‘മുഹമ്മദ് സിറാജിനെ അപമാനിക്കാൻ ശ്രമം’, ബംഗ്ലദേശിന്റെ ‘ടൈഗർ റോബി’ സ്ഥിരം പ്രശ്നക്കാരൻ
Mail This Article
കാൻപുര്‍∙ ഇന്ത്യ– ബംഗ്ലദേശ് രണ്ടാം ടെസ്റ്റിനിടെ കാൻപുരിലെ ഗ്രീൻപാർക് സ്റ്റേഡിയത്തിൽ കുഴഞ്ഞുവീണ ബംഗ്ലദേശി ആരാധകൻ ‘ടൈഗർ റോബി’ സ്ഥിരം ശല്യക്കാരനെന്ന് ബംഗ്ലദേശിൽനിന്നെത്തിയ മാധ്യമപ്രവർത്തകർ. ആദ്യ ടെസ്റ്റ് നടന്ന ചെന്നൈയില്‍വച്ച് ‘ടൈഗർ റോബി’ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ നിരന്തരം അപമാനിക്കാൻ ശ്രമിച്ചതായും, എന്നാൽ തമിഴ്നാട്ടിലെ ആരാധകർക്ക് ബംഗാളി ഭാഷ അറിയാത്തതിനാൽ യാതൊരു തരത്തിലുള്ള പ്രതിഷേധവും ഉണ്ടായില്ലെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
കാൻപുരിൽ എത്തിയപ്പോൾ ‘ടൈഗർ റോബി’ക്കെതിരെ ഇന്ത്യൻ ആരാധകർ പ്രതിഷേധിക്കാൻ കാരണം ഇതായിരിക്കാമെന്നും രണ്ടാം ടെസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്ന ബംഗ്ലദേശി മാധ്യമപ്രവർത്തകർ വ്യക്തമാക്കി. ഗാലറിയിലെ സി ബ്ലോക്കിൽ ഇരുന്ന് ബംഗ്ലദേശ് ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനിടെ ഇന്ത്യൻ ആരാധകർ മർദിച്ചെന്നായിരുന്നു ‘ടൈഗർ റോബി’യുടെ പരാതി. മെഡിക്കൽ വീസയിൽ ഇന്ത്യയിലെത്തിയ റോബി ഒരു ആശുപത്രിയിൽ ചികിത്സയ്ക്കു വിധേയനായതായും വിവരമുണ്ട്. മത്സരത്തിന് ഒരു ദിവസം മുൻപ് ഇയാൾക്കു വയറിളക്കവും നിർജലീകരണവും അനുഭവപ്പെട്ടിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
ആരോഗ്യ നില മോശമായതിനാൽ സ്റ്റേഡിയത്തിലെ ബഹളങ്ങൾക്കിടെ ടൈഗർ റോബി കുഴഞ്ഞു വീണതായിരിക്കാം എന്നാണു വിലയിരുത്തൽ. നിലവിൽ പൊലീസിന്റെ സംരക്ഷണയിലാണ് ബംഗ്ലദേശ് ആരാധകനുള്ളത്. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിനിടെയും റോബി ഇന്ത്യൻ ആരാധകർക്കെതിരെ രംഗത്തെത്തിയിരുന്നു. ചെന്നൈയിലെ ആരാധകർ തന്നെ മർദിക്കാൻ ശ്രമിച്ചെന്നായിരുന്നു ടൈഗർ റോബിയുടെ പരാതി. ബംഗ്ലദേശി ആരാധകന്റെ പരാതിയിൽ സ്റ്റേഡിയത്തിലെ ദൃശ്യങ്ങൾ പരിശോധിക്കുമെന്നു കാൻപുർ പൊലീസ് അറിയിച്ചിട്ടുണ്ട്.