ADVERTISEMENT

മുംബൈ∙ ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കു നിലവിലെ ടീമിലെ ആറു പേരെ നിലനിർത്താമെന്ന് പ്രഖ്യാപിച്ചതോടെ തിരക്കിട്ട ചർച്ചകളിലേക്കു കടന്നിരിക്കുകയാണ് ഫ്രാഞ്ചൈസികൾ. നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഉടൻ തന്നെ ഐപിഎല്‍ ഗവേണിങ് കൗൺസിലിനു കൈമാറണം. വരുന്ന സീസണിലേക്ക് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് നിലനിർത്തേണ്ടതില്ലെന്നാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജയുടെ നിലപാട്. പകരം ആർടിഎം (റൈറ്റ് ടു മാച്ച്) വഴി പാണ്ഡ്യയെ വീണ്ടും ടീമിലെത്തിക്കാമെന്നും ജഡേജ വ്യക്തമാക്കി.

‘‘രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നീ താരങ്ങളെയാണ് മുംബൈ ഇന്ത്യൻസ് നിലനിർത്തേണ്ടത്. ഈ താരങ്ങളെ ലേലത്തിൽ വിട്ടാൽ തിരിച്ചുപിടിക്കുക ബുദ്ധിമുട്ടുള്ള കാര്യമാകും. മുംബൈ ഇന്ത്യൻസ് അവരുടെ ആർടിഎം കാർഡ് ഹാർദിക് പാണ്ഡ്യയ്ക്കു വേണ്ടി ഉപയോഗിക്കണം. പാണ്ഡ്യയെ ലേലത്തിൽ വിട്ടാലും തിരികെ ലഭിക്കണമെന്നില്ല. എന്നാൽ പാണ്ഡ്യയ്ക്കു പരുക്കേൽക്കാനുള്ള സാധ്യതയുള്ളതിനാൽ ടീമുകൾ കുറച്ചെങ്കിലും പിന്നോട്ടുപോയേക്കും.’’– അജയ് ജഡേജ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു.

ഏതൊക്കെ താരങ്ങളെ നിലനിർത്തണമെന്ന കാര്യത്തിൽ മുംബൈ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ എന്നിവർ അടുത്ത സീസണിലും മുംബൈയിൽ തന്നെ കളിച്ചേക്കും. ഇഷാൻ കിഷൻ, തിലക് വർമ, ടിം ഡേവിഡ്, ഡെവാൾഡ് ബ്രെവിസ് തുടങ്ങി സൂപ്പർ താരങ്ങളുടെ നിര തന്നെയുള്ള മുംബൈയ്ക്ക് ചിലരെയെങ്കിലും കൈവിടേണ്ടിവരും.

ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ തന്നെ കിരീടത്തിലെത്തിച്ച ക്യാപ്റ്റനെന്ന പെരുമയുമായാണ് പാണ്ഡ്യ മുംബൈയിലേക്കു മടങ്ങിയെത്തിയത്. പിന്നാലെ രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയ്ക്കു ക്യാപ്റ്റൻ സ്ഥാനം നൽകി. എന്നാൽ പാണ്ഡ്യയ്ക്കു കീഴിൽ മികച്ച പ്രകടനം നടത്താൻ മുംബൈയ്ക്കു സാധിച്ചില്ല. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്നു മുംബൈ. 14 മത്സരങ്ങളിൽ പത്തും ടീം തോറ്റു.

English Summary:

Mumbai Indians shouldn't retain skipper Hardik Pandya: Ajay Jadeja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com