അവസാന ടെസ്റ്റ് ബംഗ്ലദേശിൽ കളിക്കണം, ശേഷം സുരക്ഷിതനായി രാജ്യം വിടാൻ അനുവദിച്ചാൽ മാത്രം: തുറന്നടിച്ച് ഷാക്കിബ്
Mail This Article
കാൻപുർ∙ രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിക്കവേ, ബംഗ്ലദേശിൽവച്ച് അവസാന ടെസ്റ്റ് കളിക്കണമെന്നാണ് ആഗ്രഹമെങ്കിലും സുരക്ഷയുടെ കാര്യത്തിൽ ഭയമുണ്ടെന്ന് വെളിപ്പെടുത്തി വെറ്ററൻ താരം ഷാക്കിബ് അൽ ഹസൻ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അടുത്ത മാസം മിർപുരിൽ അവസാന ടെസ്റ്റ് കളിച്ച് വിരമിക്കണമെന്നാണ് ആഗ്രഹമെങ്കിലും, മത്സരത്തിനു ശേഷം ബംഗ്ലദേശിൽനിന്ന് സുരക്ഷിതനായി പുറത്തുപോകാൻ സൗകര്യമൊരുക്കുമെങ്കിൽ മാത്രമേ അതിനു തയാറുള്ളൂവെന്ന് ഷാക്കിബ് വ്യക്തമാക്കി. അതല്ലെങ്കിൽ ഇന്ത്യയ്‍ക്കെതിരെ നാളെ മിർപുരിൽ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് തന്റെ വിരമിക്കൽ ടെസ്റ്റ് ആയിരിക്കുമെന്നും ഷാക്കിബ് വിശദീകരിച്ചു.
ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിൽ കലാശിച്ച വിദ്യാർഥി പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തിൽ ഷാക്കിബിന് എതിരെയും പൊലീസ് കേസെടുത്തിരുന്നു. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ മുൻ എംപിയാണ് ഷാക്കിബ് അൽ ഹസൻ. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ വസ്ത്രവ്യാപാരിയായ റഫിഖുൽ ഇസ്‍ലാമാണ് മകൻ റുബൽ വെടിയേറ്റു മരിച്ച സംഭവത്തിൽ പൊലീസിനെ സമീപിച്ചത്. കേസിലെ 28–ാം പ്രതിയാണ് ഷാക്കിബ് അൽ ഹസൻ. ഇത്തരം സാഹചര്യം നിലനിൽക്കെയാണ്, ബംഗ്ലദേശിൽനിന്ന് പുറത്തുപോകാൻ സൗകര്യമൊരുക്കണമെന്ന ഷാക്കിബിന്റെ ആവശ്യം.
‘‘എന്റെ കരിയറിലെ അവസാന രാജ്യാന്തര ട്വന്റി20 മത്സരം ഞാൻ ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ കളിച്ചുകഴിഞ്ഞു. ഇക്കാര്യം ഞാൻ സിലക്ടർമാരുമായി സംസാരിച്ചിരുന്നു. 2026ലെ ലോകകപ്പ് മുൻനിർത്തി നോക്കുമ്പോൾ, ഇതാണ് ഞാൻ നിർത്തേണ്ട സമയമെന്നു കരുതുന്നു. പുതിയ നല്ല കളിക്കാരെ കണ്ടെത്താൻ ബിസിബിക്ക് സമയവും ലഭിക്കും’ – ഷാക്കിബ് പറഞ്ഞു.
‘‘ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ ഞാൻ തയാറാണ്. പക്ഷേ, നാട്ടിലെ അവസ്ഥ വച്ചു നോക്കുമ്പോൾ, എല്ലാം എന്റെ കയ്യിലല്ല. ടെസ്റ്റ് കരിയറിൽ എന്റെ പദ്ധതിയെന്താണെന്ന് സിലക്ടർമാരെ അറിയിച്ചിട്ടുണ്ട്. ഇത് എന്റെ അവസാന പരമ്പരയാകുമെന്നാണ് കരുതിയത്.
‘‘അവസരം നൽകിയാൽ മിർപുരിൽ ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ വിരമിക്കൽ ടെസ്റ്റ് കളിക്കണമെന്നാണ് ആഗ്രഹമെന്ന് ബിസിബി അധ്യക്ഷൻ ഫാറൂഖ് അഹമ്മദിനെ അറിയിച്ചിട്ടുണ്ട്. എനിക്ക് സുരക്ഷിതനായി കളിക്കാനാകുന്ന സാഹചര്യമൊരുക്കാൻ സാധിക്കുമോ എന്ന് ബോർഡ് പരിശോധിക്കുന്നുണ്ട്. പരമ്പരയ്ക്കു ശേഷം യാതൊരു കുഴപ്പവും കൂടാതെ എനിക്ക് ബംഗ്ലദേശിൽനിന്ന് പോകാനാകണം’ – ഷാക്കിബ് പറഞ്ഞു.
‘‘ഞാൻ ഒരു ബംഗ്ലദേശ് പൗരനാണ്. അതുകൊണ്ട് ബംഗ്ലദേശിലേക്കു മടങ്ങിപ്പോകാൻ എനിക്കു യാതൊരു പ്രയാസവും ഉണ്ടാകാൻ പാടില്ലാത്തതാണ്. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ ബംഗ്ലദേശിൽ എത്തിയാൽ എന്റെ സുരക്ഷ ഉറപ്പാക്കിയേ തീരൂ. എന്റെ ഉറ്റ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അക്കാര്യത്തിൽ ആശങ്കയുണ്ട്. എല്ലാം ശരിയായി വരുമെന്നാണ് കരുതുന്നത്. എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടായല്ലേ പറ്റൂ.’ – ഷാക്കിബ് ചൂണ്ടിക്കാട്ടി.
‘‘എന്നെ സംബന്ധിച്ച് കടുത്ത വെല്ലുവിളി നിറഞ്ഞ സമയമാണിത്. എങ്ങനെയാണ് ഞാൻ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്നതെന്ന് ദൈവത്തിനു മാത്രമേ അറിയൂ. എനിക്കെതിരെ ഒരു കേസുമുണ്ട്. എല്ലാവർക്കും അവരവരുടെ അവകാശങ്ങളുണ്ട്. എനിക്കെതിരെ എന്തുതരം കേസാണുള്ളതെന്ന് എല്ലാവർക്കും അറിയാം. ഞാൻ ആരാണ്, ആ സമയത്ത് എന്തു ചെയ്യുകയായിരുന്നു എന്നെല്ലാം അറിയാം. അതേക്കുറിച്ച് കൂടുതൽ സംസാരിക്കാനില്ല’ – ഷാക്കിബ് പറഞ്ഞു.