ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ ഋതുരാജ് നയിക്കും; സഞ്ജുവിനെ തഴഞ്ഞതിനു പിന്നിൽ ‘വലിയ’ ലക്ഷ്യം?
Mail This Article
മുംബൈ∙ ഇറാനി കപ്പ് ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ ഋതുരാജ് ഗെയ്ക്‌വാദ് നയിക്കും. അഭിമന്യു ഈശ്വരനാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ദുലീപ് ട്രോഫിയിൽ സെഞ്ചറിയുമായി തിളങ്ങിയ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇഷാൻ കിഷനും ധ്രുവ് ജുറേലുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ.
നിലവിലെ രഞ്ജി ട്രോഫി ചാംപ്യൻമാരും ബാക്കി ടീമുകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമും തമ്മിൽ നടക്കുന്ന ഫസ്റ്റ് ക്ലാസ് മത്സരമാണ് ഇറാനി ട്രോഫി. അജിൻക്യ രഹാനെയാണ് രഞ്ജി ചാംപ്യൻമാരായ മുംബൈ ടീമിന്റെ ക്യാപ്റ്റൻ. ഒക്ടോബർ ഒന്നുമുതലാണ് മത്സരം.
∙ സഞ്ജു ഇല്ലാത്തത് എന്ത്?
ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലേക്കു പരിഗണിക്കുന്ന സാഹചര്യത്തിലാണ് സഞ്ജു സാംസണിനെ ഇറാനി ട്രോഫി ടീമിലേക്ക് പരിഗണിക്കാത്തതെന്നാണ് സൂചന. ഒക്ടോബർ ആറു മുതലാണ് ഇന്ത്യ – ബംഗ്ലദേശ് ട്വന്റി20 പരമ്പര ആരംഭിക്കുക. അതിനു തൊട്ടുമുൻപ്, ഒക്ടോബർ ഒന്നു മുതൽ അഞ്ച് വരെയാണ് ഇറാനി ട്രോഫി മത്സരം നടക്കുക. ഇറാനി ട്രോഫി ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക്, ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായുള്ള ഇന്ത്യൻ ക്യാംപ് നഷ്ടമാകും.
മാത്രമല്ല, ബംഗ്ലദേശിനെതിരായ ട്വന്റ20 പരമ്പരയിൽ കളിക്കാൻ സാധ്യതയുള്ള താരങ്ങളെ ആരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുമില്ല. റിങ്കു സിങ്, അർഷ്ദീപ് സിങ്, രവി ബിഷ്ണോയ് തുടങ്ങിയവരൊന്നും റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലില്ല. ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഇറാനി ട്രോഫിയിൽ കളിക്കുന്ന മുംബൈ ടീമിന്റെയും ഭാഗമല്ല.
∙ ഇറാനി ട്രോഫിയിൽ കളിക്കുന്ന ടീമുകൾ
റെസ്റ്റ് ഓഫ് ഇന്ത്യ: ഋതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, ഇഷാൻ കിഷൻ, മാനവ് സത്താർ, സരാൻഷ് ജെയ്ൻ, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാർ, യഷ് ദയാൽ, റിക്കി ഭുയി, ശാശ്വത് റാവത്ത്, ഖലീൽ അഹമ്മദ്, രാഹുൽ ചാഹർ.
മുംബൈ: അജിൻക്യ രഹാനെ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ആയുഷ് മാത്രെ, മുഷീർ ഖാൻ, ശ്രേയസ് അയ്യർ, സിദ്ധേഷ് ലാഡ്, സൂര്യാൻഷ് ഷെഡ്ഗെ, ഹാർദിക് ടാമോർ (വിക്കറ്റ് കീപ്പർ), സിദ്ധാന്ത്, ഷംസ് മുളാനി, തനുഷ് കൊട്ടിയൻ, ഹിമാൻഷു സിങ്, ഷാർദുൽ ഠാക്കൂർ, മോഹിത് അവാസ്തി, മുഹമ്മദ് ജുനേദ് ഖാൻ, റോയ്സ്റ്റൺ ഡയസ്