ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു വിരാട് കോലിയെ മാത്രം നിലനിർത്തുന്നതാണ് നല്ലതെന്ന് മുൻ ഇന്ത്യന്‍ താരം ആര്‍.പി. സിങ്. നിലവിലെ ടീമിലെ ആറു താരങ്ങളെ നിലനിർത്താനാണ് ഐപിഎൽ ഗവേണിങ് കൗൺസിൽ ഫ്രാഞ്ചൈസികൾക്ക് അനുമതി നൽകിയിരിക്കുന്നത്. അതിൽ ഒരെണ്ണം റൈറ്റ് ടു മാച്ച് ആയും ഉപയോഗപ്പെടുത്താം. കോലിയൊഴികെ മറ്റു താരങ്ങളെ ആർടിഎം ഉപയോഗിച്ച് ടീമിലെത്തിക്കാമെന്നാണ് ആർ.പി. സിങ്ങിന്റെ വാദം.

ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ ആർസിബിയുടെ താരമാണു കോലി. 252 മത്സരങ്ങളിൽനിന്ന് 8004 റൺസ് നേടിയിട്ടുള്ള കോലിയാണ്, ഐപിഎല്ലിലെ ടോപ് സ്കോറർ. ഐപിഎല്ലിൽ എട്ട് സെഞ്ചറികളും 55 അർധ സെഞ്ചറികളും കോലിയുടെ പേരിലുണ്ട്. ‘‘കോലിയെ നിലനിർത്തുന്നതിൽ ആർസിബിക്ക് ആശയക്കുഴപ്പമൊന്നും കാണില്ല. വിരാട് കോലിയെ ടീമിനൊപ്പം നിർത്തി, മറ്റു താരങ്ങളെയെല്ലാം റിലീസ് ചെയ്യുക. ആർടിഎം സംവിധാനവും ഉപയോഗിക്കുക.’’– ആർ.പി. സിങ് വ്യക്തമാക്കി.

‘‘രജത് പാട്ടിദാറിന്റെ മൂല്യം എത്രത്തോളമുണ്ടെന്നു ഉദാഹരണത്തിന് നമുക്കു പരിശോധിക്കാം. ഈ താരത്തിന് ലേലത്തിൽ 11 കോടിയിൽ കൂടുതൽ തുകയോ, കുറവു തുകയോ ലഭിക്കുമോ?. രജത് പാട്ടിദാറിനെ അതിലും ചെറിയ തുകയ്ക്കു കിട്ടുമെന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ടുതന്നെ പാട്ടിദാറിനെ ലേലത്തിൽ വിളിച്ചെടുക്കാവുന്നതേയുള്ളൂ. ഇനി പാട്ടിദാറിന്റെ വില 11 കോടിക്ക് അടുത്തെത്തിയാലും ആർസിബിക്ക് ആർടിഎം ഉപയോഗിക്കാന്‍ സാധിക്കും. സിറാജിന്റെ കാര്യത്തിലും ഇങ്ങനെ ചെയ്യാൻ ആർസിബിക്കു കഴിയും.’’– ആർ.പി. സിങ് ഒരു ദേശീയ മാധ്യമത്തിലെ ചർച്ചയ്ക്കിടെ പ്രതികരിച്ചു.

നിലനിർത്തുന്ന 5 താരങ്ങൾക്കുമായി 75 കോടി രൂപയാണു ഫ്രാഞ്ചൈസികൾ നീക്കിവയ്ക്കേണ്ടത്. ആകെയുള്ള 120 കോടിയിൽ നിന്ന് 75 കോടി ഇത്തരത്തിൽ പോകുമ്പോൾ, ബാക്കി 45 കോടി രൂപയാണ് മെഗാ ലേലത്തിൽ ടീമുകൾക്ക് പരമാവധി ചെലവഴിക്കാൻ സാധിക്കുക. നിലനിർത്തുന്ന താരങ്ങൾ ഇന്ത്യക്കാരാകണമെന്ന് നിർബന്ധമില്ല. എന്നാൽ പരമാവധി 5 ക്യാപ്ഡ് താരങ്ങളെയും (5 വർഷത്തിനുള്ളിൽ രാജ്യാന്തര മത്സരം കളിച്ചവർ) 2 അൺ ക്യാപ്ഡ് (ഇന്ത്യൻ ആഭ്യന്തര താരങ്ങളും വിരമിച്ചവരും) താരങ്ങളെയും മാത്രമേ ടീമുകൾക്ക് നിലനിർത്താൻ കഴിയൂ. കുറഞ്ഞത് 18 താരങ്ങളും പരമാവധി 25 താരങ്ങളും ഓരോ ടീമിലും നിർബന്ധമായി വേണം.

English Summary:

RCB Asked To Retain Only Virat Kohli, Release Others Ahead Of IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com