ഓസീസിന് അഫ്ഗാനോട് തോൽക്കുമോ എന്ന് പേടി: അത് മറയ്ക്കാൻ മനുഷ്യാവകാശ ലംഘനങ്ങൾ മറയാക്കുന്നുവെന്ന് മുൻ താരം
Mail This Article
കാബൂൾ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം അഫ്ഗാനിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിക്കുന്നത് തോൽക്കുമെന്ന ഭയം കൊണ്ടാണെന്ന് മുൻ അഫ്ഗാൻ നായകൻ അസ്ഗർ അഫ്ഗാൻ. മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാനെതിരെ ഐസിസി ടൂർണമെന്റുകളിൽ അല്ലാതെ ഓസീസ് പൊതുവെ കളിക്കാറില്ല. ഈ സാഹചര്യത്തിലാണ്, അഫ്ഗാനോടു കളിക്കാനുള്ള ഭയം പുറത്തറിയാതിരിക്കാൻ ഓസീസ് മനുഷ്യാവകാശ ലംഘനങ്ങൾ മറയാക്കുന്നതാണെന്ന തരത്തിൽ മുൻ അഫ്ഗാൻ നായകന്റെ പരിഹാസം.
വനിതകൾക്കെതിരെയുള്ള മനുഷ്യാവകാശലംഘനങ്ങളുടെ പേരിൽ അഫ്ഗാനിസ്ഥാനുമായുള്ള ട്വന്റി20 പരമ്പരയിൽ നിന്ന് ഏതാനും മാസങ്ങൾക്കു മുൻപ് ഓസീസ് പിൻമാറിയിരുന്നു. ഓഗസ്റ്റിൽ യുഎഇയിലാണ് പരമ്പര നിശ്ചയിച്ചിരുന്നത്. എന്നാൽ താലിബാന്റെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാൻ ഭരണകൂടം മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്നത് ചൂണ്ടിക്കാട്ടി ക്രിക്കറ്റ് ഓസ്ട്രേലിയ പിൻമാറ്റം പ്രഖ്യാപിക്കുകയായിരുന്നു.
‘‘നോക്കൂ, വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ആ പഴയ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമല്ല ഞങ്ങൾ ഇപ്പോൾ. ഞങ്ങൾക്കെതിരെ ഷാർജയിലോ ഇന്ത്യയിലോ പോലും കളിച്ചാൽ ഓസ്ട്രേലിയ വിയർക്കുമെന്ന് ഉറപ്പാണ്. ആ പേടി അവർക്കുണ്ട്. അതുകൊണ്ടാണ്, മനുഷ്യാവകാശ ലംഘനങ്ങളൊക്കെ പറഞ്ഞ് അവർ ഞങ്ങൾക്കെതിരെ കളിക്കാൻ വിസമ്മതിക്കുന്നത്. ഇന്ന് ഞങ്ങൾ അത്രയെളുപ്പം തോൽപ്പിക്കാവുന്ന ടീമല്ല’ – അസ്ഗർ അഫ്ഗാൻ പറഞ്ഞു.
ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ഓസ്ട്രേലിയയെ അട്ടിമറിച്ചിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത അഫ്ഗാൻ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് നേടിയത്. ഓസീസിന്റെ മറുപടി 19.2 ഓവറിൽ 127 റൺസിൽ അവസാനിച്ചു.
അതിനു മുൻപു നടന്ന ഏകദിന ലോകകപ്പിലും അഫ്ഗാനെതിരെ ഓസീസ് തോൽവിയുടെ വക്കിലായിരുന്നെങ്കിലും, ഗ്ലെൻ മാക്സ്‍വെലിന്റെ ഐതിഹാസിക ഇരട്ടസെഞ്ചറി അവർക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ ഒരു ഘട്ടത്തിൽ ഏഴിന് 91 റൺസ് എന്ന നിലയിൽ തകർന്ന ഓസീസിന്, മാക്സ്‍വെലിന്റെ ഇരട്ടസെഞ്ചറിയാണ് വിജയം സമ്മാനിച്ചത്. 128 പന്തുകൾ നേരിട്ട മാക്സ്‌വെൽ 10 സിക്സും 21 ഫോറും സഹിതം 201 റൺസുമായി പുറത്താകാതെ നിന്നു.