ADVERTISEMENT

മുംബൈ∙ ദുലീപ് ട്രോഫി ക്രിക്കറ്റിനു പിന്നാലെ ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിക്കാനൊരുങ്ങി ബിസിസിഐ. ഒക്ടോബർ ഒന്നിനു തുടങ്ങുന്ന ഇറാനി കപ്പ് പോരാട്ടത്തിൽ റെസ്റ്റ് ഓഫ് ഇന്ത്യ മുംബൈയെയാണു നേരിടുന്നത്. ഇന്ത്യയുടെ ടെസ്റ്റ്, ട്വന്റി20 ടീമുകളിലെ പ്രധാന താരങ്ങളെയെല്ലാം ടീമിൽനിന്നും ഒഴിവാക്കിയായിരിക്കും ബിസിസിഐയുടെ പ്രഖ്യാപനം. ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റും പിന്നാലെ ട്വന്റി20 പരമ്പരയും വരാനുള്ളതിനാലാണ് പ്രധാന താരങ്ങളെയെല്ലാം മാറ്റിനിർത്തുന്നത്. ദുലീപ് ട്രോഫിയിൽ സെഞ്ചറി നേടിയെങ്കിലും മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ബിസിസിഐ ടീമിലേക്കു പരിഗണിച്ചിട്ടില്ലെന്നാണു വിവരം.

രഞ്ജി ട്രോഫി ചാംപ്യൻമാരായ മുംബൈയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലുള്ള പോരാട്ടം ലക്നൗവിലെ ഏകന സ്റ്റേഡിയത്തിൽവച്ചാണു നടക്കുക. സാധാരണയായി രഞ്ജി ചാംപ്യൻമാരുടെ ഹോം ഗ്രൗണ്ടിൽവച്ചാണ് ഇറാനി കപ്പ് നടക്കേണ്ടത്. എന്നാൽ മുംബൈയിൽ മഴ ഭീഷണി നിലനിൽക്കുന്നതിനാലാണു മത്സരം മറ്റൊരു വേദിയിലേക്കു മാറ്റാൻ ബിസിസിഐ തീരുമാനമെടുത്തത്. രോഹിത് ശർമ, സൂര്യകുമാർ യാദവ് തുടങ്ങിയ സൂപ്പർ താരങ്ങളില്ലെങ്കിലും ശക്തമായ ടീമിനെയാണ് മുംബൈ ഇറക്കുന്നത്. അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ, ഷാർദൂൽ ഠാക്കൂർ, തുഷാർ ദേശ്പാണ്ഡെ, മുഷീർ‍ ഖാൻ, തനുഷ് കൊട്യാൻ എന്നീ താരങ്ങൾ മുംബൈയിൽ‍ കളിക്കും.

അഭിമന്യു ഈശ്വരൻ നയിക്കുന്ന റെസ്റ്റ് ഓഫ് ഇന്ത്യയിൽ യുവതാരങ്ങളായ സായ് സുദർശൻ‍, ദേവ്ദത്ത് പടിക്കൽ, രജത് പട്ടീദാർ, റിക്കി ഭൂയി, ഇഷാന്‍ കിഷന്‍, സായ് കിഷോർ തുടങ്ങിയ താരങ്ങൾ ഇടം പിടിച്ചേക്കും. റിയാൻ പരാഗ്, തിലക് വർ‍മ, ശിവം ദുബെ എന്നിവരും റെസ്റ്റ് ഓഫ് ഇന്ത്യ ടീമിൽ ഉണ്ടാകാൻ സാധ്യതയില്ല. ഇഷാൻ കിഷനായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പർ. ദുലീപ് ട്രോഫിയിലെ അവസാന മത്സരത്തിൽ‍ ഇന്ത്യ ഡിയ്ക്കു വേണ്ടി സഞ്ജു സെഞ്ചറി നേടിയിരുന്നു. ഇന്ത്യ ബിയ്ക്കെതിരായ പോരാട്ടത്തിൽ ആദ്യ ഇന്നിങ്സിൽ 106 റൺസെടുത്ത മലയാളി താരം രണ്ടാം ഇന്നിങ്സിൽ 45 റൺസ് അടിച്ചെടുത്തിരുന്നു.

റെസ്റ്റ് ഓഫ് ഇന്ത്യ സാധ്യതാ ടീം– അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റൻ), സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, രജത് പട്ടീദാർ, റിക്കി ഭൂയി, ശശാങ്ക് റാവത്ത്, ഇഷാന്‍ കിഷൻ, അഭിഷേക് പൊറേൽ, സായ് കിഷോർ, മാനവ് സുതാർ, രാഹുൽ ചാഹർ, അൻ‍ഷൂൽ കാംബോജ്, മുകേഷ് കുമാർ, നവ്ദീപ് സെയ്നി, വിജയ്കുമാർ വൈശാഖ്.

English Summary:

Rest Of India Predicted Squad For Irani Cup 2024 VS Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com