ADVERTISEMENT

കാൻപുർ∙ ഇന്ത്യ – ബംഗ്ലദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു വേദിയാകുന്ന കാൻപുരിലെ ഗ്രീൻപാർക് സ്റ്റേഡിയത്തിലെ ഗാലറിയുടെ ഒരുഭാഗം അപകടാവസ്ഥയിലെന്ന് മുന്നറിയിപ്പ്. സ്റ്റേഡിയത്തിലെ വിവിധ സ്റ്റാൻഡുകളിൽ ഒരെണ്ണം (ബാൽക്കണി സ്റ്റാൻഡ് സി) അപകടകരമായ അവസ്ഥയിലാണെന്നാണ് മുന്നറിയിപ്പ്. ഇവിടെ ആകെ ഉൾക്കൊള്ളാവുന്ന ആളുകളുടെ എണ്ണത്തിന്റെ പകുതി ടിക്കറ്റ് മാത്രമേ വിൽക്കാവൂ എന്ന് ഉത്തർപ്രദേശിലെ പിഡബ്ല്യുഡി വിഭാഗം ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷനു നിർദ്ദേശം നൽകി.

പരമ്പരയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെയാണ്, ഗാലറിയിലെ അപകട സാഹചര്യം സംബന്ധിച്ചുള്ള മുന്നറിയിപ്പ്. ‘‘പിഡബ്ല്യുഡി വിഭാഗം സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ചില മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട് എന്നത് വാസ്തവമാണ്. അവർ ആവശ്യപ്പെട്ടപ്രകാരം ബാൽക്കണി സിയിൽ കുറച്ചു ടിക്കറ്റുകൾ മാത്രമേ വിൽക്കൂ’ – ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സിഇഒ അങ്കിത് ചാറ്റർജി വ്യക്തമാക്കി.

‘‘ബാൽക്കണി സിയിൽ ആകെ 4,800 പേരെയാണ് ഉൾക്കൊള്ളാനാകുക. അവിടെ പരമാവധി 1700 ടിക്കറ്റുകൾ മാത്രം വിറ്റാൽ മതിയെന്നാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. വരും ദിവസങ്ങളിലും ഇവിടെ അറ്റകുറ്റ പണികൾ തുടുരും’ – അങ്കിത് വ്യക്തമാക്കി.

അതേസമയം, അപകടാവസ്ഥയിലുള്ള ഈ സ്റ്റാൻഡ് ഒഴിച്ചിടുന്നതാകും ഉചിതമെന്ന് ക്രിക്കറ്റ് അസോസിയേഷനോടു വ്യക്തമാക്കിയിട്ടുണ്ടെന്ന് പിഡബ്ല്യുഡി വിഭാഗം വ്യക്തമാക്കി. ‘‘ഋഷഭ് പന്ത് ഒരു സിക്സടിച്ചാൽ 50 ആരാധകർ ആവേശത്തോടെ തുള്ളിച്ചാടിയാൽ പോലും താങ്ങാനാകാത്ത അവസ്ഥയിലാണ് ആ സ്റ്റാൻഡ്. അവിടെ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണം’ – ഒരു പിഡബ്ല്യുഡി എൻജിനീയറെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

English Summary:

Green Park Stand 'Dangerous' for India Vs Bangladesh 2nd Test, Says PWD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com