30 വർഷം ഗാവസ്കർ ഒന്നും ചെയ്തില്ല, ബാന്ദ്രയിലെ പൊന്നുംവിലയുള്ള സ്ഥലം ഇനി രഹാനെയ്ക്ക്
Mail This Article
മുംബൈ∙ സുനിൽ ഗാവസ്കറിന് ക്രിക്കറ്റ് അക്കാദമി തുടങ്ങാൻ നൽകിയ സ്ഥലം, അജിൻക്യ രഹാനെയക്കു കൈമാറി മഹാരാഷ്ട്ര സർക്കാർ. മുംബൈ ബാന്ദ്രയിലുള്ള 2,000 സ്ക്വയർ മീറ്റർ പ്ലോട്ടാണ് ഇന്ത്യൻ ക്രിക്കറ്റ് താരം അജിൻക്യ രഹാനെയ്ക്ക് സ്പോർട്സ് കോംപ്ലക്സ് നിർമിക്കാന്‍ സംസ്ഥാന സർക്കാർ നൽകിയത്. മുംബൈയിലെ ഏറ്റവും വിലയേറിയ മേഖലയിലുള്ള ഈ സ്ഥലം 1988ലാണ് സർക്കാർ ഗാവസ്കറിനു നൽകിയത്. ഇൻഡോർ ക്രിക്കറ്റ് അക്കാദമി തുടങ്ങാമെന്ന ഉദ്ദേശത്തോടെയായിരുന്നു കൈമാറ്റം.
എന്നാൽ 30 വർഷത്തിലേറെ കഴിഞ്ഞിട്ടും ഈ സ്ഥലത്ത് അക്കാദമി തുടങ്ങാൻ സാധിച്ചിട്ടില്ല. ഇതോടെയാണ് സർക്കാര്‍ ഇടപെട്ട് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന് സ്ഥലം പാട്ടത്തിനു നല്‍കിയത്. അടുത്ത 30 വർഷത്തേക്കാണ് രഹാനെയ്ക്ക് സ്ഥലം കൈമാറിയത്. മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നൽകിയതോടെ കായിക താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള സൗകര്യങ്ങളൊരുക്കാൻ ഈ സ്ഥലം ഉപയോഗിക്കാമെന്നാണ് രഹാനെയുടെ പ്രതീക്ഷ.
മുംബൈയുടെ ഹൃദയ ഭാഗത്ത് കായിക താരങ്ങൾക്കു വേണ്ടി ലോകോത്തര നിലവാരത്തിലുള്ള സ്പോർട്സ് കോംപ്ലക്സാണ് രഹാനെ സ്വപ്നം കാണുന്നത്. ഉപയോഗിക്കാതെ കിടന്ന സ്ഥലം കയ്യേറ്റക്കാരെ നീക്കിയാണ് മഹാരാഷ്ട്ര സർക്കാർ തിരിച്ചുപിടിച്ചത്. വർഷങ്ങളോളം സുനിൽ ഗാവസ്കർ സ്ഥലം കൈവശം വച്ചെങ്കിലും ക്രിക്കറ്റ് അക്കാദമി നിർമിക്കാൻ സാധിച്ചിരുന്നില്ല. എങ്കിലും ക്രിക്കറ്റിന് ഗാവസ്കർ നൽകിയ സംഭാവനകൾ പരിഗണിച്ച്, സംസ്ഥാന സർക്കാർ കരാർ റദ്ദാക്കിയില്ല.
2022 മേയിലാണ് സുനിൽ ഗാവസ്കർ ഫൗണ്ടേഷൻ സ്ഥലം തിരികെ നൽകാൻ തയാറാണെന്ന് സംസ്ഥാന സർക്കാരിനെ അറിയിച്ചത്. ക്രിക്കറ്റ് അക്കാദമി തുടങ്ങാൻ താൽപര്യമില്ലെന്നും ഗാവസ്കര്‍ വ്യക്തമാക്കി. ക്രിക്കറ്റിനു പുറമേ മറ്റ് കായിക താരങ്ങൾക്കും രഹാനെയുടെ സ്പോർട്സ് കോംപ്ലക്സിൽ പരിശീലനം നടത്താൻ സാധിക്കും.