ഇതാ, ശ്രീലങ്ക; ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽജയം ഇന്നിങ്സിനും 154 റൺസിനും
Mail This Article
ഗോൾ (ശ്രീലങ്ക)∙ എന്നോ നഷ്ടപ്പെട്ട ക്രിക്കറ്റിലെ കിരീടവും ചെങ്കോലും തിരിച്ചുപിടിക്കാൻ ഇതാ ശ്രീലങ്ക വരുന്നു! ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിലെ ഇന്നിങ്സിനും 154 റൺസിനുമുള്ള കൂറ്റൻ ജയത്തോടെ 15 വർഷത്തിനു ശേഷം കിവീസിനെതിരെ ലങ്ക ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ഒന്നാം ഇന്നിങ്സിൽ ശ്രീലങ്ക മുന്നോട്ടുവച്ച 5ന് 602 ഡിക്ലയേഡ് എന്ന സ്കോർ പിന്തുടർന്നിറങ്ങിയ കിവീസ്, ഒന്നാം ഇന്നിങ്സിൽ 88 റൺസിന് പുറത്തായിരുന്നു.
രണ്ടാം ഇന്നിങ്സിൽ ഫോളോ ഓൺ വഴങ്ങി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർക്ക് 360 റൺസ് നേടാനേ സാധിച്ചുള്ളൂ. 170 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ നിഷാൻ പെയ്റിസാണ് കിവീസിനെ രണ്ടാം ഇന്നിങ്സിൽ തകർത്തത്. സ്കോർ: ശ്രീലങ്ക ഒന്നാം ഇന്നിങ്സിൽ 5ന് 602 ഡിക്ലയേഡ്. കിവീസ് ഒന്നാം ഇന്നിങ്സ് 88. രണ്ടാം ഇന്നിങ്സ് 360 (ഫോളോ ഓൺ). ആദ്യ ഇന്നിങ്സിൽ 182 റൺസുമായി പുറത്താകാതെ നിന്ന ലങ്കൻ ബാറ്റർ കമിന്ദു മെൻഡിസാണ് പ്ലെയർ ഓഫ് ദ് മാച്ച്. രണ്ട് മത്സരത്തിലുമായി 18 വിക്കറ്റ് വീഴ്ത്തിയ ലങ്കയുടെ ഇടംകൈ സ്പിന്നർ പ്രഭാത് ജയസൂര്യ പ്ലെയർ ഓഫ് ദ് സീരീസായി.
ലങ്കയ്ക്ക് ഫൈനൽ പ്രതീക്ഷ
ന്യൂസീലൻഡിനെതിരായ പരമ്പര ജയത്തോടെ ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് ടേബിളിൽ ശ്രീലങ്ക രണ്ടാം സ്ഥാനത്തേക്ക് അടുത്തു. നിലവിൽ മൂന്നാം സ്ഥാനത്തുള്ള ലങ്കയും രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയും തമ്മിൽ 7 ശതമാനം പോയിന്റ് വ്യത്യാസമേയുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടു ടെസ്റ്റ് മത്സരങ്ങൾ കൂടിയാണ് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് മുൻപ് ബാക്കിയുള്ളത്. ഓസ്ട്രേലിയയ്ക്കാകട്ടെ ഇന്ത്യയ്ക്കെതിരായ 5 മത്സര പരമ്പരയും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ലങ്ക ജയിക്കുകയും ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ഓസ്ട്രേലിയ വൻ മാർജിനിൽ തോൽക്കുകയും ചെയ്താൽ രണ്ടാം സ്ഥാനക്കാരായി ലങ്കയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ എത്താം. നിലവിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയായിരിക്കും അവരുടെ എതിരാളി.