ADVERTISEMENT

ഇസ്‍ലാമാബാദ്∙ ദക്ഷിണാഫ്രിക്കയുടെ മുൻ താരമായിരുന്ന മോണി മോർക്കൽ പാക്കിസ്ഥാന്റെ ബോളിങ് പരിശീലകനായിരിക്കെ, പാക്കിസ്ഥാൻ ബോളർമാർ അദ്ദേഹത്തിന് യാതൊരു ബഹുമാനവും നൽകിയില്ലെന്ന് തുറന്നടിച്ച് മുൻ താരം ബാസിത് അലി. ക്രിക്കറ്റിനേക്കാൾ വലിയവരെന്ന് സ്വയം വിശ്വസിക്കുന്നവരാണ് പാക്കിസ്ഥാൻ ബോളർമാർ എന്ന് ബാസിത് അലി വിമർശിച്ചു. മോണി മോർക്കൽ തങ്ങൾക്കു മുന്നിൽ ഒന്നുമല്ലെന്നായിരുന്നു അവരുടെ ചിന്തയെന്നും ബാസിത് അലി പറഞ്ഞു. ഇന്ത്യൻ ബോളിങ് പരിശീലകനെന്ന നിലയിൽ മോണി മോർക്കൽ മികച്ച തുടക്കമിട്ടതിനു പിന്നാലെയാണ് ബാസിത് അലിയുടെ തുറന്നുപറച്ചിൽ.

‘‘ക്രിക്കറ്റിനേക്കാൾ വലിയവരായി സ്വയം വിലയിരുത്തുന്നവരാണ് പാക്കിസ്ഥാൻ ബോളർമാർ. തങ്ങൾക്കു മുന്നിൽ മോർക്കൽ ഒന്നുമല്ലെന്ന് അവർ കരുതി. ഇപ്പോൾ നമുക്ക് വ്യത്യാസം തിരിച്ചറിയാം. ഇപ്പോൾ ഇന്ത്യയ്‌ക്കെതിരെ കളിക്കുന്ന അതേ ബംഗ്ലദേശ് ടീമാണ് പാക്കിസ്ഥാനെ തോൽപ്പിച്ചത്. ഇതേ ടീമിനെതിരെ പാക്കിസ്ഥാൻ എപ്പോഴും പ്രതിരോധത്തിലായിരുന്നു. ഇതേ ടീം പാക്കിസ്ഥാനെതിരെ സമ്പൂർണ വിജയം സ്വന്തമാക്കി. മനസ്സികാവസ്ഥയിലും ചിന്താരീതിയിലും ക്ലാസിലുമാണ് വ്യത്യാസമെന്ന് ബോധ്യമായില്ലേ’ – ബാസിത് അലി പറഞ്ഞു.

പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച പേസ് ത്രയമായ വസിം അക്രം, വഖാർ യൂനിസ്, ശുഐബ് അക്തർ എന്നിവരുടെ കാലഘട്ടത്തിലേതിനു സമാനമാണ് നിലവിൽ ഇന്ത്യയുടെ പേസ് ബോളിങ് വിഭാഗമെന്ന് ബാസിത് അലി പ്രശംസിച്ചു. മുഹമ്മദ് ഷമി പരുക്കേറ്റ് പുറത്തിരുന്നിട്ടും ഇന്ത്യൻ പേസ് ബോളിങ്ങിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2023ലെ ഏഏദിന ലോകകപ്പിന്റെ സമയത്ത് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ബോളിങ് പരിശീലകനായിരുന്നു മോണി മോർക്കൽ. കുറച്ചുകാലം പാക്കിസ്ഥാൻ ടീമിനൊപ്പം തുടർന്ന മോർക്കൽ പിന്നീട് കാലാവധി പൂർത്തിയാക്കാതെ മടങ്ങിയിരുന്നു. പിന്നീട് ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനായതിനു പിന്നാലെ അദ്ദേഹത്തിന്റെ താൽപര്യ പ്രകാരമാണ് മോർക്കൽ ഇന്ത്യൻ ടീമിന്റെ പരിശീലക സംഘത്തിൽ അംഗമായത്.

ഇന്ത്യ – ബംഗ്ലദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ മോണി മോർക്കലിന്റെ രണ്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ത്യൻ പരിശീലകനെന്ന നിലയിൽ ആഹ്ലാദത്തോടെ കയ്യടിക്കുന്ന ചിത്രവും, പാക്കിസ്ഥാൻ പരിശീലകനായിരിക്കെ തലയിൽ കൈവച്ച് നിരാശനായിരിക്കുന്ന ചിത്രവുമായിരുന്നു ഇത്. ഇതിനു പിന്നാലെയാണ്, പാക്ക് ബോളർമാർ മോർക്കലിന് യാതൊരു വിലയും നൽകിയില്ലെന്ന ബാസിത് അലിയുടെ തുറന്നുപറച്ചിൽ.

English Summary:

Pakistan bowlers thought Morne Morkel was nothing, says Basit Ali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com