രോഹിത് മുംബൈ വിടും, മാക്സ്വെല്ലിനെയും ഡുപ്ലേസിയെയും കൈവിടാൻ ആർസിബി; ടീമുകളുടെ മനസ്സിലെന്ത്?
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ കളിച്ചേക്കില്ല. രോഹിത്തിനെ ഒഴിവാക്കാനാണ് മുംബൈ ഇന്ത്യൻസിന്റെ തീരുമാനമെന്നാണു വിവരം. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീം രോഹിത് ശർമയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ സീസണിൽ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഭിഷേക് നായരും രോഹിത് ശർമയും തമ്മിലുള്ള ഒരു ചർച്ചയ്ക്കിടെ 2024 സീസണ്‍ അവസാനത്തേതായിരിക്കുമെന്നു പറയുന്ന വിഡിയോയും ചോർന്നിരുന്നു.
അടുത്ത സീസണിൽ രോഹിത് ശർമ മറ്റേതെങ്കിലും ക്ലബ്ബിൽ കളിക്കാനാണു സാധ്യത. ലേലത്തിൽ വന്നാൽ രോഹിത് ശർമയ്ക്കു വേണ്ടി ശക്തമായ പോരാട്ടം തന്നെ ഫ്രാഞ്ചൈസികൾ നടത്തിയേക്കും. അടുത്ത ഐപിഎല്ലിനു വേണ്ടിയുള്ള മെഗാലേലത്തിനു മുന്‍പ് എത്ര താരങ്ങളെ ടീമുകൾക്കു നിലനിർത്താമെന്ന് ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എട്ടു താരങ്ങളെ ടീമിനൊപ്പം വേണമെന്ന് ഫ്രാഞ്ചൈസികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും, ആറു പേരെ നിലനിർത്താനാണു സാധ്യത. അതിനു ശേഷമാകും ആരൊക്കെ ടീമിനൊപ്പം തുടരുമെന്ന് ഫ്രാഞ്ചൈസികൾ പ്രഖ്യാപിക്കുക.
ലക്നൗ സൂപ്പർ ജയന്റ്സിൽ തുടരാൻ താൽപര്യമില്ലാത്ത കെ.എൽ. രാഹുൽ അടുത്ത സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഭാഗമാകും. ഇന്ത്യന്‍ ട്വന്റി20 ടീമിൽ സ്ഥിരം സാന്നിധ്യമല്ലാത്ത രാഹുൽ, കഴിഞ്ഞ ഐപിഎല്ലിൽ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിൽ ഏറെ പഴി കേട്ടിരുന്നു. അതേസമയം കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ ഓസ്ട്രേലിയൻ സൂപ്പർ താരം ഗ്ലെൻ മാക്സ്‍വെല്ലിനെ ആർസിബി കൈവിട്ടേക്കും. 14.25 കോടിക്ക് ടീമിലെത്തിയ മാക്സ്‍വെല്ലിനു പകരം സ്ഥിരതയുള്ള പ്രകടനം നടത്തുന്ന വിദേശ താരത്തെയാണ് ആർസിബി അന്വേഷിക്കുന്നത്.
പുതിയ ടീമിനെ വാർത്തെടുക്കാൻ ശ്രമിക്കുന്ന ആർസിബി അവരുടെ ക്യാപ്റ്റനായ ഫാഫ് ഡുപ്ലേസിയെയും ഒഴിവാക്കും. 40 വയസ്സുകാരനായ ഡുപ്ലേസിയുടെ ട്വന്റി20 സുവർണ കാലം കഴിഞ്ഞെന്നാണു ടീമിന്റെ വിലയിരുത്തൽ. നിലവിലെ ചാംപ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വെങ്കടേഷ് അയ്യരെ ടീമിൽനിന്ന് ഒഴിവാക്കാനാണു സാധ്യത. നിലനിർത്താൻ ഒരുപാടു താരങ്ങളുള്ളതിനാൽ കൊൽക്കത്തയ്ക്ക് വെങ്കടേഷിനെ മാറ്റിനിർത്തിയ ശേഷം, ലേലത്തിൽ വീണ്ടും സ്വന്തമാക്കാൻ അവസരമുണ്ടാകും. സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, റിങ്കു സിങ്, മിച്ചൽ സ്റ്റാർക്ക്, ശ്രേയസ് അയ്യർ, ഫിൽ സോൾട്ട് എന്നിവർക്കാണ് കെകെആർ മുഖ്യപരിഗണന നൽകുന്നത്.