവിയെക്കാൾ കൂടുതൽ വിജയങ്ങൾ എന്ന നേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. ആകെ 580 ടെസ്റ്റ്മത്സരങ്ങൾ കളിച്ച ഇന്ത്യൻ ടീം 179 മത്സരങ്ങളിൽ ജയിച്ചപ്പോൾ തോൽവി വഴങ്ങിയത് 178 തവണ. 222 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ഒരു മത്സരം ടൈ. 1932ൽ ഇംഗ്ലണ്ടിനെതിരെ ലോഡ്സിലായിരുന്നു ഇന്ത്യയുടെ ആദ്യ ഔദ്യോഗിക ടെസ്റ്റ് മത്സരം നടന്നത്. അതിൽ തോറ്റ ഇന്ത്യ, 92 വർഷത്തിനിടെ ഇതാദ്യമായാണ് തോൽവിയെക്കാൾ കൂടുതൽ വിജയങ്ങൾ സ്വന്തമാക്കുന്നത്. ഓസ്ട്രേലിയ (414 ജയം, 232 തോൽവി), ഇംഗ്ലണ്ട് (397 ജയം, 325 തോൽവി), ദക്ഷിണാഫ്രിക്ക (179 ജയം, 161 തോൽവി), പാക്കിസ്ഥാൻ (148 ജയം, 144 തോൽവി) എന്നീ ടീമുകളാണ് ഇന്ത്യയ്ക്കു പുറമേ, ടെസ്റ്റിൽ തോൽവിയെക്കാൾ കൂടുതൽ വിജയങ്ങൾ സ്വന്തമായുള്ള ടീമുകൾ.
ഇന്ത്യയുടെ സാധ്യത
ബംഗ്ലദേശിനെതിരെ ഒന്നും ന്യൂസീലൻഡിനെതിരെ മൂന്നും ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചും അടക്കം 9 ടെസ്റ്റ് മത്സരങ്ങളാണ് ചാംപ്യൻഷിപ്പിനു മുൻപ് ഇന്ത്യയ്ക്കു ബാക്കിയുള്ളത്. ഇതിൽ 4 എണ്ണം ജയിക്കുകയും ഒന്നിലധികം മത്സരങ്ങൾ തോൽക്കാതിരിക്കുകയും ചെയ്താൽ ഇന്ത്യയ്ക്ക് ഫൈനൽ ഉറപ്പിക്കാം.