നോൺ സ്ട്രൈക്കറുടെ ദേഹത്തു തട്ടി പന്ത് വിക്കറ്റിലേക്ക്, ‘സ്വയം റൺഔട്ടായി’ അഫ്ഗാൻ ബാറ്റർ- വിഡിയോ
Mail This Article
ദുബായ്∙ ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2–1ന്റെ വിജയവുമായാണ് അഫ്ഗാനിസ്ഥാൻ കഴിഞ്ഞ ദിവസം പരമ്പര സ്വന്തമാക്കിയത്. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച അഫ്ഗാനിസ്ഥാൻ മൂന്നാം മത്സരം കൈവിടുകയായിരുന്നു. വിചിത്രമായ ഒരു പുറത്താകൽ രീതിക്കായിരുന്നു മൂന്നാം പോരാട്ടത്തിൽ ഷാർജ സ്റ്റേഡിയം സാക്ഷിയായത്. അഫ്ഗാന്‍ താരം റഹ്മത് ഷാ മത്സരത്തിൽ റൺഔട്ടായത്, സ്വന്തം ശരീരത്തിൽ തട്ടിയ പന്ത് വിക്കറ്റിലേക്കു പതിച്ചായിരുന്നു. ബോളറായിരുന്ന ലുങ്കി എൻഗിഡിയുടെ വിരലിൽ തട്ടിയ പന്താണ്, റഹ്മത്തിന്റെ ദേഹത്തു തട്ടിയ ശേഷം ഗതി മാറി വിക്കറ്റിലേക്കു വീണത്.
മത്സരത്തിൽ ആറു പന്തുകൾ നേരിട്ട താരം ഒരു റൺ മാത്രമെടുത്തു പുറത്താകുകയായിരുന്നു. മത്സരത്തിൽ അഫ്ഗാൻ ബാറ്റിങ്ങിനിടെ ഒൻപതാം ഓവറിലായിരുന്നു സംഭവം. എൻഗിഡിയുടെ ഫുൾ ലെങ്ത് പന്ത് നേരിട്ടത് അഫ്ഗാൻ ബാറ്റർ റഹ്മാനുല്ല ഗുർബാസ്. എന്‍ഗിഡി പന്ത് പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും കൈപ്പിടിയിൽനിന്നില്ല. വിരലിൽ ചെറുതായി സ്പർശിച്ച പന്താണ് പിന്നീട് റഹ്മത് ഷായുടെ ദേഹത്തേക്കും തുടർന്ന് വിക്കറ്റിലേക്കും വീണത്. ഈ പന്തിൽ റണ്ണെടുക്കാനായി നോൺ സ്ട്രൈക്കറായിരുന്ന റഹ്മത് ഷാ ക്രീസ് വിട്ട് പുറത്തിറങ്ങിയിരുന്നു. പന്ത് വിക്കറ്റിൽ തട്ടുംമുൻപ് ക്രീസിൽ തിരിച്ചെത്താനും റഹ്മത് ഷായ്ക്ക് സാധിച്ചില്ല. ദക്ഷിണാഫ്രിക്കൻ താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്തതോടെ റീപ്ലേകൾ പരിശോധിച്ച ശേഷം അംപയർ ഔട്ട് അനുവദിക്കുകയായിരുന്നു.
ഈ റൺഔട്ട് എൻഗിഡിയുടെ പേരിലാണ് ചേർത്തതെങ്കിലും, അഫ്ഗാൻ ബാറ്ററുടെ ദേഹത്തു തട്ടിയാണ് പന്ത് വിക്കറ്റിനു നേരെ ഗതിമാറിയത്. ഇക്കാര്യം വിഡിയോയിൽ നിന്നു വ്യക്തമാണ്. മൂന്നാം ഏകദിനത്തിൽ ഏഴു വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 34 ഓവറിൽ 169 റണ്‍സെടുത്തു പുറത്തായി. 94 പന്തിൽ 89 റൺസെടുത്ത റഹ്മാനുല്ല ഗുർബാസാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർ. ഗുർബാസിനു പുറമേ എ.എം. ഗസൻഫർ (15 പന്തിൽ 31), ഹഷ്മത്തുല്ല ഷാഹിദി (17 പന്തിൽ 10) എന്നിവരും അഫ്ഗാൻ നിരയിൽ രണ്ടക്കം കടന്നു.
മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ എയ്ഡൻ മാർക്രമിന്റെ അപരാജിത കുതിപ്പാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 33 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തി. ടോണി ഡെ സോർസി (31 പന്തിൽ 26), ടെംബ ബാവുമ (28 പന്തിൽ 22), റീസ ഹെൻറിക്സ് (31 പന്തിൽ 18), ട്രിസ്റ്റൻ സ്റ്റബ്സ് (42 പന്തിൽ 26) എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ മറ്റു ബാറ്റർമാരുടെ സ്കോറുകൾ.