ADVERTISEMENT

ലക്നൗ∙ ഇറാനി കപ്പ് കളിക്കാനായി ലക്നൗവിലേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം മുഷീർ ഖാന് 16 ആഴ്ച വിശ്രമം വേണ്ടിവരും. ലക്നൗവിലെ സ്വകാര്യ ആശുപത്രിയിലാണ് മുഷീർ ഖാൻ ചികിത്സയിലുള്ളത്. കഴുത്തിനു പരുക്കേറ്റ താരത്തിന് 16 ആഴ്ചത്തെ വിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇറാനി കപ്പും രഞ്ജി ട്രോഫിയിലെ ആദ്യത്തെ മത്സരങ്ങളും 19 വയസ്സുകാരനായ മുഷീർ ഖാനു നഷ്ടമാകും. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമാണ് മുഷീർ ഖാൻ.

അസംഗഡിൽനിന്ന് ലക്നൗവിലേക്കുള്ള യാത്രയില്‍ മുഷീർ ഖാനും പിതാവ് നൗഷാദ് ഖാനുമൊപ്പം രണ്ടുപേർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു. പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽവച്ച് ഡിവൈഡറിൽ ഇടിച്ച കാർ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ പിൻഭാഗം തകർന്നതായാണു ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. കാറിൽ നടുവിലായാണ് മുഷീർ ഖാൻ ഇരുന്നത്. മുഷീറിന്റെ പിതാവ് ഉൾപ്പടെ മൂന്നു പേർക്കും നിസാര പരുക്കുകൾ മാത്രമാണുള്ളത്.

മുഷീർ ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അഭയ് ഹതപ് വ്യക്തമാക്കി. ബിസിസിഐയുടെ മേൽനോട്ടത്തിലായിരിക്കും മുഷീർ ഖാന്റെ ചികിത്സ. താരത്തെ ഞായറാഴ്ച മുംബൈയിലേക്കു മാറ്റിയേക്കും. ദുലീപ് ട്രോഫിയിലെ ഏതാനും ഇന്നിങ്സുകളിൽ തിളങ്ങാൻ സാധിക്കാതിരുന്നതിനാൽ, പിതാവ് നൗഷാദ് ഖാന്റെ അഭ്യർഥന പ്രകാരം അസംഗഡിലായിരുന്നു മുഷീർ പരിശീലിച്ചിരുന്നത്. മുംബൈ ടീമിന്റെ പരിശീലന സെഷനുകളിൽ മുഷീർ പങ്കെടുത്തിരുന്നില്ല. മത്സരം നടക്കുന്ന ലക്നൗവിലെത്തി ടീമിനൊപ്പം ചേരാനായിരുന്നു യുവതാരത്തിന്റെ തീരുമാനം.

ഒക്ടോബർ ഒന്നുമുതൽ അഞ്ചു വരെ ലക്നൗ ഏകന സ്റ്റേഡിയത്തിൽവച്ചാണ് ഇറാനി കപ്പ് പോരാട്ടം നടക്കുന്നത്. രഞ്ജി ട്രോഫി ചാംപ്യൻമാരായ മുംബൈയെ റെസ്റ്റ് ഓഫ് ഇന്ത്യ ടീം നേരിടും. മുഷീർ ഖാന് പകരം ആരാണ് ടീമിൽ വരികയെന്ന് മുംബൈ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബർ 11നാണ് രഞ്ജി ട്രോഫി മത്സരങ്ങൾ ആരംഭിക്കുന്നത്.

English Summary:

Mumbai’s Musheer Khan suffers road accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com