മഴ പെയ്തില്ല, പക്ഷേ ഔട്ട്ഫീൽഡിൽ ഈർപ്പം; ഇന്ത്യ– ബംഗ്ലദേശ് ടെസ്റ്റിൽ മൂന്നാം ദിനവും കളിയില്ല
Mail This Article
കാൻപുർ∙ ഇന്ത്യ– ബംഗ്ലദേശ് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിയും ഒരു പന്തുപോലും എറിയാൻ സാധിക്കാതെ ഉപേക്ഷിച്ചു. ശനിയാഴ്ചയും കളി നടത്താൻ സാധിച്ചിരുന്നില്ല. ഞായറാഴ്ച രാവിലെ ഇടയ്ക്ക് മഴ തോർന്നിരുന്നെങ്കിലും ഗ്രൗണ്ടിലെ ഈർപ്പം കാരണം മത്സരം തുടങ്ങാനായില്ല. ശനിയാഴ്ച രാത്രി കാൻപുരിൽ ശക്തമായ മഴയാണു പെയ്തത്. ഞായറാഴ്ച രാവിലെയോടെ മഴ ശമിച്ചെങ്കിലും ഗ്രൗണ്ടിലെ വെള്ളം പൂർണമായും മാറ്റാൻ സാധിച്ചില്ല.
മൂന്നു ദിവസത്തിനിടെ 35 ഓവറുകൾ മാത്രമാണ് രണ്ടാം ടെസ്റ്റിൽ എറിയാൻ സാധിച്ചത്. ആദ്യ ദിവസം 35 ഓവറുകൾ കളിച്ച ബംഗ്ലദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന നിലയിലാണ്. 81 പന്തിൽ 40 റണ്‍സുമായി മൊമിനുൽ ഹഖും 13 പന്തിൽ ആറു റൺസുമായി മുഷ്ഫിഖർ റഹിമും പുറത്താകാതെനിൽക്കുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 280 റൺസ് വിജയം സ്വന്തമാക്കിയിരുന്നു. രണ്ടാം മത്സരം മഴ കാരണം ഉപേക്ഷിച്ചാലോ, സമനിലയിലായാലോ ഇന്ത്യയ്ക്കു പരമ്പര ലഭിക്കും. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഇന്നത്തെ കളി വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചത്. ഗ്രൗണ്ട് പരിശോധനയ്ക്ക് ഇറങ്ങിയ അംപയർമാർ മിഡ് ഓഫ്, മിഡ് ഓൺ, ബോളർമാരുടെ റൺ അപ് ഏരിയ എന്നിവിടങ്ങളിൽ ഈർപ്പം നിലനിൽക്കുന്നതായി കണ്ടെത്തി.
രണ്ടു മണിക്ക് വീണ്ടുമൊരു പരിശോധനയ്ക്കു കൂടി അവസരമുണ്ടായിരുന്നെങ്കിലും, ഞായറാഴ്ചത്തെ കളി വേണ്ടെന്നു വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. മത്സരം കാണാമെന്ന പ്രതീക്ഷയിൽ ഞായറാഴ്ച ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലെത്തിയ ആരാധകർ നിരാശയോടെ മടങ്ങി. അവധി ദിവസമായതിനാൽ പതിവിലും കൂടുതൽ ആരാധകർ സ്റ്റേഡിയത്തിലെത്തിയിരുന്നു.