ഐപിഎല്ലിലെ തീപ്പൊരി ബോളർക്ക് ‘സ്പെഷൽ ക്ലാസ്’; ബംഗ്ലദേശിനെതിരെ ട്വന്റി20 അരങ്ങേറ്റം?
Mail This Article
ബെംഗളൂരു∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സർപ്രൈസ് എൻട്രിയായി യുവ പേസർ മയങ്ക് യാദവ് എത്തിയേക്കുമെന്നു വിവരം. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിന്റെ കണ്ടെത്തലായിരുന്നു മയങ്ക് യാദവ്. തുടർച്ചയായി തിളങ്ങിയെങ്കിലും പരുക്കാണു താരത്തിന്റെ ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം വൈകാൻ കാരണമായത്.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, അഭിഷേക് ശർമ എന്നിവര്‍ക്കൊപ്പം പരിശീലനത്തിലാണ് മയങ്ക് യാദവ്. ഇന്ത്യൻ ടീം സിലക്ടർമാരുടെ നിർദേശപ്രകാരമാണ് മയങ്ക് ബെംഗളൂരുവിൽ പരിശീലിക്കുന്നതെന്നാണു വിവരം. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച ഭൂരിഭാഗം താരങ്ങൾക്കും ട്വന്റി20 പരമ്പരയുടെ സമയത്ത് വിശ്രമം അനുവദിക്കാനാണു ബിസിസിഐയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് 22 വയസ്സുകാരനായ മയങ്കിനെ ഇന്ത്യന്‍ ജഴ്സിയിൽ പരീക്ഷിക്കാൻ സിലക്ടർമാർ ഒരുങ്ങുന്നത്.
ഐപിഎൽ സീസണിനിടെ പരുക്കേറ്റ താരം ഇതിനകം ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ബംഗ്ലദേശിനെതിരെ തിളങ്ങാൻ സാധിച്ചാൽ, ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരത്തിന് അവസരം ലഭിച്ചേക്കും. ഐപിഎല്ലിലെ അരങ്ങേറ്റ സീസണിൽ 150 കിലോമീറ്ററിലേറെ വേഗത്തിൽ പന്തെറിഞ്ഞാണ് മയങ്ക് സിലക്ടർമാരുടെ ശ്രദ്ധയിലെത്തിയത്. ഏഴു വിക്കറ്റുകളാണു കഴിഞ്ഞ സീസണിൽ താരം ലക്നൗവിനു വേണ്ടി വീഴ്ത്തിയത്.
2022 ഐപിഎല്ലിലും ലക്നൗവിന്റെ താരമായിരുന്നെങ്കിലും പരുക്ക് കാരണം ഒരു മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയുടെ താരമാണ് മയങ്ക് യാദവ്. ഈ വർഷം ഏപ്രിലിൽ മുംബൈ ഇന്ത്യൻസിനെതിരെയാണു മയങ്ക് യാദവ് ഒടുവിൽ കളിക്കാനിറങ്ങിയത്.