ADVERTISEMENT

കാൻപുർ∙ ഇന്ത്യൻ ആരാധകർ മർദിച്ചിട്ടില്ലെന്ന് ബംഗ്ലദേശ് ടീമിന്റെ സൂപ്പർ ഫാൻ ‘ടൈഗർ റോബി’. അസുഖം ബാധിച്ചതിനെ തുടർന്നാണ് സ്റ്റേഡിയത്തിൽ വീണതെന്നും, ഇപ്പോൾ ആരോഗ്യ നിലയിൽ മാറ്റമുണ്ടെന്നും ബംഗ്ലദേശ് ആരാധകൻ പ്രതികരിച്ചു. ഗാലറിയിലിരുന്ന് മത്സരം കാണുന്നതിനിടെ ഏതാനും ഇന്ത്യൻ‌ ആരാധകർ മർദിച്ചെന്നായിരുന്നു ടൈഗർ റോബി കഴിഞ്ഞ ദിവസം ആരോപിച്ചത്. എന്നാൽ ഇയാളുടെ പരാതി വ്യാജമാണെന്ന് ഉത്തർപ്രദേശ് പൊലീസ് തുടക്കം മുതൽ സംശയം പ്രകടിപ്പിച്ചിരുന്നു.

കടുവയുടെ ഡിസൈനുകളുള്ള വസ്ത്രങ്ങളും മുഖത്ത് ചായവും പൂശി സ്റ്റേഡിയത്തിലെത്തുന്ന ‘ടൈഗർ റോബി’ ബംഗ്ലദേശിന്റെ സൂപ്പർ ആരാധകനാണെന്നാണു സ്വയം വിശേഷിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബംഗ്ലദേശിന്റെ മത്സരങ്ങൾ നടക്കുമ്പോൾ ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി റോബി സ്റ്റേഡിയത്തിലെ ഗാലറിയിലെത്താറുണ്ട്. മെഡിക്കൽ വീസയിലാണ് ഇയാൾ ഇന്ത്യയിലെത്തിയതെന്ന് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. രണ്ടാം ടെസ്റ്റിനു മുൻപ് കാൻപുരിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടിയതായും കണ്ടെത്തി.

ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ ആരാധകരെ പ്രവേശിപ്പിക്കാത്ത സി ബ്ലോക്കിലാണ് ടൈഗർ റോബി ബംഗ്ലദേശ് പതാകയുമായി കയറിയത്. ആദ്യ ദിനം മത്സരത്തിനിടെ ഗാലറിയിൽ കുഴഞ്ഞുവീണ റോബിയെ ആരാധകരും പൊലീസും ചേർന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്. ഇന്ത്യൻ ആരാധകർ വയറിന് ഇടിച്ചതായി ടൈഗർ റോബി ആരോപിച്ചിരുന്നു. പരാതിയിൽ സ്റ്റേഡിയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു. ഇതിനു പിന്നാലെയാണ് ബംഗ്ലദേശ് ആരാധകന്‍ യു–ടേൺ അടിച്ചത്.

കാൻപുർ ടെസ്റ്റിന് ഒരു ദിവസം മുൻപ് ടൈഗർ റോബിക്ക് നിർജലീകരണവും വയറിളക്കവും അനുഭവപ്പെട്ടതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതു കാര്യമാക്കാതെയാണ് ഇയാൾ രണ്ടാം ടെസ്റ്റ് കാണാൻ സ്റ്റേഡിയത്തിലെത്തിയത്. എന്നാൽ ആദ്യ ദിവസം ലഞ്ചിനു പിന്നാലെ ടൈഗർ റോബി ഗാലറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

English Summary:

Bangladesh super fan Tiger Roby makes sharp U-turn on assault claim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com